book review
ആത്മബലികളുടെ വെളിപാട് പുസ്തകം
നമ്മുടെ സാമൂഹിക അവസ്ഥയിൽ നടക്കുന്ന രഹസ്യ നിയോഗങ്ങളാകുന്ന ആത്മബലികളെ വെളിപ്പെടുത്തുന്ന എഴുത്തുകാരൻ നമ്മിലേക്ക് തന്നെ തുളഞ്ഞിറങ്ങുന്ന തിരനോട്ടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഒപ്പം വെളുത്ത ജീവിതം സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നുമുണ്ട്. ആത്മാഹുതികളിലേക്കുള്ള ഗൂഢമായ ആകർഷണങ്ങളെക്കുറിച്ചല്ല, നിരന്തര സംഘർഷങ്ങളിലും ജീവിതത്തെ ചേർത്തുപിടിക്കാനാണ് പി സുരേന്ദ്രൻ മാഷ് നിശബ്ദമായി ഉദ്ബോധിപ്പിക്കുന്നത്. ഭാഷാരൂപഘടനയിലും എഴുത്തിന്റെ കൈയടക്കത്തിലും മികച്ച പാരായണ സുഖം അനുഭവിപ്പിക്കുന്ന ഈ പുസ്തകം നാം വായിച്ചിരിക്കേണ്ട എഴുത്തുകാരന്റെ ഹൃദയം കൊണ്ടുള്ള രചനയാകുന്നു.
ജീവിതത്തിന് സൗന്ദര്യം നൽകുന്നത് എന്തായിരിക്കും? ജീവിതം ശൂന്യമാകുന്നത് എന്തുകൊണ്ടായിരിക്കും ?
മരണത്തിന്റെ നിറമെന്തായിരിക്കും? ശൂന്യമനുഷ്യർ നോവലിന്റെ വായനയുടെ തുടക്കത്തിൽ തന്നെ സ്വയം നേരിടുന്ന ചോദ്യങ്ങളാണിത്. ആത്മഹത്യയിലേക്ക് എത്തിച്ചേരുന്ന ഓരോ ജീവിതവും മൗനമായി നമ്മോടു വിലപിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ആർദ്രമായി ആർത്തുവിളിക്കുന്നുണ്ട്. കഥാനായകൻ വാസുവും സുഹൃത്ത് കൃഷ്ണചന്ദ്രനുമായി ചേർന്ന് കറുത്ത മരണങ്ങളെ രേഖപ്പെടുത്തുന്ന ആത്മഹത്യകളുടെ പുസ്തകം രചിക്കുന്നിടത്തു നിന്നാണ്, നോവൽ വായനക്കാരനിലേക്ക് സംവദിക്കാൻ തുടങ്ങുന്നത്. സല്ലേഖനവും ആത്മഹത്യയും രണ്ടായി കാണുന്ന സുഹൃത്ത് സല്ലേഖനത്തെ പൂവിടരുന്നത് പോലെ വെളുത്ത മരണമായി കാണുന്നു.ആത്മഘാതകരുടെ മരണത്തിലേക്കുള്ള യാത്രകൾ നമ്മുടെ ഹൃദയത്തിൽ രക്തം പൊടിക്കുന്ന നീളനെയുള്ള മുറിവാകുന്നു.
തന്റെ സഞ്ചാരത്തിൽ, പുരാലിഖിതങ്ങൾ വായിച്ചു നടന്ന കൃഷ്ണചന്ദ്രൻ വാസുവിനോട് പറഞ്ഞു.
“വർത്തമാനത്തിൽ നിന്നും ഭൂതകാലത്തിന്റെ ആഴത്തിലേക്ക് സഞ്ചരിക്കാനുള്ള അന്തർവാഹിനിയാണ് ഓരോ ശിലാലിഖിതവും. ഒടുവിലെത്തിയത് സല്ലേഖനം എന്ന ജൈനമഹാദർശനത്തിന്റെ വാതിലിൽ.’ ആത്മബലികളുടെ പൊരുൾ തേടിയവനോട് കഥാനായകൻ ചോദിക്കുന്നു,
“എന്നിട്ട് നീ എന്തു കണ്ടെത്തി കൃഷ്ണാ…?’
ഓരോ ജീവിതത്തിന്റെയും പിന്നാമ്പുറങ്ങളിലെ അടക്കിപ്പിടിച്ച വിതുമ്പലുകൾ നാം കാണാതെ പോയതാണോ ? നമുക്ക് സമീപം, കെട്ടിയാടിയ, അല്ലെങ്കിൽ എരിഞ്ഞടങ്ങിയ ഒരു ജീവൻ നമ്മോടു പറയാൻ എന്തൊക്കെയോ ബാക്കി വെച്ചിരുന്നോ? വായന വളരും തോറും തണുത്ത നിശബ്ദതയുടെ വലയത്തിൽ ഓരോ ആത്മബലിയും നമ്മുടെ കണ്മുന്നിൽ ചോദ്യങ്ങളുയർത്തുന്നു,ചിലപ്പോൾ കലഹിക്കുന്നു.
വിദ്വേഷവും കാമവും ആസക്തിയും അനാസക്തിയും ക്രോധവും പകയും വെറുപ്പും നിസ്സഹായതയും എല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു രൂപത്തിൽ കറുത്ത മരണത്തിന്റെ നിഴലാകുന്നു. ആത്മഹത്യയിൽ അഭയം കൊണ്ട വിപ്ലവകാരിയായ ഭൂപൻ ദാ, വിപ്ലവ കാലഘട്ടത്തിലെ ഒറ്റുകാരനാവുമെന്ന് ഉറ്റവർ വിധിയെഴുതിയപ്പോൾ എഴുതിയ കവിതകളൊക്കെ ചുട്ടുകരിച്ച് ഏകാകിയായി റെയിൽപ്പാളത്തിലേക്ക് നടന്ന ജയ നാരായണൻ, പിന്നെയും ആത്മഘാതകർ വായനക്കാരനു മുന്നിലെത്തുകയാണ് വെറും ശരീരമായി, ശൂന്യ മനുഷ്യരായി.
സൈറയും സുവർണലതയും ദേവകിയും വനജയും സൈനബയും ശ്രീധരൻ മാഷും നീലകണ്ഠനും നാരായണവാര്യരും ജയപ്രകാശനും കണക്കറായിയും അങ്ങനെ വ്യഥിത ജീവിതങ്ങളുടെ ഉറയൂരി കറുത്ത മരണങ്ങളിലേക്ക് ചേക്കേറിയവർ പെരുകി വരുന്നു.
അനുഭവങ്ങളുടെ ചുട്ടുപൊള്ളലും ശൂന്യമല്ലാത്ത ഉൾപ്രേരണകളും ഉത്തരം കിട്ടാത്ത സമസ്യകളും ശൂന്യമനുഷ്യരുടെ സൃഷ്ടിയിലുണ്ട്. നമ്മുടെ സാമൂഹിക അവസ്ഥയിൽ നടക്കുന്ന രഹസ്യ നിയോഗങ്ങളാകുന്ന ആത്മബലികളെ വെളിപ്പെടുത്തുന്ന എഴുത്തുകാരൻ നമ്മിലേക്ക് തന്നെ തുളഞ്ഞിറങ്ങുന്ന തിരനോട്ടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഒപ്പം വെളുത്ത ജീവിതം സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നുമുണ്ട്.
ആത്മാഹുതികളിലേക്കുള്ള ഗൂഢമായ ആകർഷണങ്ങളെക്കുറിച്ചല്ല, നിരന്തര സംഘർഷങ്ങളിലും ജീവിതത്തെ ചേർത്തുപിടിക്കാനാണ് പി സുരേന്ദ്രൻ മാഷ് നിശബ്ദമായി ഉദ്ബോധിപ്പിക്കുന്നത്. ഭാഷാരൂപഘടനയിലും എഴുത്തിന്റെ കൈയടക്കത്തിലും മികച്ച പാരായണ സുഖം അനുഭവിപ്പിക്കുന്ന ഈ പുസ്തകം നാം വായിച്ചിരിക്കേണ്ട, എഴുത്തുകാരന്റെ ഹൃദയം കൊണ്ടുള്ള രചനയാകുന്നു. പ്രസാധകർ കൈരളി ബുക്സ്. വില 280 രൂപ.