International
ശ്രീലങ്കയില്‍ കലാപം കനക്കുന്നു; മഹിന്ദ രജപക്സേയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടു
എംപി മഹിപാല ഹെറാത്തിന്റെ കെഗല്ലെയിലെ വീടിനും എംപി ജോണ്‍സ്ടണ്‍ ഫെര്‍ണാണ്ടോയുടെ കുരുനഗലയിലെ വീടിനും തിസ്സ കുത്തിയാരച്ഛിയുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര കേന്ദ്രത്തിനും പ്രതിഷേധക്കാര്‍ തീയിട്ടിട്ടുണ്ട്.

കൊളംബോ | പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചതിനു പിന്നാലെ ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. പ്രതിഷേധക്കാര്‍ മഹിന്ദ രാജപക്‌സെയുടെ കുരുനഗലയിലെ വീടിന് തീയിട്ടു. എംപി മഹിപാല ഹെറാത്തിന്റെ കെഗല്ലെയിലെ വീടിനും എംപി ജോണ്‍സ്ടണ്‍ ഫെര്‍ണാണ്ടോയുടെ കുരുനഗലയിലെ വീടിനും തിസ്സ കുത്തിയാരച്ഛിയുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര കേന്ദ്രത്തിനും പ്രതിഷേധക്കാര്‍ തീയിട്ടിട്ടുണ്ട്.
ശ്രീലങ്കയില്‍ സര്‍ക്കാര്‍ അനുകൂലികളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഭരണപക്ഷ എം പി അമരകീര്‍ത്തി അത്തുകോറളയെ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി. സംഘര്‍ഷത്തില്‍ 16 പേര്‍ക്കു പരുക്കേറ്റു. തന്റെ കാര്‍ തടഞ്ഞവര്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം അമരകീര്‍ത്തി ഒരു കെട്ടിടത്തില്‍ അഭയം തേടിയിരുന്നു. ഇവിടെയാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതു.
രാജപക്‌സെയുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തിനു പിന്നാലെ ആദ്യം കൊളംബോയിലും പിന്നീട് രാജ്യം മുഴുവനും കര്‍ഫ്യൂ പ്രഖ്യാപിച്ചു. പിന്നാലെ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെക്കുകയും ചെയ്തു.ഭരണകൂടത്തിനെതിരെ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്.