Connect with us

Editors Pick

വലതുപക്ഷ ആക്രമം വ്യാപകം; ജര്‍മനി വീണ്ടും ഹിറ്റലര്‍ യുഗത്തിലേക്കോ

മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും കുടിയേറ്റക്കാർക്കുമെതിരെയുള്ള അതിക്രമത്തിൽ കഴിഞ്ഞ വർഷം 5 ശതമാനം വളർച്ച

Published

|

Last Updated

ബെര്‍ലിന്‍ | ജര്‍മനിയില്‍ തീവ്രവലതു പക്ഷ വിഭാഗത്തിന്റെ ക്രൂരതകള്‍ പെരുകുന്നതായി കണക്കുകള്‍. 2022ല്‍ മുൻ വർഷത്തേക്കാള്‍ അഞ്ച് ശതമാനം അധികം കുറ്റകൃത്യങ്ങൾ ഉണ്ടായതായി അഭ്യന്തര വകുപ്പിന്റെ റിപോര്‍ട്ട്.  23,083 കുറ്റകൃത്യങ്ങളാണ് തീവ്രവലതു പക്ഷ വിഭാഗക്കാരുടെ പേരിൽ കഴിഞ്ഞ വർഷം രജിസ്ട്രർ ചെയ്തത്. 2021ൽ 21,964 കുറ്റകത്യങ്ങളായിരുന്നു  ഉണ്ടായത്.

എന്നാല്‍, ഔദ്യോഗിക കണക്കുകള്‍ കൃത്യമല്ലെന്നും പുറത്തുവന്നതിനേക്കാള്‍ പലമടങ്ങാണ് സത്യമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. പോലീസില്‍ അറിയിച്ചാലും വലിയ കാര്യമില്ലെന്ന ഉറപ്പുകാരണം ഇരകളില്‍ പലരും ആ വഴിക്ക് തന്നെ പോകാറേയില്ല.

മുസ്ലിം വിരുദ്ധ കുറ്റകൃത്യങ്ങള്‍
2022ൽ രാജ്യത്താകമാനം 569 ഇസ്ലാമോഫോബിക് കുറ്റകൃത്യങ്ങള്‍ നടന്നെന്നാണ് പുതിയ കണക്ക്. 45 മുസ്ലിം പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായതായും 25 പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.

ക്രിസ്ത്യന്‍ വിഭാഗത്തോടുള്ള ക്രൂരത
മുസ്ലിംകള്‍ മാത്രമല്ല, ക്രിസ്ത്യാനികളും ജര്‍മനിയില്‍ സുരക്ഷിതരല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഔദ്യോഗിക കണക്കില്‍ തന്നെ 2022ല്‍ 2,639 ക്രിസ്തീയ വിരുദ്ധ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ 88 എണ്ണം ആക്രമണം തന്നെയായിരുന്നു. 31 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കൊടികുത്തി വാഴുന്ന കുടിയേറ്റ വിരുദ്ധത
യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ താരതമ്യേനെ മെച്ചപ്പെട്ട അഭയാര്‍ഥി നയം പുലര്‍ത്തിയിരുന്ന ജര്‍മനിയും കര്‍ശനമായ കുടിയേറ്റ വിരുദ്ധതയിലേക്ക് നീങ്ങുകയാണ്. 121 അഭയാര്‍ഥി കേന്ദ്രങ്ങള്‍ക്ക് നേരെയാണ് കഴിഞ്ഞ വര്‍ഷം ആക്രമണം നടന്നത്. 2015 മുതല്‍ പ്രതിവര്‍ഷം ഇത്തരം ആക്രമണങ്ങളുടെ എണ്ണം പെരുകുന്നതായാണ് കണക്കുകള്‍.

1,248 അഭയാര്‍ഥികള്‍ ശാരീരികമായും അല്ലാതെയും അഭയാര്‍ഥി കേന്ദ്രങ്ങള്‍ക്ക് പുറത്ത് 2022ൽ ആക്രമിക്കപ്പെട്ടു. സിറിയ, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങള്‍ക്ക് പുറമെ ശക്തമായ യുദ്ധം നടക്കുന്ന യുക്രൈനില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് ജര്‍മനിയില്‍ അഭയം തേടിയത്.

Siraj Live sub editor 9744663849

Latest