Business
ജനുവരിയിൽ റീട്ടെയിൽ പണപ്പെരുപ്പം 5.1 ശതമാനമായി കുറഞ്ഞു
ഭക്ഷ്യവസ്തുക്കളുടെ വിലയിടിവാണ് പണപ്പെരുപ്പം കുറയാനിടയാക്കിയത്.
ന്യൂഡൽഹി | 2024 ജനുവരിയിൽ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം 5.1 ശതമാനമായി കുറഞ്ഞു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണിത്. നേരത്തെ 2023 ഡിസംബറിൽ പണപ്പെരുപ്പം 5.69 ശതമാനമായിരുന്നു. നവംബറിൽ ഇത് 5.55 ശതമാനവും ഒക്ടോബറിൽ 4.87 ശതമാനവും സെപ്റ്റംബറിൽ 5.02 ശതമാനവുമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയിടിവാണ് പണപ്പെരുപ്പം കുറയാനിടയാക്കിയത്.
ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ പച്ചക്കറി വിലയിൽ കുറവുണ്ടായിട്ടുണ്ട്. ജനുവരിയിൽ പച്ചക്കറികളുടെ പണപ്പെരുപ്പ നിരക്ക് 27.6 ശതമാനത്തിൽ നിന്ന് 27 ശതമാനമായി കുറഞ്ഞു. മറുവശത്ത്, ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും പണപ്പെരുപ്പ നിരക്ക് ഡിസംബറിൽ -0.77% ആയിരുന്നത് -0.60% ആയി ഉയർന്നു.
ഭക്ഷ്യ പണപ്പെരുപ്പ നിരക്ക് 9.5 ശതമാനത്തിൽ നിന്ന് 8.3 ശതമാനമായി കുറഞ്ഞു. ഗ്രാമീണ പണപ്പെരുപ്പ നിരക്ക് 5.93 ശതമാനത്തിൽ നിന്ന് 5.34 ശതമാനമായി കുറഞ്ഞു. നഗരങ്ങളിലെ പണപ്പെരുപ്പ നിരക്ക് 5.46 ശതമാനത്തിൽ നിന്ന് 4.92 ശതമാനമായി കുറഞ്ഞു.
റീട്ടെയിൽ പണപ്പെരുപ്പം 4% ആയി നിലനിർത്തുക എന്നതാണ് ആർബിഐയുടെ ലക്ഷ്യം.