Connect with us

monson alunkal

വിവാഹ ശേഷം നാടുവിട്ട് തിരിച്ചെത്തിയത് കോടിപതിയായി; മോൻസന്റെ ജീവിതം സിനിമ പോലെ ദുരൂഹം

പോലീസ് ഉദ്യോഗസ്ഥരടക്കം ഉന്നതരുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍ അധികാര കേന്ദ്രങ്ങളുമായും അടുപ്പം പുലര്‍ത്തി.

Published

|

Last Updated

ചേര്‍ത്തല | കഞ്ഞിക്കുഴിയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച മോന്‍സന്റെ ജീവിതം സിനിമാക്കഥ പോലെ ദുരൂഹതകള്‍ ഏറെ. വിവാഹത്തിന് ശേഷം നാട് വിട്ട ഇയാള്‍ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വന്നത് കോടിപതിയായാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ നിന്ന് ഡിപ്ലോമ നേടി. പിന്നീടായിരുന്നു എയ്ഡഡ് സ്‌കൂളിലെ അധ്യാപികയെ വിവാഹം ചെയ്തത്.

നാട് വിട്ട ഇയാള്‍ പിന്നീട് ഡോക്ടറുടെ മേല്‍വിലാസവും സമ്പാദിച്ചു. വടക്കേ അങ്ങാടി കവലക്ക് സമീപം വര്‍ഷങ്ങളോളം താമസിച്ചിരുന്നു. രാത്രി കാലങ്ങളിലടക്കം ഇവിടെ ആഡംബര വാഹനങ്ങള്‍ വന്ന് പോകുന്നത് പതിവായിരുന്നു. നാട്ടുകാര്‍ സംശയം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പള്ളിപ്പുറം എന്‍ എസ് എസ് കോളജ് കവലയില്‍ സൗന്ദര്യ വര്‍ധക ചികിത്സാ കേന്ദ്രവും നടത്തി. ഇതിനിടെയാണ് പുരാവസ്തു വ്യാപാരം ആരംഭിച്ചത്.

പോലീസ് ഉദ്യോഗസ്ഥരടക്കം ഉന്നതരുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍ അധികാര കേന്ദ്രങ്ങളുമായും അടുപ്പം പുലര്‍ത്തി. സെലിബ്രിറ്റികളുടെ അടുപ്പക്കാരനായി. നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ ഇയാള്‍ക്ക് ബിനാമി ഇടപാടുകള്‍ ഉള്ളതായി പോലീസ് സംശയിക്കുന്നു. കോടികള്‍ മുടക്കി സിനിമ താരങ്ങള്‍, പിന്നണി ഗായകര്‍ ഉള്‍പ്പെടെ അണിനിരത്തി ആഘോഷം സംഘടിപ്പിച്ചിരുന്നു. സ്വകാര്യ ഏജന്‍സിയിലെ സുരക്ഷാ ജീവനക്കാരുടെ നിയന്ത്രണത്തിലായിരുന്നു ആഘോഷം.

സാധാരണ കുടുംബത്തില്‍ ജനിച്ച് ആര്‍ഭാടം ജീവിതം നയിക്കുന്ന ഇയാളെ കുറിച്ച് നാട്ടുകാരില്‍ നേരത്തേ സംശയം ഉയര്‍ന്നിരുന്നു. ശനിയാഴ്ച ചേര്‍ത്തല വല്ലയില്‍ ഭാഗത്തെ വീട്ടില്‍ നിന്നാണ് ഇയാളെ എറണാകുളം ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.