Connect with us

pt thomas death

നിലപാടിലെ കാർക്കശ്യം, ഉറച്ച ശബ്ദം; മറഞ്ഞത് കോൺഗ്രസ്സിലെ ജനകീയ മുഖം

Published

|

Last Updated

കൊച്ചി | നിലപാടുകളിൽ ചാഞ്ചാട്ടമില്ലാതെ അഭിപ്രായങ്ങളിൽ ഉറച്ചുനിന്ന കോൺഗ്രസ്സിലെ ജനകീയ മുഖമാണ് പി ടി തോമസ്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൊതുപ്രവർത്തനത്തിനിടെ അഴിമതിയുടെ കറപുരളാത്ത പി ടി രാഷ്ട്രീയ എതിരാളികളുടെ പോലും സ്‌നേഹാദരവുകൾ നേടിയിരുന്നു. നിലപാടുകളുടെ പേരിൽ സംഭവിച്ച നഷ്ടങ്ങൾ, പാർട്ടിക്കകത്തും പുറത്തും എന്നും എപ്പോഴും വ്യത്യസ്തനായിരുന്ന പി ടിക്ക് അലങ്കാരമായിരുന്നു.

ശരിയെന്ന് ബോധ്യമുള്ളതിനായി അണുവിട വ്യതിചലിക്കാത്ത സമര വ്യക്തിത്വമായിരുന്നപ്പോഴും കോൺഗ്രസ്സിന്റെ ആദർശങ്ങളിൽ നിന്ന് അൽപം പോലും മാറി നടക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. നിയമസഭയിലും പാർലിമെന്റിലും കോൺഗ്രസ്സിന്റെ വീറുറ്റ മുഖമായിരുന്ന പി ടി സാധാരണക്കാരുടെ വികാരങ്ങളും പ്രശ്‌നങ്ങളും ഏറ്റെടുക്കാൻ എപ്പോഴും ഒരുപടി മുന്നിലുമുണ്ടായിരുന്നു. ഇടുക്കിയിലെ കർഷക കുടുംബത്തിൽ ജനിച്ച് മണ്ണിനോടും വന്യമൃഗങ്ങളോടും പടവെട്ടി വളർന്നു വന്ന അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് കാരിരുമ്പിന്റെ കരുത്താണെന്ന് വാക്കിലും നോക്കിലും മാത്രമല്ല പ്രവൃത്തിയിലും തെളിയിച്ചു.എല്ലാ കാലവും മണ്ണിന്റെയും മനുഷ്യന്റെയും പരിസ്ഥിതിയുടെയും ശബ്ദമായിരുന്നു. ഇടുക്കിയിലെ പാറത്തോട് സെന്റ് ജോർജ് ഹൈസ്‌കൂളിൽ തുടങ്ങിയ വിദ്യാർഥി രാഷ്ട്രീയമാണ് തോമസിനെ കേരളം അറിയുന്ന നേതാവാക്കി വളർത്തിയത്. കെ എസ്‌ യു യൂനിറ്റ് കമ്മിറ്റി രൂപവത്കരിച്ചായിരുന്നു തുടക്കം. ശൂന്യതയിൽ നിന്ന് ആൾക്കൂട്ടത്തെയും ആൾക്കൂട്ടത്തിൽ നിന്ന് സംഘടനയെയും സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എതിരാളികളെപ്പോലും അമ്പരപ്പിച്ചിരുന്നു. കെ എസ് യു കാലം മുതൽ ആയിരങ്ങളെ ആവേശം കൊള്ളിച്ച നേതൃശൈലി ആയിരുന്നു പി ടിയുടേത്.

കെ എസ്‌ യുവിലും യൂത്ത് കോൺഗ്രസ്സിലും പിന്നീട് കോൺഗ്രസ്സിലും നിരവധി പദവികൾ ഏറ്റെടുത്തെങ്കിലും ഏതെങ്കിലും പദവിക്കായി പിടിവാശി കാട്ടിയില്ല. പലപ്പോഴും അർഹമായ സ്ഥാനങ്ങൾ പലതും തേടിയെത്തിയില്ല. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ശക്തമായ നിലപാടിനായി പാർട്ടിക്കകത്തും പുറത്തും തോമസ് പോരാടി. പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന ആവശ്യത്തിനെതിരെ പല തലത്തിൽ നിന്ന് എതിർപ്പുയർന്നപ്പോഴും അദ്ദേഹം ഉറച്ചുനിന്നു. ഗാഡ്ഗിലിനെച്ചൊല്ലി പാർട്ടിക്കുള്ളിലെ അടുത്തവർ പോലും അകന്നപ്പോഴും നിലപാട് മാറ്റത്തിന് തയ്യാറായില്ല. പി ടിയുടെ നിലപാടിനെതിരെ ഇടുക്കിയിലെ ക്രിസ്തീയ സഭകൾ രംഗത്തിറങ്ങി. പ്രതിഷേധക്കാർ ശവഘോഷയാത്ര പോലും നടത്തി പ്രതിഷേധിച്ചെങ്കിലും അദ്ദേഹം കുലുങ്ങിയില്ല. ഉറച്ച ഈ പരിസ്ഥിതി നിലപാട് സീറ്റ് നഷ്ടത്തിൽ പോലും കൊണ്ടെത്തിച്ചു. കോൺഗ്രസ്സ് നേതൃത്വം പി ടി തോമസിന് ലോക്‌സഭാ സീറ്റു നിഷേധിച്ചതോടെ സംരക്ഷകനായിരുന്ന ഉമ്മൻ ചാണ്ടിയുമായും അകന്നു. പിന്നീട് കെ പി സി സി പ്രസിഡന്റായിരുന്ന വി എം സുധീരനുമായി അടുപ്പത്തിലാകുകയും 2016ൽ സുധീരന്റെ ഇടപെടലിൽ തൃക്കാക്കരയിൽ മത്സരിച്ച് വിജയിച്ച് നിയമസഭയിലെത്തുകയുമായിരുന്നു. ഇടുക്കിയിൽ നിന്നിറങ്ങിയ പി ടി തൃക്കാക്കരയിൽ മത്സരിച്ച് ജയിച്ചാണ് വീണ്ടും കരുത്തു കാട്ടിയത്. അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത പി ടി നിരവധി ജനകീയ പ്രശ്‌നങ്ങളും നിയമസഭയിലെത്തിച്ചു.

ജീവിച്ചിരിക്കെ സ്വന്തം ശവഘോഷയാത്ര കണ്ട നേതാവ്

കൊച്ചി | പരിസ്ഥിതി സംരക്ഷണ നിലപാടിന്റെ പേരിൽ ജീവിച്ചിരിക്കുമ്പോൾ തന്റെ ശവഘോഷയാത്ര നടക്കുന്നത് കണ്ട നേതാവാണ് പി ടി തോമസ്. ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചു എന്ന കാരണത്താലാണ് കത്തോലിക്ക സഭാ നേതൃത്വം പി ടിയുടെ ശവഘോഷയാത്ര നടത്തിയത്.
“സമയമാം രഥത്തിൽ ഞാൻ സ്വർഗായാത്ര ചെയ്യുന്നു’ എന്ന ഗാനം ആലപിച്ചു നടത്തിയ അന്നത്തെ ശവഘോഷ യാത്രയിൽ മതപുരോഹിതർ പങ്കെടുത്തിരുന്നു. ഇതിനോടുള്ള എതിർപ്പിൽ നിന്നാകണം തന്റെ സംസ്‌കാര ചടങ്ങുകൾ മതത്തിന്റെ അതിരുകൾക്ക് പുറത്ത് നടത്താൻ അദ്ദേഹം ആഗ്രഹിച്ചത്. അന്നത്തെ ആ മനുഷ്യത്വരഹിതമായ പ്രതിഷേധത്തിന്റെ പേരിൽ കത്തോലിക്കാ സഭയും ഇടുക്കി രൂപതയും ഇനിയെങ്കിലും പി ടി തോമസിനോട് മാപ്പു പറയണമെന്നാണ് അദ്ദേഹത്തിന്റെ സ്‌നേഹിതരുടെ ആവശ്യം.

മതാചാരങ്ങൾ വേണ്ട; പൊതുശ്മശാനത്തിൽ സംസ്‌കരിക്കണം

കൊച്ചി | അന്ത്യോപചാര ചടങ്ങുകൾ എങ്ങനെ വേണമെന്ന കാര്യത്തിൽ പി ടി തോമസ് കുറിപ്പ് എഴുതിവെച്ചിരുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. ഇതുപ്രകാരം കൊച്ചി രവിപുരം പൊതുശ്മശാനത്തിൽ സംസ്‌കരിക്കും. ചിതാഭസ്മത്തിന്റെ ഒരു ഭാഗം ഉപ്പുതോട്ടിലെ അദ്ദേഹത്തിന്റെ മാതാവിന്റെ ശവക്കല്ലറയിൽ സംസ്‌കരിക്കും. അമ്മയോടൊപ്പം ഉറങ്ങണമെന്ന് അദ്ദേഹം എഴുതിവെച്ചിരുന്നു. തന്റെ മൃതദേഹത്തിൽ റീത്തു വെക്കരുതെന്നും അഭ്യർഥിച്ചിട്ടുണ്ട്. വയലാർ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ “ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ എന്ന ഗാനം ചെറിയ ശബ്ദത്തിൽ വെച്ചു കേൾക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. കുടുംബാംഗങ്ങളുമായി ആലോചിച്ചാണ് അദ്ദേഹം ആഗ്രഹിച്ചതു പോലെ അന്ത്യ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

 

---- facebook comment plugin here -----

Latest