Kerala
റിഫയുടെ ദുരൂഹ മരണം; പോക്സോ കേസിൽ ഭർത്താവ് മെഹ്നാസ് അറസ്റ്റിൽ
റിഫയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി വരാനിരിക്കെയാണ് അറസ്റ്റ്.
കോഴിക്കോട് |വ്‌ളോഗര്‍ റിഫ മെഹ്നു ദുബെെയിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭര്‍ത്താവ് മെഹ്‌നാസ് അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് അറസ്റ്റ്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നതാണ് പോക്സോ കേസ് ചുമത്താൻ കാരണമായത്. റിഫയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി വരാനിരിക്കെയാണ് അറസ്റ്റ്.
കാസർകോട്ടെ വീട്ടിൽ നിന്നാണ് താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മെഹ്നാസിനെ കസ്റ്റഡിയില്‍ എടുത്തത്. മെഹ്നാസിനെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും.
കോഴിക്കോട് ബാലുശേരി സ്വദേശിനിയായ റിഫയെ ഫെബ്രുവരി അവസാനമാണ് ദുബായ് ജാഫിലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മെഹ്നാസിനൊപ്പം താമസിച്ച് വരുന്നതിനിടെയായിരുന്നു സംഭവം.
റിഫയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. സംസ്‌കരിച്ച് രണ്ടുമാസത്തിനു ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തുകയും ചെയ്തിരുന്നു.