Connect with us

Kerala

ഹാജിമാർക്ക് ഹജ്ജ് കമ്മിറ്റിയിൽ നിന്നുള്ള റിയാൽ കൈമാറ്റം ഒഴിവാക്കി

സഊദി അറേബ്യയിലെ ദൈനംദിന ചെലവുകൾക്കായിട്ടായിരുന്നു ഹജ്ജ് യാത്രക്ക് അടച്ച തുകയിൽ നിന്ന് 2,100 സഊദി റിയാൽ തിരികെ നൽകിയിരുന്നത്

Published

|

Last Updated

കൊണ്ടോട്ടി| ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അവസരം ലഭിച്ച ഹാജിമാർക്ക് യാത്ര പുറപ്പെടുന്ന വേളയിൽ ഹജ്ജ് ക്യാമ്പിൽ വെച്ച് നൽകിവന്നിരുന്ന റിയാൽ കൈമാറ്റം കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർത്തലാക്കി. ഇന്ത്യൻ രൂപക്ക് തുല്യമായുള്ള 2.100 സഊദി റിയാലാണ് വർഷങ്ങളായി ഹജ്ജ് കമ്മിറ്റി ഹാജിമാർക്ക് കൈമാറ്റം ചെയ്തു പോന്നിരുന്നത്. ഇതാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർത്തലാക്കിയത്.

സഊദി അറേബ്യയിലെ ദൈനംദിന ചെലവുകൾക്കായിട്ടായിരുന്നു ഹജ്ജ് യാത്രക്ക് അടച്ച തുകയിൽ നിന്ന് 2,100 സഊദി റിയാൽ തിരികെ നൽകിയിരുന്നത്. ഹാജിമാർ സഊദിയിൽ ചെലവിന് പണമില്ലാത്തതിനാൽ പ്രയാസപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയും റിയൽ എക്‌സ്‌ചേഞ്ച് വിപണിയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ടെൻഡർ വഴി തുക ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഹജ്ജ് കമ്മിറ്റി ഈ സംവിധാനം ഏർപ്പെടുത്തി വന്നിരുന്നത്. എന്നാൽ ഇപ്പോൾ കേന്ദ്ര സർക്കാർ ഹജ്ജ് തുക കുറച്ചെന്ന് കാണിക്കുന്നതിനായാണ് ഹജ്ജ് കമ്മിറ്റിയോട് റിയാൽ കൈമാറ്റം നിർത്തലാക്കാൻ നിർദേശിച്ചതിന് പിന്നിലെന്നത് വ്യക്തമാണ്.

ഹജ്ജ് കമ്മിറ്റി റിയാൽ കൈമാറ്റം ഒഴിവാക്കിയതോടെ ഹാജിമാർ ഉയർന്ന നിരക്കിൽ റിയാൽ വാങ്ങേണ്ടിവരും. മാത്രമല്ല പലരും റിയാൽ കൈവശം കരുതാതെ സഊദിയിൽ പ്രയാസം അനുഭവിക്കുകയും ചെയ്യും. ദേശാത്കൃത ബേങ്കുകളായിരുന്നു റിയാൽ കൈമാറ്റ കരാർ ഏറ്റെടുത്തിരുന്നത്. ഈ വർഷം മുതൽ ബേങ്കുകൾക്കും ഇതുമൂലമുള്ള സാമ്പത്തിക നേട്ടം നഷ്ടപ്പെടും.

ഈ വർഷം മുതൽ ഹാജിമാർ അവർക്കാവശ്യമായ സഊദി റിയാൽ അംഗീകൃത കറൻസി കൈമാറ്റ ഏജൻസികളിൽ നിന്ന് സ്വന്തമാക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദേശിക്കുന്നുണ്ട്.
അതേസമയം, ഹാജിമാർക്ക് ആവശ്യമുള്ള റിയാൽ മുൻവർഷത്തെ പോലെ ടെൻഡർ വഴി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.