Connect with us

niyamasabha

പരിഹാസവും പുച്ഛവും: മന്ത്രി രാജേഷും വി ഡി സതീശനും തമ്മില്‍ വാക്‌പോര്

ആരോഗ്യകരമായ ചര്‍ച്ചയും സമീപനവുമാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാല്‍ അതുണ്ടാകാറില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് വി ഡി സതീശനും മന്ത്രി എം ബി രാജേഷും തമ്മില്‍ നിയമസഭയില്‍ വാക്‌പോര്. പരിഹാസവും പുച്ഛവുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തില്‍. അത് തിരുത്തണം. തിരുത്തല്‍ നിങ്ങള്‍ക്കുമാകാമെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് തനിക്കുനേരെ വിരല്‍ചൂണ്ടി ധിക്കാരത്തോടെ പ്രസംഗിച്ചതില്‍ പ്രതിഷേധിക്കുന്നുവെന്ന് മന്ത്രി ആര്‍ ബിന്ദുവും പറഞ്ഞു. മന്ത്രിമാര്‍ക്കെതിരെ എന്തെങ്കിലും മോശമായി പറഞ്ഞതായി ചൂണ്ടിക്കാണിച്ചാല്‍ തിരുത്താമെന്ന് പറഞ്ഞ വി ഡി സതീശന്‍ അനീതി കണ്ടാല്‍ വിരല്‍ ചൂണ്ടിത്തന്നെ പറയുമെന്നും തിരിച്ചടിച്ചു.

ആരോഗ്യകരമായ ചര്‍ച്ചയും സമീപനവുമാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാല്‍ അതുണ്ടാകാറില്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്തലാണ് രണ്ടുമൂന്നു മന്ത്രിമാരുടെ സ്ഥിരം പരിപാടി. ധിക്കാരവും ധാര്‍ഷ്ട്യവും പുച്ഛവും ആര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാം. അത് തിരുത്താന്‍ ആണല്ലോ നിങ്ങള്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ ചാപ്പ എന്റെ മേല്‍ കുത്തേണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

മന്ത്രി എം ബി രാജേഷ് സ്പീക്കര്‍ ആകാന്‍ ശ്രമിക്കുന്നുവെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. എക്‌സൈസ് വകുപ്പിനെതിരെയുള്ള അഴിമതി കൊണ്ടുവന്നതിന് ശേഷമാണ് തന്നെ ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് അദ്ദേഹം തിരിച്ചടിച്ചു. മുന്നോട്ടുവെച്ച വിമര്‍ശനങ്ങളെ സ്വീകരിക്കുകയോ നിരാകരിക്കുകയോ പ്രതിപക്ഷ നേതാവിന് ചെയ്യാമെന്ന് എം ബി രാജേഷ് പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് മറുപടിയില്ല.

ഒരു പ്രകോപനത്തിനും ഇല്ല. പലപ്പോഴും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് വി ഡി സതീശന്‍ സഭയില്‍ പറയുന്നത്. അത് തിരുത്താന്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വഴങ്ങാറില്ലെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തി.