Saudi Arabia
വൈറ്റമിനുകളാലും നാരുകളാലും സമൃദ്ധം; 'അല്‍-സംറ' ഗോതമ്പിന് ആവശ്യക്കാരേറെ
വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ ഈ ഗോതമ്പാണ് വിശുദ്ധ റമസാനില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത്.

നജ്റാന്‍ | സഊദി അറേബ്യയുടെ തെക്കന്‍ മേഖലയായ നജ്റാനില്‍ ഉത്പാദിപ്പിക്കുന്ന തവിട്ട് നിറത്തിലുള്ള അല്‍-സംറ ഗോതമ്പിന് ആവശ്യക്കാര്‍ ഏറെയാണ്. വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ ഈ ഗോതമ്പാണ് വിശുദ്ധ റമസാനില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത്.
വൈറ്റമിന്‍ ബി, ഇ, ഫോളിക് ആസിഡ്, സിങ്ക്, നാരുകള്‍ എന്നിവയാല്‍ സമ്പന്നമായ പ്രത്യേക ഇനമാണ് അല്‍-സംറ ഗോതമ്പ്. റമസാന്‍ കാലത്ത് അറബ് ഭക്ഷണത്തിലെ പ്രധാന വിഭവങ്ങള്‍ തയ്യാറാക്കുന്നതും ഈ ഗോതമ്പ് കൊണ്ടാണ്. മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഇനം കൂടിയാണിത്. പ്രാദേശികമായി അല്‍-ബര്‍ അല്‍-നജ്റാനി എന്ന പേരിലും ഇത് അറിയപ്പെടുന്നു.
യു എസ് ആസ്ഥാനമായ ‘സ്ലോ ഫുഡ് ഓര്‍ഗനൈസേഷന്റെ ആര്‍ക്ക് ഓഫ് ടേസ്റ്റ് ‘ വംശനാശം നേരിടുന്നതും, രുചികരവും വ്യതിരിക്തവുമായ ഭക്ഷണങ്ങളുടെ പട്ടികയില്‍ സഊദി അറേബ്യയിലെ തിരഞ്ഞെടുത്ത 13 ഉത്പന്നങ്ങളില്‍ ഒന്നായി സ്ലോ ഫുഡിന്റെ ആര്‍ക്ക് ഓഫ് ടേസ്റ്റ് അല്‍-ബര്‍ അല്‍-നജ്റാനി (അല്‍-സംറ)യെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഗോള തലത്തില്‍ 3,500-ലധികം ഉത്പന്നങ്ങളാണ് അന്താരാഷ്ട്ര രുചിക്കൂട്ട് പട്ടികയിലുള്ളത്.
കൃഷി രീതി
രാജ്യത്തിന്റെ ശൈത്യകാലത്തിന് തൊട്ടുമുമ്പ് ഒക്ടോബറിലാണ് ആദ്യം നടീല്‍ ആരംഭിക്കുക. രാസവസ്തുക്കളില്ലാതെയാണ് കൃഷിയെന്നും കാര്‍ഷിക യന്ത്രങ്ങളിലെ പുരോഗതി കാര്യക്ഷമതയും ഉത്പന്ന ഗുണനിലവാരവും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. സമഗ്രമായ നിലമൊരുക്കലിനു ശേഷം, ധാന്യ വളര്‍ച്ചയ്ക്കായി ജലസേചനത്തിലൂടെ മണ്ണ് ഈര്‍പ്പമുള്ളതാക്കി മാറ്റിയ ശേഷമാണ് നടീല്‍ ആരംഭിക്കുക. നിലമൊരുക്കലിനും വിളവെടുപ്പിനും പരമ്പരാഗതമായി മൃഗങ്ങളെയാണ് ആശ്രയിക്കുന്നത്. കൂടാതെ ആധുനിക നടീല്‍ രീതികളും നൂതന യന്ത്രങ്ങളുടെ ഉപയോഗവും ഇന്ന് ഗോതമ്പ് കൃഷി എളുപ്പമാക്കിയിട്ടുണ്ട്. കീടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും ഉയര്‍ന്ന ഗുണനിലവാരം ഉറപ്പാക്കുന്നതിനും കുറഞ്ഞ ജലസേചനമാണ് ഉപയോഗപ്പെടുത്തുന്നത്.
വിത്തിനം
സങ്കരവിഭവങ്ങളില്ലാത്തതും, തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന പൈതൃകം കാത്തുസൂക്ഷിക്കുന്ന വിത്തിനം കൂടിയാണിത്.
പോഷകമൂല്യവും ആരോഗ്യ ഗുണങ്ങളുമാണ് വിപണിയില്‍ അല്‍-സംറ ഗോതമ്പിന് ഉയര്‍ന്ന ഡിമാന്‍ഡ് ലഭിക്കാന്‍ കാരണം. അല്‍-സംറക്ക് പുറമെ റഖ്ഷ്, വഫ്ദ് എന്നിവയുള്‍പ്പെടെ നിരവധി ജനപ്രിയ ഗോതമ്പ് വിഭവങ്ങളും വിപണിയില്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ സാംസ്‌കാരിക പൈതൃക പ്രദര്‍ശനത്തിലെ നജ്റാന്‍ ഗോതമ്പ് ഫെസ്റ്റിവലില്‍ അല്‍-സംറയെ ഉള്‍പ്പെടുത്തിയിരുന്നു.