Kerala
നെല്ല് സംഭരണം; 27,815 കര്‍ഷകര്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍
നെല്‍ സംഭരണത്തില്‍ 189 കോടി രൂപ കുടിശികയാണ്.
തിരുവനന്തപുരം | നെല്ല് സംഭരിച്ച വകയില്‍ 27, 815 കര്‍ഷകര്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍ നിയമസഭയെ അറിയിച്ചു. നെല്‍ സംഭരണത്തില്‍ 189 കോടി രൂപ കുടിശികയാണ്. ആകെ 558.66 കോടി രുപയാണ് 74,107 കര്‍ഷകര്‍ക്ക് വിതരണം ചെയ്യേണ്ടത്. അതില്‍ ജനുവരി 27 വരെ വിതരണം ചെയ്തത് 46,292 കര്‍ഷകര്‍ക്ക് 369.29 കോടി രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.
ഇതര സംസ്ഥാനത്ത് നിന്നും നെല്ലു കൊണ്ടുവന്ന് സംസ്ഥാനത്തിന്റെ സംവരണത്തില്‍ ഉള്‍പ്പെടുത്തിയതായി പരാതികളുണ്ടായെങ്കിലും അന്വേഷണത്തില്‍ അത് കണ്ടെത്തിയിട്ടില്ല. നിശ്ചിത അളവില്‍ നെല്ല് നല്‍കുവാന്‍ കഴിയാത്ത കര്‍ഷകരുടെ പേരില്‍ അധികം നെല്ല് സംഭരിച്ചതായി സപ്ലൈകോ വിജിലന്‍സ് കണ്ടെത്തി. എന്നാല്‍, അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വന്നതാണെന്ന് ഉറപ്പാക്കാനുള്ള തെളിവുകള്‍ പരിശോധനയില്‍ ലഭിച്ചിട്ടില്ല.ഇതര സംസ്ഥാനത്തു നിന്നും നെല്ല് ശേഖരിക്കാന്‍ മില്ലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് സംഭരിക്കുന്നതിന് മാത്രമാണ് കരാറില്‍ മില്ലുകള്‍ക്ക് സപ്ലൈകോ അനുമതി നല്‍കിയിരിക്കുന്നത്. 2022-23 കാലത്ത് 61 മില്ലുകള്‍ സപ്ലൈകോയുമായി കരാറില്‍ ഏര്‍പ്പെട്ടു. നാളിതുവരെ 74,544 കര്‍ഷകരില്‍നിന്നായി 1.98 ലക്ഷം നെല്ല് സംഭരിച്ചു.നെല്ല് സംവരണത്തിലെ അപാകതകള്‍ സംബന്ധിച്ച് പരാതികള്‍ ലഭിച്ചിരുന്നു. ഇത്തരം പരാതികളില്‍മേല്‍ സത്വര ഇടപെടല്‍ നടത്തുകയും സമയബന്ധിതമായി പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു.
2022-23 സീസണിലെ നെല്ല് സംവരണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രേഖകളില്‍ കൃത്രിമത്വം കാണിച്ച പാലക്കാട് ജില്ലയിലെ നെല്ല് സംഭരണ അസിസ്റ്റന്റ് കെ ഷൈജുവിനെതിരെ മങ്കര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.മറ്റൊരു പരാതിയുമായി ബന്ധപ്പെട്ട് പാലക്കാട് നെല്ല് മാര്‍ക്കറ്റിങ് ഓഫീസറെ കോട്ടയം ജില്ലയിലേക്ക് സ്ഥലംമാറ്റി. പരാതിയുടെ അടിസ്ഥാനത്തില്‍ മറ്റൊരു നെല്ല് മാര്‍ക്കറ്റിംഗ് ഓഫീസറെ മാതൃ വകുപ്പിലേക്ക് തിരിച്ചയച്ചു.നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ ജനുവരി 11ന് ചേര്‍ന്ന് കൃഷി- ഭക്ഷ്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനിച്ചുവെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.