National
കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ മറ്റന്നാൾ
രാഹുൽ ഗാന്ധിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഹൈദരാബാദ് | കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയാകും. രാഹുൽ ഗാന്ധിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന പാർട്ടി യോഗത്തിലാണ് രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. രാഹുൽ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ദേശീയ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. നാല് സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ തെലുങ്കാനയിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കാൻ കോൺഗ്രസിനെ സഹായിച്ച യുവ നേതാവാണ് രേവന്ത്.
ഹൈദരാബാദിൽ നടക്കുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരിക്കും രേവന്ത് റെഡ്ഡിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ഡിസംബർ ഏഴിന് രാവിലെ 11 മണിക്ക് രേവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
നേരത്തെ ഡിസംബർ ആറിനായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാൽ പാർട്ടിയിലെ എതിർപ്പിനെത്തുടർന്ന് അത് റദ്ദാക്കേണ്ടിവന്നു. മുൻ തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എൻ ഉത്തം കുമാർ റെഡ്ഡി, മുൻ സിഎൽപി നേതാവ് ഭട്ടി വിക്രമർക്ക, മുൻ മന്ത്രി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, മുൻ ഉപമുഖ്യമന്ത്രി ദാമോദർ രാജനരസിംഹ തുടങ്ങിയവരാണ് രേവന്ത് മുഖ്യമന്ത്രിയാകുന്നതിനെ എതിർക്കുന്നത്. അഴിമതി ആരോപണമാണ് ഇവർ രേവന്തിന് എതിരെ ഉയർത്തുന്നത്.
ഇതാദ്യമായല്ല രേവന്ത് റെഡ്ഡി പാർട്ടിയിൽ എതിർപ്പ് നേരിടുന്നത്. നേരത്തെ 2021ൽ അദ്ദേഹത്തിന് തെലങ്കാന കോൺഗ്രസിന്റെ ചുമതല നൽകിയിരുന്നു. അന്നും അദ്ദേഹം കോടിക്കണക്കിന് രൂപ നൽകി പദവി നേടിയെന്ന ആരോപണം ഉയർന്നിരുന്നു.