National
ഭാര്യയെ പരിഹസിക്കുന്നതും ടി വി കാണുന്നത് വിലക്കുന്നതും 'ക്രൂരത'യല്ല: ബോംബെ ഹൈക്കോടതി
ഭർത്താവിനും കുടുംബാംഗങ്ങൾക്കും എതിരെ ഐ പി സി 498A, 306 (ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ) വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ വിചാരണക്കോടതി ശിക്ഷിച്ചതിനെ തുടർന്ന് പ്രതികൾ നൽകിയ അപ്പീലിലാണ് സിംഗിൾ ബഞ്ചിന്റെ വിധി.
മുംബൈ | ഭാര്യയെ പരിഹസിക്കുക, ക്ഷേത്ര ദർശനം നടത്തുന്നത് തടയുക, കാർപെറ്റിൽ ഉറങ്ങാൻ പറയുക തുടങ്ങിയ ആരോപണങ്ങൾ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 498A-നു കീഴിലുള്ള ‘ക്രൂരത’യായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. 2002-ൽ ഒരു സ്ത്രീ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ. ഭർത്താവിനും കുടുംബാംഗങ്ങൾക്കും എതിരെ ഐ പി സി 498A, 306 (ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ) വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ വിചാരണക്കോടതി ശിക്ഷിച്ചതിനെ തുടർന്ന് പ്രതികൾ നൽകിയ അപ്പീലിലാണ് സിംഗിൾ ബഞ്ചിന്റെ വിധി.
മരിച്ച സ്ത്രീയെ അവൾ പാചകം ചെയ്ത ഭക്ഷണത്തിന്റെ പേരിൽ പരിഹസിച്ചു, അയൽക്കാരുമായി ഇടപഴകുന്നത് തടഞ്ഞു, ഒറ്റയ്ക്ക് ക്ഷേത്രം സന്ദർശിക്കുന്നത് തടഞ്ഞു, ടിവി കാണുന്നത് തടഞ്ഞു, കാർപെറ്റിൽ ഉറക്കി തുടങ്ങിയ ആരോപണങ്ങളാണ് യുവാവിന് എതിരായ പരാതിയിൽ ഉന്നയിച്ചിരുന്നത്. സ്ത്രീയെ ഒറ്റയ്ക്ക് മാലിന്യം വലിച്ചെറിയാൻ അനുവദിച്ചിരുന്നില്ലെന്നും രാത്രിയിൽ വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നുവെന്നും പരാതിയിൽ പറയുന്നു.
എന്നാൽ ഇത്തരം ആരോപണങ്ങളെ ക്രൂരതയായി കാണാനാകില്ലന്നെ് കോടതി നിരീക്ഷിച്ചു. ഇത് കുടുംബത്തിന്റെ ആഭ്യന്തര വിഷയങ്ങളാണ്. അതിന് നിയപ്രകാരമുള്ള കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. മരിച്ച സ്ത്രീയുടെ ഗ്രാമത്തിൽ എല്ലാ ദിവസവും രാത്രി ഒന്നരക്കാണ് ജലവിതരണം ഉണ്ടായിരുന്നത്. ആ പ്രദേശത്തുകാർ എല്ലാവരും ജലം ശേഖരിച്ചിരുന്നത് ആ സമയത്താണ്. അതുകൊണ്ട് രാത്രി വെള്ളം ശേഖരിക്കാൻ പറഞ്ഞു എന്നത് കുറ്റകരമായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.
സ്ത്രീ ആത്മഹത്യചെയ്യുന്നതിന് സമീപ ദിവങ്ങളിൽ എപ്പോഴെങ്കിലും ഭർത്താവുമായി അവർക്ക് എന്തെങ്കിലും ആശയവിനിമയം ഉണ്ടായിരുന്നില്ലന്നെ് സ്ത്രീയുടെ കുടുംബം സമ്മതിച്ചതിനാൽ ആത്മഹത്യാ പ്രേരണകുറ്റം നിലനിൽക്കില്ലെന്നും ആത്മഹത്യയുടെ കാരണം ദുരൂഹമാണെന്നും കോടതി നിരീക്ഷിച്ചു.