Connect with us

From the print

മടങ്ങുന്നത് 4,592 സൂര്യോദയങ്ങൾ കണ്ട്; അത്രതന്നെ അസ്തമയങ്ങളും

ഭൂമിയിൽ ഒരു ദിവസം ഒരു സൂര്യോദയവും ഒരു അസ്തമയവും കാണുമ്പോൾ, ബഹിരാകാശ നിലയത്തിലെ യാത്രികർ ദിവസവും 16 സൂര്യോദയവും 16 അസ്തമയവും കാണുന്നു.

Published

|

Last Updated

വാഷിംഗ്‌ടൺ | എട്ട് ദിവസത്തെ ദൗത്യത്തിനെത്തി ഒന്പത് മാസം തങ്ങേണ്ടി വന്ന സുനിതാ വില്യംസും ബുച്ച് വിൽമറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങിയത് 4,592 സൂര്യോദയങ്ങൾ കണ്ട്. അത്ര തന്നെ അസ്തമയങ്ങൾക്കും ഇരുവരും സാക്ഷിയായി. 4.2 ലക്ഷം കിലോഗ്രാം ഭാരമുള്ള ബഹിരാകാശ നിലയം ഭൂമിയിൽ നിന്ന് 408 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ഭൂമിയെ ചുറ്റുന്നത്. സെക്കൻഡിൽ 7.6 കിലോമീറ്റർ വേഗത്തിലാണ് ഭ്രമണം. അതായത് മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗം. ഇത്രയും വേഗത്തിൽ കറങ്ങുന്നതു കൊണ്ടുതന്നെ ഒരു ദിവസവും അന്താരാഷ്ട്ര ബഹിരാകാശനിലയം ഭൂമിയെ 16 തവണ വലംവെക്കുന്നു. ഭൂമിയിൽ ഒരു ദിവസം ഒരു സൂര്യോദയവും ഒരു അസ്തമയവും കാണുമ്പോൾ, ബഹിരാകാശ നിലയത്തിലെ യാത്രികർ ദിവസവും 16 സൂര്യോദയവും 16 അസ്തമയവും കാണുന്നു.
അതിനിടെ, മറ്റൊരു ചരിത്ര സന്ദർഭം കൂടി സുനിതയുടെ പേരിൽ കുറിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ജനുവരി 31നായിരുന്നു അത്. ഏറ്റവും കൂടുതൽ സമയം സ്പേസ് വാക്ക് (ബഹിരാകാശ നടത്തം) ചെയ്ത വനിതയെന്ന റെക്കോർഡ് സുനിത വില്യംസിന് സ്വന്തമായ ദിനം. ഒന്പത് ബഹിരാകാശ നടത്തങ്ങളിലായി 62 മണിക്കൂറും ഒന്പത് മിനുട്ടുമാണ് സുനിത ബഹിരാകാശത്ത് നടന്നത്. നാസയുടെ ബഹിരാകാശ യാത്രിക പെഗ്ഗി വിൻസ്റ്റണിന്റെ റെക്കോർഡാണ് അവർ മറികടന്നത്. പത്ത് ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനുട്ടുമാണ് പെഗ്ഗിയുടെ ബഹിരാകാശ നടത്തം.

സ്റ്റാർലൈനറിൽ സംഭവിച്ചത്
ആശങ്കയുടെ ശൂന്യതയിലായിരുന്നു സാധാരണക്കാരനെ സംബന്ധിച്ച് സുനിതയുടെയും വിൽമോറിന്റെയും ബഹിരാകാശ നിലയത്തിലെ (ഐ എസ് എസ്) താമസം. ശാസ്ത്രലോകത്തിന് ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയും മടങ്ങിവരവും പതിവ് പദ്ധതി മാത്രമാണ്. യാത്രികരുടെ മടങ്ങിവരവിൽ കാലതാമസമുണ്ടാകുന്നതും ആദ്യമല്ല.
ബോയിംഗിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ബഹിരാകാശ നിലയത്തിലിറങ്ങിയ സുനിതയുടെയും വിൽമോറിന്റെയും മടങ്ങിവരവ് ദീർഘിപ്പിച്ചത് വാഹനത്തിലെ ഹീലിയം ചോർച്ചയും പ്രൊപ്പൽഷൻ സിസ്റ്റത്തിലെ തകരാറുമാണ്. ഈ പ്രശ്നങ്ങൾ സ്റ്റാർലൈനറിനെ മടക്കയാത്രക്ക് സുരക്ഷിതമല്ലാതാക്കി. കഴിഞ്ഞ സെപ്തംബറോടെ സ്റ്റാർലൈനറിനെ ആളില്ലാതെ ഭൂമിയിലേക്കു തിരിച്ചയക്കാൻ നാസ തീരുമാനിച്ചു. അതിനിടെ പല തവണ ഇരുവരുടെയും തിരിച്ചുവരവ് നിശ്ചയിച്ചെങ്കിലും നീട്ടിവെക്കപ്പെട്ടു. ഇത് വലിയ ആശങ്കകൾക്ക് ഇടനൽകി.
എന്നാൽ, അപ്രതീക്ഷിത സാഹചര്യങ്ങൾക്കിടയിലും അവർ മൈക്രോഗ്രാവിറ്റിയിലെ ജീവിതവുമായി പൊരുത്തപ്പെട്ടു. ഐ എസ് എസ് പ്രവർത്തനങ്ങളിൽ അവർ തുടരുകയും ചെയ്തു. അപ്പോഴൊക്കെ, സുരക്ഷിതമായ തിരിച്ചുവരവിനുള്ള പദ്ധതികൾ നാസ ആലോചിക്കുന്നുണ്ടായിരുന്നു. ഒടുവിലാണ് ക്രൂ- ഒന്പത് ദൗത്യത്തിന്റെ ഭാഗമായി സുനിതക്കും വിൽമോറിനും സ്പേസ് എക്സ് ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ തിരിച്ചെത്താൻ നാസ ക്രമീകരണം ചെയ്തത്.

സുനിതക്ക് ഇന്ത്യയിലേക്ക് ക്ഷണം
ന്യൂഡൽഹി | ബഹിരാകാശ ദൗത്യത്തിനു ശേഷം ഭൂമിയിലേക്ക് മടങ്ങുന്ന സുനിത വില്യംസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്.
മടക്കയാത്രക്ക് ശേഷം ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചുകൊണ്ടാണ് കത്ത്.കുടുംബസമേതം ഇന്ത്യയിലേക്ക് വരണമെന്ന് കത്തിൽ പറയുന്നു. സുനിതക്കും വിൽമോറിനും നരേന്ദ്ര മോദി ശുഭയാത്രയും നേർന്നു.

Latest