National
രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി ചുമതലയേറ്റു
ഉപമുഖ്യമന്ത്രിയായി മല്ലു ബട്ടി വിക്രമാർക്കയും 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി.
ഹൈദരാബാദ് | തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. ഹൈദരാബാദിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ തമിഴിസൈ സൗന്ദരരാജൻ റെഡ്ഡിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. റെഡ്ഡിക്കൊപ്പം ഉപമുഖ്യമന്ത്രിയായി മല്ലു ബട്ടി വിക്രമാർക്കയും 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി.
കോമട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡി, പൊന്നം പ്രഭാകർ, ദാസരി അനസൂയ, ദാമോദർ രാജ നരസിംഹ, ഡി ശ്രീധർ ബാബു, തുമ്മല നാഗേശ്വര റാവു, പൊങ്കുലേട്ടി ശ്രീനിവാസ റെഡി, കൊണ്ട സുരേഖ, ജുപ്പള്ളി കൃഷ്ണറാവു എന്നിവരാണ് രേവന്ത് മന്ത്രിസഭയിലെ അംഗങ്ങൾ.
സത്യപ്രതിജ്ഞാ ചടങ്ങിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപെടെയുള്ള ഗാന്ധി കുടുംബാംഗങ്ങളും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരും സന്നിഹിതരായിരുന്നു.
2014ൽ തെലങ്കാന രൂപീകരിച്ചതു മുതൽ സംസ്ഥാനം ഭരിച്ചിരുന്ന കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതിയെ 119 നിയമസഭാ സീറ്റുകളിൽ 65 എണ്ണത്തിലും പരാജയപ്പെടുത്തിയായിരുന്നു കോൺഗ്രസ്സിന്റെ മിന്നും ജയം. ടൈഗർ രേവന്ത് എന്ന് അനുയായികൾ വിശേഷിപ്പിക്കുന്ന രേവന്ത് റെഡ്ഡിയാണ് കോൺഗ്രസിന്റെ വിജയത്തിൽ പ്രധാന പങ്കും വഹിച്ചത്.
തെലങ്കാനയുടെ പുരോഗതിക്ക് തന്റെ പൂർണ പിന്തുണ ഉറപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി റെഡ്ഡിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.