National
അധികാരത്തിലെത്തിയാല്‍ ബിജെപി സംവരണങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് രേവന്ദ് റെഡ്ഡി
എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള ക്വാട്ട ഇല്ലാതാക്കാന്‍ തിരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം.
ഹൈദരാബാദ് | പിന്നാക്ക സമുദായങ്ങളുടെയും പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ടവരുടെയും സംവരണം പൂര്‍ണ്ണമായും ഇല്ലാതാക്കാനാണ് ബിജെപി പദ്ധതിയിടുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ആര്‍എസ്എസിന്റെ ശതാബ്ദി വര്‍ഷമായ 2025ഓടെ ബിജെപി സംവരണം പൂര്‍ണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമം. സംവരണം ഇല്ലാതാക്കുന്നതിനെ കുറിച്ച് ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ പലതവണ സംസാരിച്ചിട്ടുണ്ടെന്നും രേവന്ദ് റെഡ്ഡി പറഞ്ഞു.എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള ക്വാട്ട ഇല്ലാതാക്കാന്‍ തിരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം.
ബുധനാഴ്ച മധ്യപ്രദേശില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് റെഡ്ഡിയുടെ പ്രസ്താവന. തെലങ്കാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി മുസ്ലിംകള്‍ക്ക് സംവരണം ഉറപ്പാക്കും എന്ന് പറഞ്ഞ് രേവന്ത് റെഡ്ഡിക്കെതിരെ മോദി സംസാരിച്ചിരുന്നു.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നിര്‍ദ്ദേശിക്കുന്ന മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ബിജെപി മുമ്പ് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് സംവരണം ഉറപ്പാക്കുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.