Organisation
രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷണല്‍ പ്രവാസി സാഹിത്യോത്സവ്; കെ ഇ എന്‍ മുഖ്യാതിഥി
ഈ മാസം 27 ന് നടക്കുന്ന സാഹിത്യോത്സവില്‍ 'യുവതലമുറയുടെ സംവാദാത്മകത; രാഷ്ട്രീയ പ്രവാസത്തിന്റെ സാധ്യത' എന്ന വിഷയത്തില്‍ ചര്‍ച്ചയും സംവാദവും നടക്കും.
ദമാം | പതിമൂന്നാമത് രിസാല സ്റ്റഡി സര്‍ക്കിള്‍ സഊദി ഈസ്റ്റ് നാഷണല്‍ പ്രവാസി സാഹിത്യോത്സവില്‍ പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ കെ ഇ എന്‍ കുഞ്ഞഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തന്റെ പ്രഭാഷണങ്ങളിലും രചനകളിലും പുതിയ കാലത്തോട് പുലര്‍ത്തേണ്ട ജാഗ്രത സന്നിവേശിപ്പിച്ച സാംസ്‌കാരിക പ്രവര്‍ത്തകനാണ് കെ ഇ എന്‍. രാഷ്ട്രീയ ബോധമുള്ള പൗരനിര്‍മിതിയിലും സംവാദാത്മക പോര്‍മുഖങ്ങളുടെ പരിസര സൃഷ്ടിപ്പിലും പ്രവാസി സാഹിത്യോത്സവ് സമൂഹത്തില്‍ നിര്‍വഹിച്ചു പോരുന്ന ദൗത്യപൂരണത്തിന് വലിയ മുതല്‍കൂട്ടാകും അദ്ദേഹത്തിന്റെ സാന്നിധ്യം. ഐ പി ബി ഡയറക്ടര്‍ മജീദ് അരിയല്ലൂരും നാഷണല്‍ സാഹിത്യോത്സവില്‍ സംബന്ധിക്കും.
ഈ മാസം 27 ന് നടക്കുന്ന സാഹിത്യോത്സവില്‍ ‘യുവതലമുറയുടെ സംവാദാത്മകത; രാഷ്ട്രീയ പ്രവാസത്തിന്റെ സാധ്യത’ എന്ന വിഷയത്തില്‍ ചര്‍ച്ചയും സംവാദവും നടക്കും. കിഴക്കന്‍ പ്രവിശ്യയിലെ സാംസ്‌കാരിക, മാധ്യമ, പൊതു പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സദസ്സും പരിപാടിയുടെ ഭാഗമായി നടക്കും. സാംസ്‌കാരിക സദസ്സ് കെ ഇ എന്നും സമാപന സമ്മേളനം മജീദ് അരിയല്ലൂരും ഉദ്ഘാടനം ചെയ്യും.
സംവാദാത്മകത നഷ്ടപ്പെടുകയും സര്‍വാധിപത്യത്തിലൂടെ അധികാര പ്രയോഗങ്ങള്‍ ശക്തിപ്പെടുകയും ചെയ്യുമ്പോള്‍ വരയും വരിയും പാട്ടും പറച്ചിലുമായി നടത്തുന്ന സര്‍ഗാത്മക ശ്രമങ്ങള്‍ക്ക് വലിയ മൂല്യമുണ്ട്. പ്രവാസി സാഹിത്യോത്സവ് പുതുതലമുറയില്‍ നല്‍കുന്ന സന്ദേശം ഇതാണ്. സമ്മിശ്ര സാംസ്‌കാരിക അന്തരീക്ഷത്തില്‍ കഴിയുന്നതിലൂടെ പ്രവാസം രൂപപ്പെടുത്തിയെടുത്ത വിശാല മാനവിക ബോധത്തെ പ്രഘോഷിക്കല്‍ ഇന്നിന്റെ ആവശ്യമായി വരുന്നു. വെറുപ്പും അപരവിദ്വേഷവും പ്രസരിപ്പിച്ച് മനുഷ്യനെ കള്ളികളിലാക്കുന്ന പുതിയ ഇന്ത്യന്‍ വര്‍ത്തമാനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. യുവതയുടെ നിര്‍മാണാത്മക പ്രയോഗം പ്രമേയമാക്കി നടക്കുന്ന പ്രവാസി സാഹിത്യോത്സവ് മൂല്യങ്ങളെ സംരക്ഷിച്ചും മാനവികബോധത്തെ ഉയര്‍ത്തിക്കാട്ടിയും ഒരു ബദല്‍ സാംസ്‌കാരിക മണ്ഡലത്തിന്റെ കാവല്‍ക്കാരെയാണ് വാര്‍ത്തെടുക്കുന്നത്.
കലാലയം സാംസ്‌കാരിക വേദിയാണ് സാഹിത്യോത്സവ് സംഘാടകര്‍. മുപ്പത് വയസ്സ് വരെയുള്ള യുവതീ യുവാക്കള്‍ക്ക് വേണ്ടി പ്രവാസലോകത്ത് വ്യവസ്ഥാപിതമായി നടക്കുന്ന ഏക ശ്രേണീമത്സരമാണ് സാഹിത്യോത്സവ്. പ്രാദേശിക യൂനിറ്റ് തലം മുതല്‍ മൂന്ന് ഘട്ടങ്ങളിലായി മത്സരിച്ച് ഒന്നാം സ്ഥാനത്തെത്തുന്ന പ്രതിഭകളാണ് നാഷണല്‍ സാഹിത്യോത്സവില്‍ മാറ്റുരയ്ക്കാനെത്തുക. പരിപാടിയുടെ വിജയത്തിനായി അഷ്റഫ് പട്ടുവം ചെയര്‍മാനും സഊദിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഹബീബ് ഏലംകുളം ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗതസംഘം പ്രവര്‍ത്തിച്ചുവരുന്നു.
സാഹിത്യോത്സവില്‍ അല്‍ ജൗഫ്, ഖസീം, ഹായില്‍, റിയാദ് സിറ്റി, റിയാദ് നോര്‍ത്ത്, അല്‍ അഹ്‌സ, ദമാം, അല്‍ ഖോബാര്‍, ജുബൈല്‍ തുടങ്ങിയ ഒമ്പത് സോണുകളില്‍ നിന്ന് മല്‍സരാര്‍ഥികളെത്തും. മികച്ച രീതിയില്‍ അതിഥികളെ സ്വീകരിക്കുന്നതിനും സര്‍ഗധനര്‍ക്ക് സൃഷ്ടിവൈഭവങ്ങള്‍ പ്രകടിപ്പിക്കുന്നതിനും ആവശ്യമായ വിപുലമായ സജ്ജീകരണങ്ങളാണ് സ്വാഗത സംഘത്തിന് കീഴില്‍ നടക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ അഷ്റഫ് പട്ടുവം, ജനറല്‍ കണ്‍വീനര്‍ ഹബീബ് ഏലംകുളം, ജോയിന്റ് കണ്‍വീനര്‍ ഇഖ്ബാല്‍ വെളിയങ്കോട്, ആര്‍ എസ് സി സഊദി ഈസ്റ്റ് നാഷണല്‍ സെക്രട്ടറി അബ്ദുല്‍ റഊഫ് പാലേരി, നാഷണല്‍ കലാലയം സെക്രട്ടറി മുഹമ്മദ് സ്വാദിഖ് സഖാഫി, നാഷണല്‍ മീഡിയാ സെക്രട്ടറി അനസ് വിളയൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.