Health
ക്യാൻസർ ചികിത്സാ രംഗത്ത് വിപ്ലവം; പ്രാരംഭഘട്ടത്തിൽ തന്നെ രോഗബാധ കണ്ടെത്താൻ സാധിക്കുന്ന ഡിഎൻഎ പരിശോധനയുമായി ഗവേഷകർ
എല്ലാ പ്രധാന മനുഷ്യാവയവങ്ങളെയും ബാധിക്കുന്ന 18 തരം പ്രാരംഭ ഘട്ട ക്യാൻസറുകൾ തിരിച്ചറിയാൻ സാധിക്കുന്ന പരിശോധനയാണ് യുഎസ് ഗവേഷകർ കണ്ടെത്തിയതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
വാഷിംഗ്ടൺ | ക്യാൻസർ നേരത്തെ കണ്ടെത്തുന്നതിനുള്ള ഡിഎൻഎ പരിശോധനയുമായി യുഎസ് ഗവേഷകർ. എല്ലാ പ്രധാന മനുഷ്യാവയവങ്ങളെയും ബാധിക്കുന്ന 18 തരം പ്രാരംഭ ഘട്ട ക്യാൻസറുകൾ തിരിച്ചറിയാൻ സാധിക്കുന്ന പരിശോധനയാണ് യുഎസ് ഗവേഷകർ കണ്ടെത്തിയതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ക്യാൻസർ നേരത്തേ കണ്ടെത്തുന്നത് വിജയകരമായ ചികിത്സയുടെയും അതിജീവനത്തിന്റെയും സാധ്യതകൾ മെച്ചപ്പെടുത്തുമെന്നതിനാൽ ക്യാൻസർ ചികിത്സാ രംഗത്തെ ഗെയിം ചെയിഞ്ചർ ആയി മാറും ഈ പരിശോധനയെന്ന് ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നു.
പ്രാരംഭ ഘട്ടത്തിലെ ക്യാൻസറുകൾ കണ്ടുപിടിക്കാൻ പ്രയാസമാണ്. രക്തം, മൂത്രം, മറ്റ് ശരീരദ്രവങ്ങൾ എന്നിവയ്ക്കുള്ള ലാബ് പരിശോധനകൾ വഴി പ്രാരംഭ ഘട്ടത്തിൽ ക്യാൻസർ കൃത്യമായി കണ്ടെത്താൻ കഴിയില്ല. ബയോപ്സിയും ഇമേജിംഗും അടക്കം പരിശോധനകൾ കൂടി നടത്തിയാൽ മാത്രമേ ക്യാൻസർ കണ്ടെത്താൻ കഴിയുകയുള്ളൂ.
എന്നാൽ ഗവേഷകർ പുതുതായി വികസിപ്പിച്ച ഡിഎൻഎ ടെസ്റ്റിന് രക്തത്തിലെ പ്രോട്ടീനുകളെ വിശകലനം ചെയ്യാനും മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളെ ബാധിക്കുന്ന 18 വ്യത്യസ്ത തരം പ്രാരംഭ ഘട്ട ക്യാൻസറുകൾ കണ്ടെത്താനും കഴിയും. ഡിഎൻഎ ക്രമത്തിലോ ക്രോമസോം ഘടനയിലോ മാറ്റങ്ങൾ തിരിച്ചറിയാനാണ് ഡിഎൻഎ പരിശോധന നടത്തുന്നത്. മുൻ കാലങ്ങളേക്കാൻ വ്യത്യസ്തമായി ക്യാൻസർ കൃത്യമായി നിർണയിക്കാൻ ഈ പരിശോധന വഴി സാധിക്കുമെന്ന് നോവൽനയിൽ നിന്നുള്ള ഗവേഷക സംഘം പറയുന്നു.
18 വ്യത്യസ്‌ത തരത്തിലുള്ള ക്യാൻസർ ബാധിച്ച 440 ആളുകളിൽ നിന്നും ആരോഗ്യമുള്ള 44 രക്തദാതാക്കളിൽ നിന്നും സംഘം രക്ത പ്ലാസ്മ സാമ്പിളുകൾ ശേഖരിച്ചു. ഇതുവെച്ച് നടത്തിയ പരിശോധനയിൽ പ്രാരംഭ ഘട്ടത്തിൽ ക്യാൻസറിനെ സൂചിപ്പിക്കുന്ന പ്രോട്ടീനുകൾ കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞതായി ഗവേഷകർ പറയുന്നു. പുരുഷന്മാരിൽ 93 ശതമാനം പേരിലും സ്ത്രീകളിൽ 84 ശതമാനം പേരിലും ക്യാൻസർ കോശങ്ങൾ തിരിച്ചറിയാൻ സാധിച്ചതായി ഗവേഷകർ പറഞ്ഞു.
അതേസമയം, സാമ്പിളുകളുടെ വലുപ്പം കുറവായതിനാൽ, പരിശോധനയുടെ ഫലപ്രാപ്തി സ്ഥാപിക്കുന്നതിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷണ സംഘം വ്യക്തമാക്കി.