Connect with us

interview

തഹ്‌ലിയക്ക് എതിരായ നടപടി പ്രതികാരം വീട്ടല്‍; ലീഗിൽ ജനാധിപത്യം ഇല്ലാതായി: നജ്മ തബ്ശീറ

"ആദര്‍ശങ്ങള്‍ക്ക് ഉപരി പാര്‍ട്ടി വ്യക്തി കേന്ദ്രീകൃതമായിരിക്കുന്നുവെന്ന സംശയം ഉയര്‍ത്തുന്നതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍. അതുകൊണ്ട് തന്നെയാണ് ഇത്തരത്തില്‍ പരാതി പറയുന്നവരെ പുറത്താക്കാനും മറ്റും സാധിക്കുന്നത്. പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് അപ്പുറം കേവലം വ്യക്തിതാത്പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം" - തുറന്നുപറഞ്ഞ് നജ്മ തബ്ശീറ

Published

|

Last Updated

കോഴിക്കോട് | ലൈംഗികാധിക്ഷേപ പരാതിയില്‍ ഹരിത ഭാരവാഹികള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നതിന്റെ പേരില്‍ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയയെ ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കിയത് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ പ്രതികാര നടപടിയാണെന്ന് ഹരിത മുന്‍ ജനറല്‍ സെക്രട്ടറിയും പി കെ നവാസിന് എതിരെ ലൈംഗികാധിക്ഷേപ പരാതിനല്‍കുകയും ചെയ്ത നജ്മ തബ്ശീറ. സിറാജ്‌ലൈവിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഹരിതക്ക് വേണ്ടി സംസാരിച്ചതിന്റെ പേരിലാണ് ഫാത്തിമ തഹ്‌ലിയയെ എംഎസ്എഫ് ദേശീയ ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കിയത്. എങ്ങിനെ പ്രതികരിക്കുന്നു?

ഫാത്തിമ തഹ്‌ലിയക്ക് എതിരായ നടപടി അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. കാര്യങ്ങള്‍ ഗൗരവത്തില്‍ മനസ്സിലാക്കുകയും പ്രതികരിക്കുകയുമാണ് അവര്‍ ചെയ്തത്. പൊതുസമൂഹത്തിന് മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു എന്നതിന് അപ്പുറം മറ്റൊന്നും അവര്‍ ചെയ്തിട്ടില്ല. യൂത്ത് ലീഗ് നേതാക്കള്‍ക്ക് എതിരെ പരാതി ഉന്നയിച്ച ഹരിത ഭാരവാഹികളില്‍ ഉള്‍പ്പെട്ട ആളല്ല തഹ്‌ലിയ എന്നതും ശ്രദ്ധിക്കണം. ഹരിത നേതാക്കള്‍ക്ക് ഒപ്പം നിന്നു എന്നതിന്റെ പേരില്‍ മാത്രം തഹ്‌ലിയക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

തഹ്‌ലിയ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തി എന്നാണ് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്…

ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന ആരോപണം തീര്‍ത്തും വിരോധാഭാസമാണ്. പരാതി ഉന്നയിച്ചവരോട് ഐക്യപെട്ടതാണോ ഗുരുതരമായ കുറ്റം? സ്ത്രീത്വത്തെ അപമാനിച്ചവര്‍ക്ക് എതിരെ നടപടി വേണമെന്ന് പറയുന്നതാണോ തെറ്റ്?. കേരള മുസ് ലിം ലീഗിന്റെ നിര്‍ദേശപ്രകാരമാണ് നടപടി എന്ന് പ്രസ് റിലീസില്‍ കൃത്യമായി പറയുന്നുണ്ട്. അതിനര്‍ഥം ഇതൊരു പ്രതികാര നടപടിയാണ് എന്ന് തന്നെയാണ്.

മുസ്ലിം ലീഗ് പാര്‍ട്ടിയില്‍ ജനാധിപത്യം ഇല്ലാതാകുന്നു എന്നല്ലേ ഈ നടപടികള്‍ കാണിക്കുന്നത്?

പാര്‍ട്ടിക്കുള്ളില്‍ പരാതികള്‍ ഉന്നയിക്കാനുള്ള ഇടം എപ്പോഴും ഉണ്ടായിരുന്നു. മുന്‍കാലങ്ങളിലെല്ലാം ഇത്തരത്തില്‍ പരാതികള്‍ ഉണ്ടായപ്പോള്‍ അത് നേരായ രീതിയില്‍ പരിഹരിക്കപ്പെടു പോയിട്ടുമുണ്ട്. മറ്റു പാര്‍ട്ടികളില്‍ ഒന്നും ഇല്ലാത്ത വിധത്തില്‍ പരാതിപരിഹാര സംവിധാനം ഉണ്ടയിരുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. എന്നാല്‍ അടുത്ത കാലത്തായി അത്തരമൊരു സാഹചര്യം പാര്‍ട്ടിയില്‍ ഇല്ലാതായിരിക്കുന്നു. പരാതി പറയാനുള്ള ഇടം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടിയില്‍ ജനാധിപത്യം ഇല്ലാതാകുന്നു എന്ന് സംശയിക്കാം.

മുസ്ലിം ലീഗില്‍ ജനാധിപത്യം ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്?

ആദര്‍ശങ്ങള്‍ക്ക് ഉപരി പാര്‍ട്ടി വ്യക്തി കേന്ദ്രീകൃതമായിരിക്കുന്നുവെന്ന സംശയം ഉയര്‍ത്തുന്നതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍. അതുകൊണ്ട് തന്നെയാണ് ഇത്തരത്തില്‍ പരാതി പറയുന്നവരെ പുറത്താക്കാനും മറ്റും സാധിക്കുന്നത്. പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് അപ്പുറം കേവലം വ്യക്തിതാത്പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പാര്‍ട്ടിക്കുള്ളില്‍ വളരെ എളുപ്പത്തില്‍ തീര്‍ക്കാമായിരുന്ന ഒരു പ്രശ്‌നമാണ് പിന്നീട് സങ്കീര്‍ണമാക്കിത്തീര്‍ത്തത്.

ഏത് ഘട്ടത്തിലാണ് പരാതിയുമായി നിങ്ങള്‍ വനിതാ കമ്മീഷനെ സമീപിച്ചത്? കമ്മീഷനെ സമീപിക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തോട് നേരത്തെ പറഞ്ഞിരുന്നോ?

തങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ കേള്‍ക്കാനുള്ള താത്പര്യം പോലും പാര്‍ട്ടി നേതൃത്വത്തിന് ഇല്ല എന്ന് ഉറപ്പായ ഘട്ടത്തിലാണ് പരാതിയുമായി വനിത കമ്മീഷനെ സമീപിക്കാന്‍ തീരുമാനിച്ചത്. വനിതാ കമ്മീഷനെ സമീപിക്കുന്നതിന് മുമ്പ് പ്രശ്‌നം തീര്‍ത്തില്ലെങ്കില്‍ കമ്മീഷന് പരാതി നല്‍കുമെന്ന് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എംഎസ്എഫ് ദേശീയ കമ്മിറ്റി ഹരിത നേതാക്കളുമായി സംസാരിക്കുകയും അതനുസരിച്ച് പാര്‍ട്ടിക്ക് എഴുതി നല്‍കുകയും ചെയ്ത റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

അതിനോട് എന്തായിരുന്നു നേതാക്കളുടെ പ്രതികരണം?

നിങ്ങള്‍ വനിതാ കമ്മീഷന് പരാതി നല്‍കിക്കോളൂ എന്ന മറുപടിയാണ് നേതാക്കളില്‍ നിന്ന് ലഭിച്ചത്. അത്തരമൊരു സാഹചര്യത്തില്‍ പരാതിയുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയായിരന്നു. വ്യക്തിപരമായി തീര്‍ക്കാവുന്ന ഒരു പ്രശ്‌നം പാര്‍ട്ടിയെ ആകെ ബാധിക്കുന്ന പ്രശ്‌നമാക്കി മാറ്റിയതിന്റെ ഉത്തരവാദിത്വം ലീഗ് നേതാക്കള്‍ക്ക് തന്നെയാണ്. അതിന്റെ പേരിലുണ്ടായ അനാവശ്യ വിവാദങ്ങള്‍ക്ക് ഹരിത ഉത്തരവാദിയല്ല.

ഇനി ആരും ഇത്തരം വിഷയങ്ങള്‍ പരസ്യമായി ഉന്നയിക്കരുത് എന്ന താക്കീതാണ് തഹ്‌ലിയക്ക് എതിരായ നടപടിയിലൂടെ പാര്‍ട്ടി നല്‍കുന്നത്. എന്താണ് ഭാവി പരിപാടികള്‍?

ഞങ്ങൾ എല്ലാ കാലത്തും ഒരേ രീതിയിലാണ് പ്രവർത്തിച്ചുവന്നത്. അത് ഇനിയും തുടരും. ഹരിതയുടെ ഭാരവാഹിത്വത്തില്‍ നിന്ന് മാത്രമേ ഞങ്ങളെ പുറത്താക്കിയിട്ടുള്ളൂ. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടില്ല. അതിനാല്‍ തന്നെ മുസ്ലിം ലീഗിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നിന്ന് പ്രവര്‍ത്തിക്കും. വിശാലമായ ആശയാടിത്തറയുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ആ പാര്‍ട്ടി പഠിപ്പിച്ചത് അനുസരിച്ച് തന്നെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മുസ്ലിം ലീഗിന് മാന്യമായ അസ്ഥിത്വമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍.

ഹരിതയുടെ പുതിയ നേതൃത്വത്തോട് എന്താണ് പറയാനുള്ളത്?

ഏറ്റവും മനോഹരമായി പ്രവര്‍ത്തിക്കുകയും ഉയര്‍ന്ന നിലയില്‍ ചിന്തിക്കുകയും ചെയ്യണം എന്ന് മാത്രമേ അവരോട് പറയാനുള്ളൂ. ഹരിത എന്നത് നാലോ അഞ്ചോ ആളുകള്‍ മാത്രം ചേര്‍ന്നതല്ല. ക്യാമ്പസുകളില്‍ പഠിക്കുന്ന ഉശിരുള്ള ധാരാളം പെണ്‍കുട്ടികള്‍ ഉള്‍ക്കൊള്ളുന്ന സംവിധാനമാണ് അത്. താഴെക്കിടയില്‍ അത്തരത്തിലുള്ള ഒരുപാട് പെണ്‍കുട്ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരാണ് എംഎസ്എഫിന്റെയും ഹരിതയുടെയും ഭാവി പ്രതീക്ഷകള്‍. ഇപ്പോഴത്തെ പെണ്‍കുട്ടികളെ മനസ്സിലാക്കാന്‍ വിശാലമായ കാഴ്ചപ്പാട് ആവശ്യമാണ്.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest