Editorial
പട്ടിക വിഭാഗ ഫണ്ടുകളിലെ തിരിമറി
അടിസ്ഥാന വിഭാഗമാണ് പട്ടിക ജാതി-പട്ടിക വര്‍ഗങ്ങള്‍. ഇവരുടെ വികസനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുകയും ബജറ്റുകളില്‍ ഗണ്യമായ വിഹിതം ഇതിലേക്കായി നീക്കിവെക്കുകയും ചെയ്യുന്നു. പക്ഷേ, ഈ വിഹിതത്തില്‍ നല്ലൊരു പങ്കും അഴിമതിക്കാരായ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് തട്ടിയെടുക്കുകയാണ്.
പട്ടിക വിഭാഗ ഫണ്ടിലും കൈയിട്ടുവാരല്‍. സംസ്ഥാനത്തെ പട്ടിക വര്‍ഗ ഓഫീസുകളില്‍ വനജ് എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്ഷേമ പദ്ധതികളുടെ നടത്തിപ്പില്‍ വ്യാപക അഴിമതികളാണ് കണ്ടെത്തിയത്. പട്ടിക ജാതി വിഭാഗത്തിലെ ഗര്‍ഭിണികള്‍ക്ക് 2,000 രൂപ നല്‍കുന്ന ജനനി ജന്മരക്ഷ പദ്ധതിയില്‍ ആലപ്പുഴ, കൊല്ലം ജില്ലകളില്‍ പണം വിതരണം ചെയ്തതില്‍ വന്‍ ക്രമക്കേട് നടന്നു. റാന്നി പ്രൊഫഷനല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കായി വാങ്ങിയ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തില്ല. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ പട്ടിക വര്‍ഗ വികസന പ്രൊജക്ട് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ രണ്ടര കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കുടിവെള്ള പദ്ധതിയില്‍ ഒരാള്‍ക്ക് പോലും ഉപകാരം ലഭിച്ചില്ലെന്ന് കണ്ടെത്തി. പട്ടിക വര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങളിലും പദ്ധതികളിലും ക്രമക്കേടുകള്‍ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റിലും ഏഴ് പട്ടികവര്‍ഗ പ്രൊജക്ട് ഓഫീസുകളിലും 11 പട്ടിക വര്‍ഗ വികസന ഓഫീസുകളിലും 14 പട്ടിക വര്‍ഗ എക്‌സ്റ്റന്‍ഷന്‍ ഓഫീസുകളിലും മിന്നല്‍ പരിശോധന നടന്നത്.
പട്ടിക വര്‍ഗ ഫണ്ടില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കഥകള്‍ മുമ്പും പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. 2021 ആഗസ്റ്റ് 12-27 തീയതികളില്‍ പട്ടിക ജാതി, പട്ടിക ഗോത്ര വര്‍ഗ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍ നടത്തിയ പരിശോധനയില്‍ നിരവധി തട്ടിപ്പുകളും വെട്ടിപ്പുകളും കണ്ടെത്തിയിരുന്നു.
2019-2020 വര്‍ഷത്തെ ഗുണഭോക്തൃ പട്ടികയില്‍ ഇല്ലാതിരുന്ന വ്യക്തിക്ക് അടുത്ത സാമ്പത്തിക വര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്രമവിരുദ്ധമായി സഹായം അനുവദിച്ചു. 2019 ഫെബ്രുവരി ആറിലെ ഉത്തരവ് പ്രകാരം പഠനമുറി സഹായം അനുവദിച്ച ഗുണഭോക്താവിന് തുക ലഭിച്ചത് രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു. പഠനമുറി ഗുണഭോക്താക്കള്‍ക്ക് തുക വിതരണം ചെയ്യുന്നത് സംബന്ധിച്ച് രജിസ്റ്റര്‍ കൃത്യമായി സാക്ഷ്യപ്പെടുത്തി സൂക്ഷിച്ചിരുന്നില്ല. ബില്‍ ട്രഷറിയില്‍ നല്‍കുമ്പോള്‍ ഗുണഭോക്താവിന്റെ മൊബൈല്‍ നമ്പര്‍ നല്‍കാതെ പകരം ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളാണ് നല്‍കിയിരുന്നത്. ഫണ്ട് തട്ടിയെടുത്ത ഉദ്യോഗസ്ഥരില്‍ നിന്ന് തുക തിരിച്ചുപിടിക്കാനും മുഴുവന്‍ തുകയും അടിയന്തരമായി കണ്ടെടുക്കാനും കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികളെക്കുറിച്ച് പിന്നീടൊരു വിവരവും വന്നില്ല.
പട്ടിക വര്‍ഗ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്കായ രാഹുല്‍ നടത്തിയ തട്ടിപ്പിന്റെ കഥ പുറത്തുവന്നതും ഇതേ വര്‍ഷമാണ്. 75 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് രാഹുല്‍ നടത്തിയത്. പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കായുള്ള പഠനമുറി നിര്‍മാണത്തിന് രണ്ട് ലക്ഷം രൂപയും വിവാഹ സഹായമായി 75,000 രൂപയും ഗ്രാന്റായി നല്‍കുന്ന പദ്ധതിയിലാണ് ഇയാള്‍ തിരിമറി നടത്തിയത്. 2021ല്‍ ഇയാള്‍ സ്ഥലം മാറിപ്പോയ ശേഷം പകരമെത്തിയ ഉദ്യോഗസ്ഥന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്. ഫണ്ട് തട്ടിപ്പില്‍ താനൊരു കരു മാത്രമാണെന്നും പട്ടിക ജാതി വികസന കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് പണം മറ്റു അക്കൗണ്ടിലേക്ക് മാറ്റിയതെന്നുമാണ് രാഹുല്‍ കോടതിയില്‍ വെളിപ്പെടുത്തിയത്.
അടിസ്ഥാന വിഭാഗമാണ് പട്ടിക ജാതി-പട്ടിക വര്‍ഗങ്ങള്‍. ഇവരുടെ വികസനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുകയും ബജറ്റുകളില്‍ ഗണ്യമായ വിഹിതം ഇതിലേക്കായി നീക്കിവെക്കുകയും ചെയ്യുന്നു. അവരുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനുതകുന്ന പദ്ധതികള്‍, പട്ടിക വര്‍ഗ യുവാക്കളെ സ്ഥിര വരുമാനമുള്ളവരാക്കാന്‍ ലക്ഷ്യമിട്ട് വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍, ഭൂമി, വീട്, അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കല്‍, കുടിവെള്ളം, റോഡ് എന്നിത്യാദി അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം, പട്ടിക ജാതി വിഭാഗക്കാരുടെ പെണ്‍മക്കളുടെ വിവാഹാവശ്യത്തിനായി മാതാപിതാക്കള്‍ക്ക് ധനസഹായം തുടങ്ങി നിരവധി പദ്ധതികളും ആനുകൂല്യങ്ങളും ഈ ലക്ഷ്യത്തില്‍ നടപ്പാക്കി വരുന്നുണ്ട്. ജനസംഖ്യാനുപാതികമായി പട്ടിക വിഭാഗങ്ങള്‍ക്ക് സംസ്ഥാന ബജറ്റ് വിഹിതം നീക്കിവെക്കുന്ന ഏക സംസ്ഥാനമാണ് കേരളമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷേ, ഈ വിഹിതത്തില്‍ നല്ലൊരു പങ്കും അഴിമതിക്കാരായ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് തട്ടിയെടുക്കുകയാണ്.
രാജ്യത്ത് പൊതുവെ ദുരിതപൂര്‍ണമാണ് പട്ടിക വിഭാഗത്തിന്റെ ജീവിതം. മേല്‍ ജാതിക്കാരുടെ പാദസേവക്ക് വിധിക്കപ്പെട്ട ഇവരുടെ കദനകഥകള്‍ പലപ്പോഴും മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഉത്തരേന്ത്യയേക്കാള്‍ മെച്ചമാണ് കേരളത്തില്‍ ഇവരുടെ ജീവിത നിലവാരമെങ്കിലും അതും അത്ര ഭദ്രവും സുരക്ഷിതവുമല്ലെന്നാണ് അട്ടപ്പാടി മധുവും കല്‍പ്പറ്റ പാറവയല്‍ കോളനിയിലെ വിശ്വനാഥനുമൊക്കെ നമ്മോട് പറയുന്നത്. ജാതിയധിക്ഷേപം, വിവേചനം, ഭീഷണി, ജോലി സ്ഥലത്തെ അതിക്രമം, കൈവശവസ്തു കൈയേറ്റം, ഗാര്‍ഹിക പീഡനം, വധഭീഷണി, കള്ളക്കേസ്, ധനസഹായങ്ങള്‍ നിഷേധിക്കല്‍ തുടങ്ങി പലവിധ നീതിനിഷേധത്തിന് ഇരയാകുന്നു ഇവര്‍. വികസന ഫണ്ടുകളില്‍ ഉദ്യോഗസ്ഥരുടെ കൈയിട്ടുവാരല്‍ കൂടിയാകുന്നതോടെ അവരുടെ വികസനം പിന്നെയും മുരടിക്കുന്നു. “വനജ് ഓപറേഷനി’ല്‍ അഴിമതിക്കാരെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് വിജിലന്‍സ് നടത്തുന്ന മിന്നല്‍ റെയ്ഡുകളില്‍ കണ്ടെത്തുന്ന ക്രമക്കേടുകള്‍ക്കെതിരായ നിയമ നടപടികള്‍ക്ക് പലപ്പോഴും ഒച്ചിന്റെ വേഗതയാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനത്തിന്റെ ബലത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെടുന്നതും കുറവല്ല. അഴിമതിമുക്ത കേരളമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കായി പോകുന്നതിന്റെ മുഖ്യ കാരണവുമിതാണ്.