Kerala
ആന്ധ്രയില്‍ നിന്നുള്ള അരി ഈ മാസം എത്തും; കേരളത്തില്‍ പ്രതിഫലിക്കുന്നത് മറ്റ് സംസ്ഥാനങ്ങളിലെ വിലക്കയറ്റം: മന്ത്രി ജി ആര് അനില്‍
വിലക്കയറ്റം സംസ്ഥാനത്തെ സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നുണ്ടെന്നും മന്ത്രി
തിരുവനന്തപുരം | ഈ മാസം തന്നെ ആന്ധ്രയില്‍ നിന്നുള്ള അരി കേരളത്തിലെത്തുമെന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര് അനില്‍ . മറ്റ് സംസ്ഥാനങ്ങളിലുണ്ടായിരിക്കുന്ന വിലക്കയറ്റമാണ് കേരളത്തിലെ അരിവിപണിയിലും പ്രതിഫലിക്കുന്നതെന്നും മന്ത്രി വ്യ്ക്തമാക്കി. കേരളത്തിന് ആവശ്യമായ അരിയുടെ 18 ശതമാനം മാത്രമാണ് ഇവിടെ ഉല്പാദിപ്പിക്കുത്. ഇവിടേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് ബാക്കി അരി എത്തിക്കുന്നത്. അപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലുണ്ടാകുന്ന വിലക്കയറ്റം നമ്മുടെ നാട്ടിലും പ്രതിഫലിക്കുകയാണ്-മന്ത്രി പറഞ്ഞു.
വിലക്കയറ്റം സംസ്ഥാനത്തെ സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാന്‍ സപ്ലൈകോയുടെ അരി വണ്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ അരിവണ്ടിയില്‍ നിന്ന് 25 രൂപ നിരക്കില്‍ ജയ, കുറുവ അരി ലഭിക്കും. മട്ടയരിക്ക് കിലോക്ക് 24 രൂപയും പച്ചരി കിലോയ്ക്ക് 23 രൂപയുമായിരിക്കും.ഒരു റേഷന്‍ കാര്‍ഡിന് പരമാവധി പത്ത് കിലോ അരി ഈ അരിവണ്ടിയില്‍ നിന്ന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോയുടെ ഔട്ട്ലെറ്റ് ഇല്ലാത്ത സംസ്ഥാനത്തെ 500 ഓളം വരുന്ന താലൂക്ക് / പഞ്ചായത്ത് കേന്ദ്രങ്ങളില്‍ അരി വണ്ടി എത്തുമെന്നും മന്ത്രി പറഞ്ഞു