Connect with us

mallikarjun kharghe

ഖാര്‍ഗെ അനാവൃതമാക്കുന്നത്

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ബി ജെ പിക്കാരുടെ വീട്ടിലെ വളര്‍ത്തുപട്ടിക്ക് പോലും ജീവന്‍ ത്യജിക്കേണ്ടി വന്നിട്ടില്ലെന്ന ഖാര്‍ഗെയുടെ പ്രസ്താവന പതിവു പോലെ ഗോഡി മീഡിയകള്‍ തമസ്‌കരിച്ചെങ്കിലും പാര്‍ലിമെന്റിന്റെ ഇരു സഭകളും ബി ജെ പി അംഗങ്ങള്‍ പ്രക്ഷുബ്ധമാക്കിയതു വഴി വലിയ ചര്‍ച്ചകള്‍ക്കും ചരിത്ര വിശകലനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

Published

|

Last Updated

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ അല്‍വറില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വെച്ചാണ് സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത ആര്‍ എസ് എസിന്റെ രാജ്യസ്‌നേഹ കാപട്യം എ ഐ സി സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിശിത വിമര്‍ശനത്തിന് വിധേയമാക്കിയത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ബി ജെ പിക്കാരുടെ വീട്ടിലെ വളര്‍ത്തുപട്ടിക്ക് പോലും ജീവന്‍ ത്യജിക്കേണ്ടി വന്നിട്ടില്ലെന്ന പ്രസ്താവന പതിവു പോലെ ഗോഡി മീഡിയകള്‍ തമസ്‌കരിച്ചെങ്കിലും പാര്‍ലിമെന്റിന്റെ ഇരു സഭകളും ബി ജെ പി അംഗങ്ങള്‍ പ്രക്ഷുബ്ധമാക്കിയതു വഴി വലിയ ചര്‍ച്ചകള്‍ക്കും ചരിത്ര വിശകലനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. നരേന്ദ്ര മോദിയെയും കോര്‍പറേറ്റ് കൂട്ടാളികളെയും നിരന്തരം വിമര്‍ശിക്കുകയും കടന്നാക്രമിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ രീതി മറ്റുപല പ്രതിപക്ഷ നേതാക്കള്‍ക്കും പതിവുള്ളതല്ല. ഒരുവേള നടത്തുന്ന വിമര്‍ശനത്തിന്റെ പരുക്ക് മാറ്റാന്‍ തുടര്‍ന്ന് മൃദുസ്വരം മീട്ടുന്ന ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ഫാസിസത്തിനെതിരായ പോരാട്ടം വെള്ളം ചേര്‍ക്കാനുള്ളതല്ല എന്ന ഉറച്ച സന്ദേശമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനയിലൂടെയും അതിനു ശേഷമുള്ള നിലപാടിലൂടെയും വ്യക്തമാകുന്നത്.

അപ്രിയ സത്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പോയിട്ട് കേള്‍ക്കാന്‍ പോലും ബി ജെ പി ഇഷ്ടപ്പെടുന്നില്ല. അരുണാചല്‍ തവാങ്ങിലെ നിയന്ത്രണ രേഖക്കു സമീപത്തെ ചൈനീസ് അതിക്രമം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ല എന്ന നിലപാടാണ് അവര്‍ ലോക്‌സഭയില്‍ സ്വീകരിച്ചത്. യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറിയുമൊക്കെ പ്രസ്താവനകള്‍ പുറപ്പെടുവിച്ച ഒരു വിഷയത്തില്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് ശബ്ദിക്കാന്‍ പോലും അവകാശമില്ല എന്നാണ് ബി ജെ പിയുടെ നിലപാട്. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച രാഹുല്‍ ഗാന്ധിയെ രാജ്യ താത്പര്യത്തിന് എതിര് നില്‍ക്കുന്നയാളെന്നും പട്ടാളക്കാരുടെ മനോവീര്യം തകര്‍ക്കുന്നുവെന്നും പറഞ്ഞാണ് ബി ജെ പി നേരിട്ടത്. ഈ സാഹചര്യത്തിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസ്താവന നടത്തിയത്.

പാര്‍ലിമെന്റില്‍ ഉയരാനിടയുള്ള വിമര്‍ശനങ്ങളെ ബി ജെ പി ഭയക്കുന്നതിനു കാരണം പ്രധാനമന്ത്രിയുടെയും വിദേശ നയങ്ങളുടെയും വീഴ്ചകളും പരാജയങ്ങളുമാണ്. അയല്‍ക്കാരില്‍ പാക്കിസ്ഥാനും ബംഗ്ലാദേശിനും പുറമെ ശ്രീലങ്കയും മ്യാന്‍മറും നേപ്പാളും വരെ ഇന്ത്യയേക്കാള്‍ ചൈനീസ് താത്പര്യങ്ങളോട് കൂറ് പുലര്‍ത്തുന്നവരാണെന്ന് കരുതപ്പെടുന്നു. 2020 ജൂണില്‍ ഗല്‍വാനില്‍ ഇരുപത് ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടതിലും, 2021 ജനുവരിയില്‍ സിക്കിമിലും സെപ്തംബര്‍ 2021ല്‍ ലഡാക്കിലും നേര്‍ക്കുനേര്‍ ഉണ്ടായ ഉരസലുകളിലുമൊക്കെ കേന്ദ്ര സര്‍ക്കാര്‍ വലിയ പഴികള്‍ ഏറ്റുവാങ്ങിയിരുന്നു.

ചൈനീസ് ധനസഹായ ആരോപണങ്ങളുമുയരുന്നുണ്ട്. അംബാനി സ്‌പോണ്‍സര്‍ ചെയ്യുന്ന ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ അമേരിക്കന്‍ ഘടകത്തിന് ചൈനീസ് എംബസിയുടെ വലിയ സാമ്പത്തിക സഹായം ലഭിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ മകന്‍ ധ്രുവ് ജയ്ശങ്കറാണ് ഫൗണ്ടേഷന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ആര്‍ എസ് എസ് സൈദ്ധാന്തികന്‍ റാംമാധവ് നേതൃത്വം നല്‍കുന്ന ദ ഇന്ത്യ ഫൗണ്ടേഷനും സമാന ആരോപണത്തിന്റെ നിഴലിലാണ്.

ആര്‍ എസ് എസും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും!

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസംഗവും പ്രയോഗവും ആര്‍ എസ് എസിന്റെ ഭൂതകാലവും ദേശഭക്തി ചമയലിന്റെ വൈരുധ്യവും അനാവൃതമാക്കുന്നുണ്ട്. 1930ല്‍ ഗാന്ധിജി ദണ്ഡി യാത്രയും ഉപ്പു സത്യഗ്രഹവും പ്രഖ്യാപിച്ച വേളയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന പ്രത്യേക സന്ദേശം സ്ഥാപകനായ ഹെഡ്‌ഗേവാര്‍ കേഡറുകള്‍ക്ക് കൈമാറിയിരുന്നു. കുടുംബം മുന്നോട്ട് കൊണ്ടുപോകാനുള്ള നീക്കിയിരിപ്പ് മാറ്റിവെച്ച് ജയില്‍വാസം വരിക്കാന്‍ മുന്നോട്ടുവന്ന പ്രവര്‍ത്തകരോട്, ബ്രിട്ടനെതിരെ ജയിലില്‍ പോകുന്നതിനു പകരം ആര്‍ എസ് എസിനു ജീവിതം സമര്‍പ്പിക്കാനാണ് അന്ന് ഹെഡ്‌ഗേവാര്‍ ആവശ്യപ്പെട്ടത്. ക്വിറ്റ് ഇന്ത്യ സമരകാലത്ത് സ്വാതന്ത്ര്യ സമര ഭടന്‍മാരെ തല്ലിച്ചതക്കാനും അടിച്ചമര്‍ത്താനും ആഭ്യന്തര സുരക്ഷാ സംഘമെന്ന പേരില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപവത്കരിച്ച സിവിക് ഗാര്‍ഡില്‍ ചേരാന്‍ ആര്‍ എസ് എസുകാര്‍ കൂട്ടമായി വരി നില്‍ക്കുകയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് കൂറും വിധേയത്വവും പുലര്‍ത്തുന്ന മാതൃകാ സംഘമായി ആര്‍ എസ് എസിനെ പ്രകീര്‍ത്തിക്കുന്ന അക്കാലത്തെ നിരവധി ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് രേഖകള്‍ ആര്‍ക്കൈവ്‌സില്‍ ലഭ്യമാണ്. ബോംബെ പ്രസിഡന്‍സിയില്‍ യുവാക്കളെ സര്‍ക്കാറിനനുകൂലമായി അണി നിരത്തുന്നതില്‍ ആര്‍ എസ് എസിന്റെ ത്യാഗപൂര്‍ണമായ പങ്കിനെ ബ്രിട്ടീഷ് രേഖകള്‍ എടുത്തു പറയുന്നുണ്ട്.

1947 ആഗസ്റ്റ് 15ന് റെഡ്‌ഫോര്‍ട്ടില്‍ യൂനിയന്‍ ജാക്കിനു പകരം മൂവര്‍ണ പതാക എന്നെന്നേക്കുമായി ജവഹര്‍ലാല്‍ നെഹ്‌റു ഉയര്‍ത്തിയ കാഴ്ചയെ ലോകം മുഴുവന്‍ വികാര പാരവശ്യത്തോടെ കൈകൂപ്പി വീക്ഷിച്ചപ്പോള്‍ ആര്‍ എസ് എസ് ജിഹ്വയായ ഓര്‍ഗനൈസര്‍ ചെയ്തത് ദേശീയ പതാക അപമാനവും ഹാനികരവുമാണെന്ന് പത്രാധിപക്കുറിപ്പ് എഴുതുകയായിരുന്നു. ഭരണഘടനാ നിര്‍മാണ സഭ ആഴത്തിലുള്ള ചര്‍ച്ചകളും പഠനങ്ങളും നടത്തുന്ന വേളയില്‍ മനുസ്മൃതിക്കു വേണ്ടിയുള്ള വലിയ പ്രചാരണങ്ങളില്‍ ആര്‍ എസ് എസ് നേതാക്കള്‍ വ്യാപൃതരായി. വൈദേശിക നിയമങ്ങളെ പുല്‍കുന്നുവെന്ന ആരോപണങ്ങളാണ് അന്ന് ഭരണഘടനക്കെതിരെ ഉയര്‍ന്നത്. ഭരണഘടന പൂര്‍ത്തിയാക്കി ഇന്ത്യ റിപബ്ലിക്കായി പ്രഖ്യാപനം നടത്തിയ വേളയില്‍ “മനു റൂള്‍സ് അവര്‍ ഹര്‍ട്ട്‌സ്’ (മനു ഞങ്ങളുടെ ഹൃദയങ്ങളെ നയിക്കുന്നു) എന്നായിരുന്നു ഓര്‍ഗനൈസറിന്റെ എഡിറ്റോറിയല്‍ തലക്കെട്ട്.

ഗാന്ധിവധത്തില്‍ പങ്കില്ലായെന്ന വാദം ആര്‍ എസ് എസ് ഉയര്‍ത്താറുണ്ട്. ഗാന്ധി വധത്തിനു മുന്നോടിയായി താന്‍ ആര്‍ എസ് എസില്‍ നിന്ന് രാജിവെച്ചിരുന്നുവെന്ന വിചാരണാ വേളയിലെ ഗോഡ്‌സെയുടെ മൊഴിയാണ് ഉപോല്‍ബലകമായി അവര്‍ ഉയര്‍ത്തിക്കാട്ടാറുള്ളത്. എന്നാല്‍ സവര്‍ക്കറിനെയും ഗോള്‍വാള്‍ക്കറെയും കൂടുതല്‍ കുഴപ്പത്തിലാക്കാതിരിക്കാന്‍ നാഥുറാം കോടതിയില്‍ കളവു പറയുകയായിരുന്നുവെന്ന് പില്‍ക്കാലത്ത് സഹോദരനും കൂട്ടുപ്രതിയുമായ ഗോപാല്‍ ഗോഡ്‌സെ ഫ്രന്റ്‌ലൈനിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 1948 ജനുവരി 30, വെള്ളിയാഴ്ച ഒരു സദ് വാര്‍ത്ത വരുന്നുണ്ടെന്നും റേഡിയോ ട്യൂണ്‍ ചെയ്യാനും മധുര വിതരണം ചെയ്യാനും പ്രവര്‍ത്തകര്‍ തയ്യാറെടുക്കണമെന്നും സംഘടന അനൗദ്യോഗികമായി ആശയവിനിമയം നടത്തിയതിന്റെ തെളിവുകള്‍ ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍ എസ് എസിനെ നിരോധിച്ച റിപോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. ബ്രിട്ടനെതിരെ പൊരുതി രക്തസാക്ഷിത്വം വരിച്ച ധീര ദേശാഭിമാനികളായ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, രാജ്ഗുരു, സുഖ്‌ദേവ്, അശ്ഫാഖുല്ലാഹ് ഖാന്‍ തുടങ്ങിയവരെക്കുറിച്ച് സ്വാതന്ത്ര്യത്തിനു മുമ്പോ പിമ്പോ ഏതെങ്കിലും തരത്തിലുള്ള അനുസ്മരണവും ആദരവും സംഘ്പരിവാര്‍ നടത്തിയതായി അറിവില്ല.

ദ്വിരാഷ്ട്ര സിദ്ധാന്തവും പാക്കിസ്ഥാന്‍ വാദവും സര്‍വേന്ത്യാ മുസ്‌ലിം ലീഗ് ഔദ്യോഗിക പ്രമേയമാക്കി അവതരിപ്പിച്ച് പാസ്സാക്കുന്നത് 1940ലെ ലാഹോര്‍ സമ്മേളനത്തിലായിരുന്നു. എന്നാല്‍ ദ്വിരാഷ്ട്ര സിദ്ധാന്തം കാര്യകാരണ സഹിതം ആദ്യമായി ഇന്ത്യയില്‍ അവതരിക്കപ്പെടുന്നത് അതിനും മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 1937ല്‍ അലഹബാദില്‍ ചേര്‍ന്ന ഹിന്ദുമഹാസഭ സമ്മേളനത്തില്‍ വി ഡി സവര്‍ക്കറാണ് ആ വാദം സ്ഥാപിച്ചത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികമായി ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ഒരു മുദ്രാവാക്യം ‘ഹിന്ദു ഖത്രേ മേം ഹേ’ (ഹിന്ദു അപകടത്തിലാണ്) എന്നതാണ്. 1937ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയെ തുടര്‍ന്ന് മുഹമ്മദലി ജിന്നയും സര്‍വേന്ത്യാ ലീഗും ഉയര്‍ത്തിയ “ഇസ്‌ലാം ഇന്‍ ഡേഞ്ചര്‍’ എന്ന മുദ്രാവാക്യവുമായി അതിനു സാമ്യം തോന്നുന്നത് കേവലം യാദൃച്ഛികമല്ല.

1937ലെ 11 പ്രവിശ്യകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എട്ടെണ്ണത്തില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ രൂപവത്കരിച്ചു. സര്‍വേന്ത്യാ മുസ്‌ലിം ലീഗ് അഞ്ച് ശതമാനം വോട്ട് മാത്രമാണ് നേടിയത്. സിന്ധിലും നോര്‍ത്ത് വെസ്റ്റ് ഫ്രന്റിയര്‍ പ്രൊവിന്‍സിലും പൂജ്യം സീറ്റ് നേടിയ ലീഗ് പഞ്ചാബില്‍ ഒന്നില്‍ വിജയിച്ചു. ബംഗാളില്‍ പ്രകടനം ദയനീയമായി. മുസ്‌ലിം ഹൃദയ ഭൂമികളായ പഞ്ചാബിലും ബംഗാളിലും വരെ പ്രകടനം ശോചനീയമായപ്പോഴാണ് ജിന്ന, ഇസ്‌ലാം അപകടത്തിലാണ് എന്ന വര്‍ഗീയ മുദ്രാവാക്യവുമായി പര്യടനം ആരംഭിച്ചത്. ലീഗ് വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തി. 1946ലെ പ്രവിശ്യാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ രാഷ്ട്രീയം ഫലം കണ്ടു. 21 ശതമാനം വോട്ടോടെ നാലിരട്ടിയിലേറെ സീറ്റുനില വര്‍ധിപ്പിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തിനു മുന്നോടിയായി കോണ്‍ഗ്രസ്സ് പ്രവിശ്യാ സര്‍ക്കാറുകള്‍ രാജി വെച്ചൊഴിഞ്ഞു. ബംഗാളിലും സിന്ധിലും നോര്‍ത്ത് വെസ്റ്റ് ഫ്രന്റിയര്‍ പ്രൊവിന്‍സിലും സര്‍വേന്ത്യാ മുസ്‌ലിം ലീഗ് – ഹിന്ദു മഹാസഭ മുന്നണികളാണ് പകരം അധികാരത്തിലേറിയത്.

ബംഗാളിലെ ഫസലുല്‍ ഹഖ് മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി ശ്യാമപ്രസാദ് മുഖര്‍ജി സ്ഥാനമേറ്റു. സിന്ധിലെ ചൗധരി ഇഫ്തിഖാറുദ്ദീന്‍ ഖാന്‍ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായി ഹിന്ദു മഹാസഭയിലെ ഡോ. ഹേമന്ദ് ദാസും സത്യപ്രതിജ്ഞ ചെയ്തു. ഇക്കാലയളവിലാണ് ചരിത്രത്തിലാദ്യമായി ഒരു പ്രവിശ്യാ നിയമസഭ ഔദ്യോഗികമായി പാക്കിസ്ഥാന്‍ പ്രമേയം പാസ്സാക്കിയത്. സിന്ധ് നിയമസഭയില്‍ ജി എം സെയ്ദാണ് പ്രമേയം അവതരിപ്പിച്ചത്.
തങ്ങള്‍ ഇന്ന് സ്ഥാപിച്ചെടുക്കാന്‍ പണിപ്പെടുന്ന മുഴുവന്‍ പരിവേഷങ്ങളെയും പല്ലിളിച്ച് കാട്ടുന്ന അന്ധകാരം നിറഞ്ഞ ഭൂതകാലമാണ് ആര്‍ എസ് എസിന് സ്വന്തമായുള്ളത്. പാഴ്മുറം കൊണ്ട് മൂടിവെച്ച അതൊന്നും എപ്പോഴും മറഞ്ഞിരിക്കുകയില്ല എന്നവര്‍ക്ക് മനസ്സിലാകുന്നുണ്ട്.

Latest