Editorial
നെല്ലുത്പാദനം പിന്നെയും പിറകോട്ട്
നെല്ലുത്പാദനത്തിലും ഉത്പാദിപ്പിക്കുന്ന ഭൂമിയുടെ വിസ്തൃതിയിലും സംഭവിക്കുന്ന ഇടിവ് ആശങ്കയോടെ കാണേണ്ടതാണ്. ആഹാരത്തിന് എന്നും ഇതര സംസ്ഥാനങ്ങളുടെ ഔദാര്യത്തെ ആശ്രയിച്ചു കഴിയേണ്ട അവസ്ഥയിലാണ് കേരളീയ സമൂഹം.

ആശാവഹമല്ല കേരളത്തിലെ നെല്‍കൃഷിയെ സംബന്ധിച്ച ഈ വര്‍ഷത്തെ സാമ്പത്തിക അവലോകന റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. നെല്ലുത്പാദനം മുന്‍ വര്‍ഷത്തെ 5.92 ലക്ഷം ടണ്ണില്‍ നിന്ന് ഈ വര്‍ഷം 5.30 ലക്ഷം ടണ്ണായി കുറഞ്ഞതായി റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. 10.5 ശതമാനത്തിന്റെ കുറവ്. നെല്‍കൃഷിയുടെ വിസ്തൃതിയിലും സംഭവിച്ചു ഇടിവ്. 2023ലെ 1.90 ലക്ഷം ഹെക്ടറില്‍ നിന്ന് 1.58 ലക്ഷം ഹെക്ടറായി വിസ്തൃതി ഇടിഞ്ഞു. ഉത്പാദന ക്ഷമതയിലും കുറവ് വന്നു. ഒരു ഹെക്ടറില്‍ ശരാശരി 3,177 കിലോ ഉത്പാദിപ്പിച്ച സ്ഥാനത്ത് 2,693 കിലോയാണ് നടപ്പു വര്‍ഷം ഉത്പാദിപ്പിച്ചത്.
ഈയൊരു വര്‍ഷത്തെ മാത്രം പ്രവണതയല്ല ഇത്. സമീപ കാലത്ത് കേരളത്തില്‍ നെല്ലുത്പാദനവും ഉത്പാദിപ്പിക്കുന്ന ഭൂമിയുടെ വിസ്തൃതിയും ക്രമാനുഗതമായി കുറഞ്ഞു വരികയാണെന്ന് 2023ല്‍ സംസ്ഥാന കൃഷി വകുപ്പ് പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 2001-02ലെ 3.22 ലക്ഷം ഹെക്ടറില്‍ നിന്ന് സംസ്ഥാനത്തെ നെല്‍കൃഷി ഭൂമിയുടെ വിസ്തൃതി 2021-22ല്‍ 1.95 ലക്ഷം ഹെക്ടറായും അരിയുത്പാദനം 7.03 ലക്ഷം ടണ്ണില്‍ നിന്ന് 5.62 ലക്ഷം ടണ്ണായും കുറഞ്ഞുവെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്. വിസ്തൃതിയില്‍ 39 ശതമാനത്തിന്റെയും ഉത്പാദനത്തില്‍ 20 ശതമാനത്തിന്റെയും കുറവാണ് ഇത് കാണിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പത്തെ കണക്കനുസരിച്ച് ജനസംഖ്യ ഏകദേശം മൂന്ന് കോടിയോളം വരുന്ന കേരളത്തിന് പ്രതിവര്‍ഷം 40.68 ലക്ഷം ടണ്‍ അരി ആവശ്യമുണ്ട്. നമുക്ക് ആവശ്യമായതിന്റെ പത്ത് ശതമാനത്തോളം മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. 1970കളില്‍ കേരളത്തിന് ആവശ്യമായ അരിയുടെ 30 ശതമാനം അഥവാ 13 ലക്ഷം ടണ്‍ അരി ഉത്പാദിപ്പിച്ചിരുന്നുവെന്ന വസ്തുത ഇതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. നെല്ലുത്പാദനത്തിലും ഉത്പാദിപ്പിക്കുന്ന ഭൂമിയുടെ വിസ്തൃതിയിലും സംഭവിക്കുന്ന ഇടിവ് ആശങ്കയോടെ നോക്കിക്കാണേണ്ടതാണ്. ആഹാരത്തിന് എന്നും ഇതര സംസ്ഥാനങ്ങളുടെ ഔദാര്യത്തെ ആശ്രയിച്ചു കഴിയേണ്ട അവസ്ഥയിലാണ് കേരളീയ സമൂഹം. തമിഴ്നാട്, ആന്ധ്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിന് ആവശ്യമായ അരിയെത്തുന്നത്.
അടിക്കടി ഉയരുന്ന രാസവള വില, പണിക്കൂലി തുടങ്ങി ഉത്പാദനച്ചെലവിലുണ്ടായ വന്‍വര്‍ധന, കാലാവസ്ഥാ വ്യതിയാനം, കീടങ്ങളുടെ ശല്യം, ഇലകരിച്ചില്‍ പോലുള്ള രോഗങ്ങള്‍, വന്യമൃഗശല്യം, പൊതുവിതരണ സമ്പ്രദായം ശക്തമായതോടെ സാധാരണക്കാരന് കുറഞ്ഞ വിലക്ക് അരി ലഭ്യമാകുന്ന സാഹചര്യം തുടങ്ങി നെല്‍കര്‍ഷകര്‍ മേഖലയില്‍ നിന്ന് അകന്നു പോകാന്‍ കാരണങ്ങള്‍ പലതാണ്. യൂറിയ, പൊട്ടാഷ്, ഫാക്ടംഫോസ് തുടങ്ങി കര്‍ഷകര്‍ ഉപയോഗിക്കുന്ന ഓരോ വളത്തിനും വില കുത്തനെ വര്‍ധിച്ചു വരുന്നു. ഓരോ സീസണിലും അഞ്ച് മുതല്‍ പത്ത് ശതമാനം വരെ വിലവര്‍ധന അനുഭവപ്പെടുന്നുണ്ട്. ചില ഘട്ടങ്ങളില്‍ വളത്തിന് കടുത്ത ക്ഷാമവും നേരിടുന്നു. ഇതുമൂലം സമയബന്ധിതമായി വളം പ്രയോഗിക്കാന്‍ കഴിയാതെ വരികയും ഉത്പാദനത്തെ ബാധിക്കുകയും ചെയ്യുന്നു. ഗുണമേന്മയുള്ള വിത്ത്, വെള്ളം എന്നതു പോലെ പ്രധാനമാണ് നെല്‍കര്‍ഷകര്‍ക്ക് സമയബന്ധിതമായ വളപ്രയോഗവും.
ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് നെല്ല് ഉത്പാദിപ്പിച്ചാല്‍ തന്നെ സപ്ലൈകോ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിക്കുന്ന നെല്ലിന്റെ വില ലഭിക്കാന്‍ കാലതാമസം നേരിടുകയും ചെയ്യുന്നു. കുട്ടനാട്ടിലുള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പാടശേഖരം പാട്ടത്തിനെടുത്താണ് കര്‍ഷകര്‍ നെല്ലിറക്കുന്നത്. യഥാസമയം വില ലഭ്യമല്ലാതെ വരുന്നത് കൃഷിയില്‍ നിന്ന് അവര്‍ പിന്തിരിയാന്‍ ഇടയാക്കും. സംസ്ഥാനം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മൂലമാണ് കര്‍ഷകര്‍ക്ക് സമയത്തിന് വില നല്‍കാന്‍ സാധിക്കാതെ വരുന്നത്. കേന്ദ്രം പ്രഖ്യാപിച്ച ചുരുങ്ങിയ താങ്ങുവിലക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം വിഹിതം കൂടി ചേര്‍ത്താണ് കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നത്.
സമീപ കാലത്തായി സംസ്ഥാനത്ത് താപനില ക്രമാതീതമായി വര്‍ധിച്ചു വരികയാണ്. ഇത് മനുഷ്യജീവിതത്തെയും ശുദ്ധജല ലഭ്യതയെയും മാത്രമല്ല, നെല്ല് പോലുള്ള കൃഷികളെയും പ്രതികൂലമായി ബാധിക്കുന്നു. ഇക്കഴിഞ്ഞ സീസണില്‍ കുട്ടനാട്, അപ്പര്‍കുട്ടനാട്, പാലക്കാട് തുടങ്ങി പ്രധാന കേന്ദ്രങ്ങളില്‍ നെല്ലുത്പാദനത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടു. ഏക്കറില്‍ ഏകദേശം 25 മുതല്‍ 30 വരെ ക്വിന്റല്‍ നെല്ല് ലഭിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ സീസണില്‍ 15 മുതല്‍ 20 വരെ ക്വിന്റലാണ് ലഭിച്ചതെന്നാണ് കുട്ടനാട്ടിലെ കര്‍ഷകര്‍ പറയുന്നത്. 1,69,106 മെട്രിക് ടണ്ണായിരുന്നു ആലപ്പുഴയിലെ 2022-23 വര്‍ഷത്തെ നെല്ലുത്പാദനമെങ്കില്‍ 2023-24ല്‍ 1,48,512 ആയി കുറഞ്ഞു. വ്യത്യസ്തമല്ല പാലക്കാട് തുടങ്ങി സംസ്ഥാനത്തെ മറ്റു നെല്ലുത്പാദന കേന്ദ്രങ്ങളിലെ അവസ്ഥയും. നിലവില്‍ മൂന്ന് ലക്ഷത്തോളം കര്‍ഷകരാണ് നെല്ലുത്പാദന രംഗത്തുള്ളത്. ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ അവരെയും മേഖലയുമായി അകറ്റാന്‍ ഇടയാക്കും.
ഓരോ ബജറ്റിലും നെല്‍കൃഷി വികസനത്തിന് നല്ലൊരു തുക നീക്കിവെക്കുന്നുണ്ട് സര്‍ക്കാര്‍. അതിന്റെ ഗുണഫലം കാര്‍ഷിക മേഖലയില്‍ അനുഭവപ്പെടുന്നില്ല. നെല്‍വയല്‍ നിലനിര്‍ത്തേണ്ടതും ഉത്പാദനം വര്‍ധിപ്പിക്കേണ്ടതും നെല്‍കര്‍ഷകരുടെ മാത്രം ആവശ്യമല്ല, കേരളീയ സമൂഹത്തിന്റെ മൊത്തം അനിവാര്യതയാണെന്ന ബോധം സമൂഹത്തില്‍ വളര്‍ന്നു വരേണ്ടതുണ്ട്. ചെളിയും മണ്ണും പുരളാനിടയാക്കുന്ന നെല്‍കൃഷി മോശം തൊഴിലാണെന്ന പുതുതലമുറയുടെ തെറ്റായ ധാരണ തിരുത്തി അവരെ മേഖലയിലേക്ക് ആകര്‍ഷിക്കാനാവശ്യമായ കൂട്ടായ ശ്രമം വേണം. കേരളത്തിന്റെ ഭൂപ്രകൃതിയും ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോള്‍ നമുക്കാവശ്യമായ അരി പൂര്‍ണമായും ഇവിടെ തന്നെ ഉത്പാദിപ്പിക്കാനോ നെല്ലുത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനോ സാധ്യമല്ലെങ്കിലും അവശേഷിക്കുന്ന വയലുകള്‍ ഇനിയും നഷ്ടപ്പെടാതിരിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുകയും തരിശുഭൂമികള്‍ പരമാവധി കൃഷിയോഗ്യമാക്കുകയും ചെയ്താല്‍ ഉത്പാദനത്തില്‍ ഗണ്യമായ പുരോഗതി സൃഷ്ടിക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ സമഗ്രമായൊരു പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരേണ്ടതുണ്ട്.