Connect with us

Articles

വത്തിക്കാനിലെ വിപ്ലവകാരി

'ഞാന്‍ നിങ്ങളെ ആശീര്‍വദിക്കും മുമ്പ് നിങ്ങളുടെ ആശീര്‍വാദങ്ങള്‍ എന്റെ മേലില്‍ ഉണ്ടായിരിക്കട്ടെ'.

Published

|

Last Updated

‘ഞാന്‍ നിങ്ങളെ ആശീര്‍വദിക്കും മുമ്പ് നിങ്ങളുടെ ആശീര്‍വാദങ്ങള്‍ എന്റെ മേലില്‍ ഉണ്ടായിരിക്കട്ടെ’, മാര്‍പാപ്പയായി സ്ഥാനമേറ്റെടുത്ത ശേഷം സെന്‍ പീറ്റേഴ്സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശബ്ദത്തില്‍ കേട്ട ആദ്യത്തെ വാക്കുകളാണിത്. 12 വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം പറഞ്ഞ ഈയൊരു വാചകം മാത്രം മതി ആരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ എന്ന് അടയാളപ്പെടുത്താന്‍. ശാസ്ത്രവും ദൈവശാസ്ത്രവും തമ്മിലുള്ള അകലം കുറവാണെന്ന് പറയാന്‍ ശ്രമിച്ചുകൊണ്ടേയിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ, അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെയും അഭയാര്‍ഥികളുടെയും തടവുപുള്ളികളുടെയും ഒക്കെ ശബ്ദമായി മാറി.

മുതലാളിത്തത്തിലൂടെ മാത്രം വളരുന്ന ലോകക്രമത്തെ സംബന്ധിച്ച ട്രിക്കിള്‍ ഡൗണ്‍ സാമ്പത്തിക ശാസ്ത്രത്തെ വിമര്‍ശിക്കുകയും ലോക മുതലാളിത്തത്തെ തുറന്ന് എതിര്‍ക്കുകയും ചെയ്തപ്പോള്‍ അയാള്‍ കമ്മ്യൂണിസ്റ്റുകാരനായ പാപ്പയായി. അതേസമയം താന്‍ മാര്‍ക്സിസ്റ്റ് ആണെന്ന ആരോപണങ്ങളെ നിഷേധിക്കുകയും മാക്സിസത്തിന്റെ ചില ശരികളെ അംഗീകരിക്കേണ്ടതുണ്ടെന്ന് വിളിച്ചുപറയുകയും ചെയ്തു. സ്ഥാനമേറ്റ ഉടനെ വത്തിക്കാന്‍ പാലസില്‍ നിന്ന് ആഡംഭരങ്ങളില്ലാത്ത അപാര്‍ട്ട്മെന്റിലെ ഒറ്റമുറിയിലേക്ക് താമസം മാറിയ അദ്ദേഹം ലാറ്റിനമേരിക്കയുടെ ചേരികളില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഇത് അദ്ദേഹത്തിന് സ്ലം പോപ്പ് എന്ന സ്ഥാനപ്പേര് കൂടി വന്നു ചേരാന്‍ കാരണമായി.

പരിസ്ഥിതിയെക്കുറിച്ചും ആഗോള താപനത്തെക്കുറിച്ചും ഇത്രമാത്രം പ്രസംഗിക്കുകയും എഴുതുകയും ചെയ്ത മറ്റൊരു പോപ്പ് ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കത്തിത്തീരുന്ന ഫോസില്‍ ഇന്ധനങ്ങളെക്കുറിച്ചും ബദല്‍ മാര്‍ഗങ്ങളിലേക്ക് മനുഷ്യന്‍ ചിന്തിക്കേണ്ടതിനെക്കുറിച്ചും ഒക്കെ പോപ്പ് നിരന്തരം സംസാരിച്ചു കൊണ്ടിരുന്നു. സര്‍ക്കാറുകളോട് സുസ്ഥിരതയിലൂന്നിയ നയങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ഭൂമിയുടെ താപനില പരിശോധിച്ചാല്‍ അതിനിപ്പോള്‍ പനി ഉണ്ടാകുമെന്ന് വരെ പറഞ്ഞ പാപ്പ, ഒരേസമയം കവിയുടെയും പരിസ്ഥിതി ശാസ്ത്രജ്ഞന്റെയും കടമകള്‍ നിര്‍വഹിച്ചുകൊണ്ടിരുന്നു.

ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നയങ്ങളെ മനുഷ്യവംശത്തിന് അപമാനം എന്ന തലക്കെട്ടില്‍ രൂക്ഷമായി വിമര്‍ശിച്ച മാര്‍പാപ്പ, അമേരിക്കയിലെ തന്റെ അനുയായികള്‍ക്ക് മനുഷ്യത്വത്തെ ഓര്‍മപ്പെടുത്തി തുറന്ന കത്തെഴുതി. വികസിത രാജ്യങ്ങള്‍ അലങ്കാരമായി അടയാളപ്പെടുത്താറുള്ള ജനസംഖ്യാ നിയന്ത്രണ പരിപാടികളെ കുറിച്ച് മാനവിക വിരുദ്ധമായത് എന്നായിരുന്നു മാര്‍പാപ്പയുടെ നിലപാട്. ജനസംഖ്യാ നിയന്ത്രണം കണ്‍സ്യൂമറിസത്തിന്റെയും സ്വാര്‍ഥതയുടെയും വ്യക്തിയാഘോഷത്തിന്റെയും ഉത്പന്നമാണെന്ന് മടിയില്ലാതെ വിളിച്ചുപറഞ്ഞു. ഫലസ്തീനിലും യുക്രൈനിലും കൊല്ലപ്പെടുന്ന മനുഷ്യര്‍ക്ക് വേണ്ടി നിരന്തരമായി ശബ്ദിച്ചു. ഇസ്റാഈല്‍ ഗസ്സയില്‍ നടത്തുന്നത് വംശഹത്യ തന്നെയെന്ന് ഉറക്കെ പറഞ്ഞു. മരണത്തിന് തൊട്ടുമുമ്പേയുള്ള മണിക്കൂറുകളിലെ ഈസ്റ്റര്‍ സന്ദേശത്തില്‍ പോലും ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്തു കൊണ്ടാണ് അദ്ദേഹം ബാല്‍ക്കണി വിട്ടുപോയത്.

 

Latest