Connect with us

International

മാനിക്കാം മാതാവിനെ; വാഴ്ത്താം മാതൃ മഹത്വം

ഇന്ന് അന്താരാഷ്ട്ര മാതൃ ദിനമാണ്. സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ, കാരുണ്യത്തിന്റെ നിറകുടങ്ങളായ ലോകത്തെ എല്ലാ മാതാക്കള്‍ക്കുമായി സമര്‍പ്പിതമായ ദിനം.

Published

|

Last Updated

മക്കളെ സ്വജീവനെക്കാളേറെ സ്‌നേഹിക്കുന്ന, അവര്‍ക്കായി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാകുന്ന വാത്സല്യ നിധിയാണ് മാതാവ്. കുടുംബത്തിനു വേണ്ടിയുള്ള ആത്മസമര്‍പ്പണം കൂടിയാണ് ഓരോ മാതാവിന്റെയും ജീവിതം. ഇന്ന് അന്താരാഷ്ട്ര മാതൃ ദിനമാണ്. സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ, കാരുണ്യത്തിന്റെ നിറകുടങ്ങളായ ലോകത്തെ എല്ലാ മാതാക്കള്‍ക്കുമായി സമര്‍പ്പിതമായ ദിനം.

മാതാവിനെ ഓര്‍ക്കാന്‍ എന്തിനാണൊരു പ്രത്യേക ദിവസം എന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ ഇന്നത്തെ ആശാസ്യമല്ലാത്ത സാഹചര്യങ്ങള്‍ അതിന്റെ പ്രസക്തി വര്‍ധിപ്പിക്കുകയാണ്. പ്രസവിച്ച് അമ്മിഞ്ഞപ്പാല് പകര്‍ന്നു നല്‍കി വളര്‍ത്തി ആളാക്കിയ സ്വന്തം മാതാവിനെ അവഗണിക്കുകയും അവര്‍ക്ക് വേണ്ടത് ചെയ്തു കൊടുക്കുകയും ചെയ്യാത്തത് മാത്രമല്ല, അവരെ ക്രൂരമായി ആക്രമിക്കാനും വീട്ടില്‍ നിന്ന് തള്ളിപ്പുറത്താക്കാനും കൊലപ്പെടുത്താനും വരെ ചില കെട്ട മനസ്സുകള്‍ തയ്യാറാകുന്ന കാലത്ത് തീര്‍ച്ചയായും ഈ ദിനത്തിന്റെ പ്രസക്തി വര്‍ധിച്ചു വരികയാണ്. മാതാവില്‍ നിന്ന് എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച ശേഷം പ്രായമാകുമ്പോള്‍ അവരെ വൃദ്ധസദനത്തിലേക്ക് തള്ളുകയും ചെയ്യുന്ന മക്കളും എണ്ണത്തില്‍ കുറവല്ല.

മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്. 1908ല്‍ അമേരിക്കക്കാരിയായ അന്ന ജാര്‍വിസ് ആണ് ആദ്യമായി മാതൃദിനാചരണം സംഘടിപ്പിച്ചത്. ആഭ്യന്തര യുദ്ധത്തില്‍ പരുക്കേറ്റ സൈനികര്‍ക്ക് പരിചരണം നല്‍കുന്നതിനായി മദേഴ്സ് ഡേ വര്‍ക്ക് ക്ലബുകള്‍ സ്ഥാപിച്ച സമാധാന പ്രവര്‍ത്തകയായിരുന്ന തന്റെ മാതാവ് ആന്‍ റീവ്‌സ് ജാര്‍വിസിനെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് അന്ന ദിനാചരണം തുടങ്ങിവച്ചത്. കുടുംബത്തിനും രാജ്യത്തിനും വേണ്ടി ജീവിതം തന്നെ സമര്‍പ്പിച്ച അമ്മയുടെ ത്യാഗസന്നദ്ധതയെ ആദരിക്കുകയെന്നതായിരുന്നു അന്നയുടെ ലക്ഷ്യം. 1914ല്‍ അമേരിക്കയില്‍ മാതൃദിനം ഔദ്യോഗികമായി അംഗീകരിച്ചു.

ജീവനുതുല്യം സ്‌നേഹിക്കാം, ബഹുമാനിക്കാം, നെഞ്ചോടു ചേര്‍ത്തുപിടിക്കാം നമുക്ക് മാതാക്കളെ.

 

Latest