Editors Pick
അമേരിക്കൻ ചരിത്രത്തിലെ സമ്പന്നരായ പ്രസിഡൻ്റുമാർ
അമേരിക്കൻ പ്രസിഡൻ്റുമാരിൽ ഏറ്റവും ധനികൻ ഡൊണാൾഡ് ട്രംപ് തന്നെ. അദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ ആസ്തി 5.5 ബില്യൺ ഡോളറാണ് (46382 കോടി രൂപ).
അമേരിക്ക 47‐ാമത്തെ പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാനുള്ള അവസാനഘട്ട നടപടിയിലാണ്. 45‐ാം പ്രസിഡൻ്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ് പുതിയ പ്രസിഡൻ്റാകും എന്നുറപ്പായിക്കഴിഞ്ഞു. 1789ൽ തുടങ്ങിയ അമേരിക്കൽ പ്രസിഡൻ്റുമാരുടെ ചരിത്രത്തിൽ ധനികരായ പ്രസിഡൻ്റുമാർ നിരവധിയാണ്. ഡോണൾഡ് ട്രംപ് ഉൾപ്പെടെ അക്കൂട്ടത്തിൽപ്പെടും.
സിബിഎസ് ന്യൂസ് അനുസരിച്ച്, ഏറ്റവും ധനികരായ യുഎസ് പ്രസിഡൻ്റുമാരെ പരിചയപ്പെടാം. അവരുടെ വരുമാനം, റിയൽ എസ്റ്റേറ്റ് ഹോൾഡിംഗ്സ്, ഇണകളുടെ സമ്പത്ത്, അനന്തരാവകാശം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ആസ്തി.
ബിൽ ക്ലിൻ്റൺ:
വില്യം ജെഫേർസൺ ബിൽ ക്ലിൻ്റൺ യുഎസിൻ്റെ 42‐ാമത് (1993-2001) പ്രസിഡണ്ടായിരുന്നു. ഡെമോക്രാറ്റിക് പാർട്ടി അംഗമായ ക്ലിൻ്റൺ, ജോർജ് എച്ച് ബുഷിനെ പരാജപ്പെടുത്തിയാണ് 1993-ൽ പ്രസിഡണ്ടായത്. അമേരിക്കൻ പ്രസിഡൻ്റുമാരിൽ ഏറ്റവും ചെറുപ്പത്തിൽ പ്രസിഡൻ്റായവരുടെ പട്ടികയിൽ മൂന്നാമതാണ് ബിൽ ക്ലിൻ്റണിൻ്റെ സ്ഥാനം. പ്രസിഡൻ്റാകുമ്പോൾ കിൻ്റണിൻ്റെ ആസ്‌തി 91.6 ദശലക്ഷം ഡോളറായിരുന്നു (ഇന്നത്തെ 765 കോടിയോളം രൂപ).
ഹെർബർട്ട് ഹൂവർ:
1929 മുതൽ 1933 വരെ അമേരിക്കയുടെ 31-ാമത് പ്രസിഡൻ്റായിരുന്നു ഹെർബർട്ട് ഹൂവർ. ധനികനായ അദ്ദേഹം മൈനിങ് എഞ്ചിനീയറായാണ് പ്രസിദ്ധനായത്. പിന്നീട് രാഷ്‌ട്രീയത്തിൽ എത്തി. 1929ൽ അമേരിക്കൻ പ്രസിഡൻ്റാകുമ്പോൾ 100.1 ദശലക്ഷം ഡോളറായിരുന്നു ഹൂവറിൻ്റെ ആസ്‌തി. ഇന്നത്തെ കണക്കിൽ ഏകദേശം 850 കോടിയോളം രൂപ.
ലിൻഡൻ ബി ജോൺസൺ:
ലിൻഡൻ ബി ജോൺസൺ അമേരിക്കയുടെ 36‐ാം പ്രസിഡൻ്റാണ്. വൈസ് പ്രസിഡൻ്റായിരുന്ന ലിൻഡൻ, ജോൺ എഫ് കെന്നഡിയുടെ മരണത്തെ തുടർന്ന് ചുമതല ഏറ്റെടുത്തു. 1963 നവംബർ 22 കെന്നഡിയുടെ കാലവധി തീരും വരെ പ്രസിഡൻ്റായി തുടർന്നു. പിന്നീട് ഡെമോക്രാറ്റ് സ്ഥാനാർഥിയായി 1964-ൽ വീണ്ടും അധികാരത്തിൽ വന്നു. 131.9 ദശലക്ഷം ഡോളറായിരുന്നു ലിൻഡണിൻ്റെ ആസ്‌തി.
ജെയിംസ് മാഡിസൺ:
അമേരിക്കയുടെ നാലാമത്തെ പ്രസിഡൻ്റ് (1809–17) ആണ് ജയിംസ് മാഡിസൺ ജൂനിയർ. അമേരിക്കൻ “ഭരണഘടനയുടെ പിതാവ്” എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 131.9 ദശലക്ഷം ഡോളറായിരുന്നു അദ്ദേഹത്തിൻ്റെ ആസ്‌തി.
ആൻഡ്രൂ ജാക്സൺ:
യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ ഏഴാമത്തെ പ്രസിഡൻ്റായിരുന്നു ആൻഡ്രൂ ജാക്‌സൺ. 1829 മുതൽ 1837 വരെയാണ് ഇദ്ദേഹം അമേരിക്കൻ പ്രസിഡൻ്റായിരുന്നത്. സ്വയം പഠിച്ച് നിയമപരീക്ഷ പാസ്സായ അദ്ദേഹം വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരു പബ്ലിക് പ്രോസിക്യൂട്ടറായി. ഔദ്യോഗികമായി ടെന്നെസി ഒരു അമേരിക്കൻ സംസ്ഥാനമായി മാറിയ 1796ൽ അവിടത്തെ അറ്റോർണി ജനറലായിരുന്നു, ജാക്സൺ. 160.1 ദശലക്ഷം ഡോളറായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്ന ആസ്‌തി.
തിയോഡോർ റൂസ്‌വെൽറ്റ്:
തിയോഡോർ റൂസ്‌വെൽറ്റ് ജൂനിയർ 1901 മുതൽ 1909 വരെ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ 26-ാമത്തെ പ്രസിഡൻ്റായിരുന്നു. 168.6 ദശലക്ഷം ഡോളറായിരുന്നു ആസ്‌തി.
ജോൺ എഫ് കെന്നഡി:
യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ 35-ാമത്തെ പ്രസിഡൻ്റായിരുന്നു ജോൺ എഫ് കെന്നഡി. 1961 മുതൽ 1963-ൽ അദ്ദേഹം കൊല്ലപ്പെടുന്നത് വരെ അമേരിക്കയുടെ ഭരണ തലവനായി സേവനമനുഷ്ഠിച്ചു. പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. 1.3 ബില്യൺ ഡോളർ (ഏകദേശം 11,000 കോടിയോളം രൂപ) ആയിരുന്നു ആസ്‌തി.
ഡൊണാൾഡ് ട്രംപ്:
അമേരിക്കൻ പ്രസിഡൻ്റുമാരിൽ ഏറ്റവും ധനികൻ. 2017ൽ അമേരിക്കയുടെ 45‐ാമത് പ്രസിഡൻ്റായി. അന്ന് 3.7 ബില്യൺ ഡോളർ (31,200 കോടി രൂപ) ആയിരുന്നു ആസ്‌തി അമേരിക്കയിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനാണ് അദ്ദേഹം. യുഎസിൻ്റെ 47-ാമത് പ്രസിഡൻ്റാകാൻ പോകുന്ന അദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ ആസ്തി 5.5 ബില്യൺ ഡോളറാണ് (46382 കോടി രൂപ).