Kerala
സ്വപ്‌നയുടെ വെളിപ്പെടുത്തല്‍; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാളെ കോണ്‍ഗ്രസ് കരിദിനാചരണം
വെള്ളിയാഴ്ച ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍.
തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നാളെ കരിദിനം ആചരിക്കും. വെള്ളിയാഴ്ച ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ ഒരു മുഖ്യമന്ത്രിക്ക് പങ്കുണ്ടാകുന്നത് ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണ്. ജനാധിപത്യത്തിന് അപമാനകരമായ കാര്യമാണ് നടന്നിരിക്കുന്നത്. കരിദിനാചരണത്തിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നാളെ വൈകിട്ട് കരിങ്കൊടികളുമായി പ്രകടനം നടത്തുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.