National
നിതീഷ് കുമാറിന് ഇന്ത്യ സഖ്യം പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തുവെന്ന് വെളിപ്പെടുത്തൽ; നിഷേധിച്ച് കോൺഗ്രസ്
പ്രധാനമന്ത്രിയാകാൻ ഇന്ത്യാ സംഘം നിതീഷ് കുമാറിനെ സമീപിച്ചതായി പാർട്ടിക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ
ന്യൂഡൽഹി | ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) തലവനുമായ നിതീഷ് കുമാറിന് ഇന്ത്യാ സഖ്യം പ്രധാനമന്ത്രി പദം വരെ വാഗ്ദാനം ചെയ്തുവെന്ന് വെളിപ്പെടുത്തൽ. ജെ ഡി യു നേതാവ് കെസി ത്യാഗി ആജ്തക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ആ വാഗ്ദാനം അദ്ദേഹം നിരസിച്ചുവെന്നും ത്യാഗി വ്യക്തമാക്കി. അതേസമയം, ഇക്കാര്യം കോൺഗ്രസ് നിഷേധിച്ചു.
‘നിതീഷ് കുമാറിന് ഇന്ത്യാ ബ്ലോക്കിൽ നിന്ന് പ്രധാനമന്ത്രിയാകാൻ ഒരു ഓഫർ ലഭിച്ചു. ഒരു കാലത്ത് അദ്ദേഹത്തെ ഇന്ത്യാ ബ്ലോക്കിൻ്റെ കൺവീനറാകാൻ അനുവദിക്കാത്തവരിൽ നിന്നാണ് അദ്ദേഹത്തിന് ഇപ്പോൾ ഓഫർ ലഭിച്ചത്. അദ്ദേഹം അത് നിരസിച്ചു, ഞങ്ങൾ എൻഡിഎയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നു’. – ത്യാഗി അഭിമുഖത്തിൽ പറയുന്നു. നിതീഷ് കുമാറിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തത് ഏത് നേതാവാണെന്ന് പറയണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആരുടെയും പേര് പറയാൻ ത്യാഗി തയ്യാറായില്ല.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ സഖ്യകക്ഷികളായ ജെഡിയുമായും തെലുങ്കുദേശം പാർട്ടിയുമായും (ടിഡിപി) ഇന്ത്യാ സഖ്യം ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ടകുൾക്കിടയിലാണ് ത്യാഗിയുടെ വെളിപ്പെടുത്തൽ.
എന്നാൽ, പ്രധാനമന്ത്രിയാകാൻ ഇന്ത്യാ സംഘം നിതീഷ് കുമാറിനെ സമീപിച്ചതായി പാർട്ടിക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പറഞ്ഞു. ഞങ്ങൾക്ക് അത്തരം വിവരങ്ങളൊന്നുമില്ല. അദ്ദേഹത്തിന് മാത്രമേ ഇതിനെക്കുറിച്ച് അറിയൂവെന്ന് അദ്ദേഹം ഒരു പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
എക്‌സിറ്റ് പോൾ പ്രവചനങ്ങളെ പിന്തള്ളി 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം ശക്തമായ പ്രകടനമാണ് നടത്തിയത്. 543 സീറ്റുകളിൽ 234 സീറ്റുകൾ സഖ്യം നേടി. മറുവശത്ത് എൻഡിഎ നേടിയത് 293 സീറ്റുകളാണ്. ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇരുപക്ഷവും സർക്കാര രൂപവത്കരിക്കാൻ ശ്രമം നടത്തിയത്.
അടിക്കടി മുന്നണി മാറുന്നതിന് പേരുകേട്ട നിതീഷ് കുമാർ, ഇന്ത്യ സഖ്യത്തിന്റെ ശില്പിയായിരുന്നു. കഴിഞ്ഞ വർഷം പട്‌നയിൽ നടന്ന ആദ്യ യോഗത്തിൽ അദ്ദേഹംമാണ് അധ്യക്ഷത വഹിച്ചത്. പിന്നീട് കോൺഗ്രസ് നേതൃത്വവുമായി ഉടക്കിയ അദ്ദേഹം 2024 ജനുവരിയിൽ എൻഡിഎയിലേക്ക് മടങ്ങുകയായിരുന്നു.