Connect with us

rifa mehnu case

റിഫയുടെ മരണം: ഭര്‍ത്താവിനായി ലുക്കൗട്ട് നോട്ടീസ്

റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും നോട്ടീസ് പതിക്കും

Published

|

Last Updated

കോഴിക്കോട് | വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്നാസിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടും മെഹ്നാസ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പോലീസ് നടപടി. റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും ലുക്കൗട്ട് നോട്ടീസ് പതിക്കും. വിദേശത്തേക്ക് കടക്കുന്നത് തടയാനും പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ അന്വേഷണ സംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്.

മെഹ്നാസിന്റെ വീട്ടിലെത്തിയ അന്വേഷണ സംഘം കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുത്തിരുന്നു. മെഹ്നാസ് പെരുന്നാളിന് ശേഷം വീട്ടിലെത്തിയിട്ടില്ലെന്നും യാത്രയിലാണെന്നുമാണ് കുടുംബം പറഞ്ഞത്. എന്നാല്‍ മെഹ്നാസ് വിദേശത്തേക്ക് കടന്നിട്ടില്ലെന്നാണ് പോലീസ് വിലയിരുത്തുന്നത്. അദ്ദേഹം രാജ്യത്ത് തന്നെ ഒളിവില്‍ കഴിയുകയാണെന്ന് പോലീസ് വിലയിരുത്തുന്നു.

മാസങ്ങള്‍ക്ക് മുമ്പ് ദുബൈയിലെ ഫ്‌ളാറ്റില്‍വെച്ചാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിഫ തൂങ്ങിമരിച്ചെന്നായിരുന്നു ഭര്‍ത്താവ് മെഹ്നാസ് അറിയിച്ചത്. എന്നാല്‍ മെഹ്നാസ് റിഫയെ മര്‍ദിക്കാറുണ്ടെന്നും മകളുടെ മരണത്തില്‍ അയാള്‍ക്ക് പങ്കുണ്ടെന്നും കാണിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മകള്‍ അയച്ച വാട്‌സാപ്പ് സന്ദേശങ്ങളും മറ്റും പിതാവ് തെളിവായി പോലീസിന് കൈമാറിയിരുന്നു.

തുടര്‍ന്ന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കുടുംബത്തിന്റെ സമ്മതത്തോടെ റിഫയുടെ മൃതദേഹം ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് വരാനിരിക്കെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.

 

Latest