Kerala
വരുമാന വര്‍ധന ലക്ഷ്യം; കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ കൂട്ടുന്നു
പ്രതിദിന വരുമാനം 6.5 കോടിയില്‍ നിന്ന് എട്ടുകോടിയാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം.
തിരുവനന്തപുരം | സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. ഇതുവഴി പ്രതിദിന വരുമാനം 6.5 കോടിയില്‍ നിന്ന് എട്ടുകോടിയാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. ശരാശരി 151 കോടി രൂപയാണ് നിലവില്‍ കെ എസ് ആര്‍ ടി സിയുടെ പ്രതിമാസ വരുമാനം. ഇത് 240 കോടിയെങ്കിലുമായി ഉയര്‍ത്തിയാല്‍ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് മാനേജ്‌മെന്റിന്റെ കണക്ക് കൂട്ടല്‍. ഇതിനായി ഓരോ യൂനിറ്റിനും ടാര്‍ജറ്റ് നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. സര്‍വീസ് കൂട്ടുമ്പോള്‍ ഓരോ യൂണിറ്റിനും ആവശ്യമായ അധിക ബസുകളുടെ എണ്ണം അറിയിക്കാന്‍ മാനേജ്‌മെന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ പ്രതിദിനം 3,800 സര്‍വീസുകളാണ് കെ എസ് ആര്‍ ടി സി ഓപ്പറേറ്റ് ചെയ്യുന്നത്. തിരക്ക് കൂടിയ രാവിലെയും വൈകുന്നേരവും കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കും. രണ്ട് സ്‌പെല്ലുകള്‍ക്ക് ഇടവേളയില്‍ മണിക്കൂറില്‍ 75 രൂപ കണക്കാക്കി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നല്‍കും. രണ്ട് സ്‌പെല്ലും കൂടി എട്ടു മണിക്കൂര്‍ കഴിഞ്ഞാല്‍ സറണ്ടര്‍ തുകക്ക് ആനുപാതികമായി അലവന്‍സും നല്‍കും. വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് നേരത്തെ യൂണിയനുകളും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ യൂണിയനുകളെ കൂടി വിശ്വാസത്തിലെടുത്തുള്ള പരീക്ഷണത്തിനാണ് മാനേജ്‌മെന്റ് ഒരുങ്ങുന്നത്. എന്നാല്‍, ദിവസത്തിന്റെ പകുതിയും തൊഴിലിടത്തില്‍ കുടുക്കിയിടുന്നതാണ് പുതിയ തീരുമാനമെന്ന വിമര്‍ശം ഒരു വിഭാഗം തൊഴിലാളികള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ശമ്പള വിതരണം പൂര്‍ത്തിയായി
കെ എസ് ആര്‍ ടി സി യില്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം പൂര്‍ണമായി വിതരണം ചെയ്തു. അഞ്ച് ദിവസം കൊണ്ടാണ് മുഴുവന്‍ വിഭാഗം ജീവനക്കാര്‍ക്കും ശമ്പളം ലഭിച്ചത്. ഓവര്‍ ഡ്രാഫ്റ്റും സര്‍ക്കാര്‍ സഹായവും ചേര്‍ത്ത് 70 കോടി രൂപ സമാഹരിച്ചാണ് വെള്ളിയാഴ്ച ശമ്പള വിതരണം തുടങ്ങിയത്. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ആദ്യ ദിവസം ശമ്പളം എത്തിയത്. പിന്നാലെ ഓരോ ദിവസങ്ങളിലുമായി ഓരോ വിഭാഗം ജീവനക്കാരുടെയും അക്കൗണ്ടുകളില്‍ പണമെത്തി. ഏപ്രില്‍ മാസത്തെ ശമ്പള വിതരണം ഇന്നലെയാണ് പൂര്‍ത്തിയായത്. അതത് ദിവസങ്ങളിലെ കലക്ഷനില്‍ നിന്നാണ് ഇതിനുള്ള തുക കോര്‍പ്പറേഷന്‍ കണ്ടെത്തിയത്.
അതേസമയം, മെയ് മാസത്തെ ശമ്പളം നല്‍കാന്‍ ധനസഹായം ആവശ്യപ്പെട്ട് മാനേജ്‌മെന്റ് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. 65 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് എങ്ങനെ നല്‍കാനാകുമെന്ന ആലോചനയിലാണ് ധനവകുപ്പ്. എല്ലാ മാസവും കോര്‍പ്പറേഷന് സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും മറ്റ് വഴികളില്ലാതായതോടെയാണ് കെ എസ് ആര്‍ ടി സി സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കലക്ഷന്‍ തുകയും ഓവര്‍ ഡ്രാഫ്റ്റും ബാധ്യതയായതിനാല്‍ ഏപ്രില്‍ മാസത്തെക്കാള്‍ പ്രതിസന്ധിയാണ് മെയ് മാസം കാത്തിരിക്കുന്നത്. നിലവില്‍ ദിവസ വരുമാനം കൊണ്ട് ശമ്പളം നല്‍കാനാവാത്ത സ്ഥിതിയാണ് കോര്‍പ്പറേഷനുള്ളത്. അഞ്ചിനകം ശമ്പളമെത്തിയില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് തൊഴിലാളി യൂനിയനുകളുടെ തീരുമാനം.