Connect with us

letter

വിദേശത്തേക്ക് മലയാളത്തില്‍ വിലാസമെഴുതി കത്തയച്ച് റവന്യൂ വകുപ്പ്

ജോലിയില്‍ നിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള കത്ത് കടല്‍ കടന്നു വിലാസക്കാരിക്കു കിട്ടി

Published

|

Last Updated

കോഴിക്കോട് |  സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടുകൊണ്ട് ബഹ്‌റൈനില്‍ കഴിയുന്ന യുവതിക്ക് മലയാളത്തില്‍ വിലാസമെഴുതി കത്തയച്ച് റവന്യൂ വകുപ്പ്.
ബഹ്‌റൈനിലെ മനാമയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിനിസുരഭിക്കാണു കോഴിക്കോട് താലൂക്ക് ഓഫീസില്‍ നിന്ന് മലയാളത്തില്‍ വിലാസമെഴുതി കത്തയച്ചത്.

സുരഭിയുടെ ഇനീഷ്യല്‍ പോലുമില്ലാതെ മനാമ, ബഹ്‌റൈന്‍ എന്നു മലയാളത്തില്‍ വിലാസമെഴുതിയ കത്തില്‍, പി ബി നമ്പര്‍ എന്നുമാത്രമാണ് ഇംഗ്ലീഷില്‍ ഉള്ളത്.
സുരഭി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു ലീവ് എടുത്തു ബഹ്‌റൈനില്‍ കഴിയുകയാണ്. ലീവ് അവസാനിപ്പിച്ചു ജോലിക്ക് ഹാജരാകാത്തതിനാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള കത്താണ് വിദേശത്തേക്ക് മലയാളം വിലാസത്തില്‍ അയച്ചത്.
വിദേശത്തേക്കുള്ള കത്തില്‍ മലയാളത്തില്‍ വിലാസമെഴുതിയ ഡസ്പാച്ചിങ്ങ് ക്ലാര്‍ക്കിന്റെ സീലും കത്തില്‍ തെളിഞ്ഞു കാണാം.

കത്ത് സഹിതം സുരഭി ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റ് ഇങ്ങനെ:

മലയാളം ഒരു അന്താരാഷ്ട്ര ഭാഷയാണോയെന്ന് ഇനിയൊരിക്കലും സംശയിക്കില്ല.
മലയാളത്തില്‍ മാത്രം അഡ്രസ്സ് എഴുതിയ കത്ത് ചുറ്റിക്കറങ്ങാതെ ഇതാ ഇവിടെ എത്തിയിരിക്കുന്നു!
നാട്ടിലെ റവന്യൂ ഡിപാര്‍ട്ട്‌മെന്റില്‍ നിന്ന് കടല്‍ കടന്ന് എന്നെ തേടി ബഹ്‌റൈനിലെത്തിയ കത്തിലാണ് മലയാളത്തില്‍ പേരും അഡ്രസ്സും എഴുതിയിരിക്കുന്നത്.

ബഹ്‌റൈന്‍ എന്ന അഡ്രസ്സ് കണ്ടിട്ടും മലയാളത്തില്‍ തന്നെ അഡ്രസ്സെഴുതി വിട്ട ക്ലാര്‍ക്ക് പൊളി തന്നെ.??

എന്നാലും ആ കത്തിനകത്ത് എന്തായിരിക്കുമെന്ന് ആലോചിച്ചവര്‍ക്കായി :
15 വര്‍ഷം ലീവിന് ശേഷം ജോയിന്‍ ചെയ്യാത്തതു കൊണ്ട് ജോലി പോയിരിക്കുന്നു, ഇനി ഈ വഴിക്ക് വരേണ്ട എന്ന് അറിയിക്കാനുള്ള കത്തായിരുന്നു.??