thelunkana
കോണ്‍ഗ്രസ്സിന്റെ വിജയം ഉറപ്പിച്ചത് രേവന്ത് റെഡ്ഡിയുടെ ജനപ്രിയത
രേവന്ത് റെഡ്ഡിയുടെ പ്രവര്‍ത്തന ശൈലി തികച്ചും വ്യത്യസ്തമായിരുന്നു.
ന്യൂഡല്‍ഹി | തെലങ്കാനയില്‍ വിജയം സ്വപ്നം കണ്ട ഭാരത് രാഷ്ട്ര സമിതിയുടെ അടിതറ ഇളക്കിയത് രേവന്ത് റെഡ്ഡിയുടെ ജനകീയത.
രേവന്ത് റെഡ്ഡിയുടെ പ്രവര്‍ത്തന ശൈലി തികച്ചും വ്യത്യസ്തമായിരുന്നു. തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നിട്ടും അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി പാര്‍ട്ടി അണികള്‍ക്കുള്ളില്‍ തന്നെ നിരവധി വിമര്‍ശകരെ നേടിക്കൊടുത്തു. എന്നാല്‍ ജനങ്ങളില്‍ വേരുറപ്പിച്ചു കൊണ്ടുള്ള ഈ 54 കാരനന്റെ പ്രചാരണ തന്ത്രങ്ങള്‍ തന്നെയാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ്സിനെ സാഹായിച്ചത്.
2017ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന റെഡ്ഡി നിലവില്‍ മല്‍കജ്ഗിരി ലോക്സഭാ അംഗമാണ്. 2021 ജൂലൈയില്‍ തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഭരണകക്ഷിയായ ബി ആര്‍ എസ് സര്‍ക്കാരിനെതിരായ നിരവധി വിഷയങ്ങളില്‍ തെരുവ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഭരണകക്ഷിയുടെ പല തെറ്റായ നിലപാടുകളും ജനങ്ങളെ ബോധ്യപെടുത്തിയും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ അവര്‍ക്കൊപ്പം നിലയുറപ്പിച്ചും റെഡ്ഡി ജനപ്രിയനായി.
പ്രാദേശിക രാഷ്ട്രീയം തെരെഞ്ഞെടുപ്പ് ഫലങ്ങളില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെുന്നുള്ള കര്‍ണാടകയിലെ പാഠം ഉള്‍ക്കൊണ്ട്, പാര്‍ട്ടിക്കുള്ളിലെ എതിരാളികളുടെ പ്രതിഷേധം വകവെക്കാതെ കോണ്‍ഗ്രസ് നേതൃത്വം റെഡ്ഡിയെ പിന്തുണച്ചു. വമ്പിച്ച റാലികളെ അദ്ദേഹം അഭിസംബോധന ചെയ്തു. പാര്‍ട്ടിയുടെ ദേശീയ മുഖങ്ങള്‍ക്കൊപ്പം നിരന്തരം റെഡ്ഡി പ്രത്യക്ഷപെട്ടു. ഒരു വലിയ നേതാവായി റെഡ്ഡിയെ ഉയര്‍ത്തുന്നതില്‍ ഇതെല്ലാം പ്രധാന ഘടകളായി മാറി.
കെ സി ആറിനെതിരായ മത്സരാര്‍ഥിയായി റെഡ്ഡിയെ ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തത് റെഡിയുടെ പ്രതിച്ഛായ ഉയര്‍ത്തി. 2014-ല്‍ ആന്ധ്രാപ്രദേശില്‍ നിന്നു തെലങ്കാന വിഭജിക്കപ്പെട്ടതു മുതല്‍ എല്ലാതിരഞ്ഞെടുപ്പിലും യാതൊരു സംശയവും കൂടാതെ ജനങ്ങള്‍ വോട്ടുചെയ്ത ഭാരത് രാഷ്ട സമിതിയുടെ കടപുഴക്കുന്ന വിജയമാണ് അദ്ദേഹം കോണ്‍ഗ്രസ്സിനു സമ്മാനിച്ചത്.
കോണ്‍ഗ്രസ്സ് വിജയം ഉറപ്പാക്കിയാല്‍ മുഖ്യമന്ത്രി ആവുമോ എന്ന ചോദ്യത്തിന് സ്‌ക്രീനിംഗ് കമ്മിറ്റിയും സെലക്ഷന്‍ കമ്മിറ്റിയുമും ഉള്‍പെടെ കോണ്‍ഗ്രസ്സിന് അതിന്റേതായ പ്രക്രിയകള്‍ ഉണ്ടെന്നും പി സി സി അധ്യക്ഷന്‍ എന്ന നിലയില്‍ താന്‍ ഹൈക്കമാന്‍ഡിന്റെ എല്ലാ ഉത്തരവുകളും അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നുമായിരുന്നു റെഡിയുടെ മറുപടി.