Organisation
രിസാല സ്റ്റഡി സര്‍ക്കിള്‍ സഊദി ഈസ്റ്റ് നാഷണല്‍ സാഹിത്യോത്സവ് പോസ്റ്റര്‍ പ്രകാശനം ചെയ്തു
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പ്രകാശനം നിര്‍വഹിച്ചു.
ദമാം | രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം സാംസ്‌കാരിക വേദി സഊദി ഈസ്റ്റ് നാഷണല്‍ പ്രവാസി സാഹിത്യോത്സവിന്റെ പതിനാലാമത് എഡിഷന്‍ സാഹിത്യോത്സവിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.
സഊദി ഈസ്റ്റ് നാഷണല്‍ തല പോസ്റ്റര്‍ പ്രകാശന കര്‍മം ദമാമില്‍ നടന്ന ചടങ്ങില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ശൈഖുനാ ഇ സുലൈമാന്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. ഐ സി എഫ് ദമാം സെന്‍ട്രല്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ സഅദി അധ്യക്ഷത വഹിച്ചു. ഐ സി എഫ് സഊദി നാഷണല്‍ സെക്രട്ടറി നിസാര്‍ കാട്ടില്‍ ഉദ്ഘാടനം ചെയ്തു.
വളര്‍ന്നുവരുന്ന തലമുറയില്‍ ധാര്‍മികത ഉറപ്പുവരുത്തേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും ഇത്തരം കലാ സാംസ്‌കാരിക പരിപാടികള്‍ അതിന് വലിയ സഹായമാണെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ എട്ടിന് ഹായിലില്‍ നടക്കുന്ന നാഷണല്‍ സാഹിത്യോത്സവിന്റെ വിപുലമായ നടത്തിപ്പിനെയും അതിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെയും സംഗമം ചര്‍ച്ച ചെയ്തതോടൊപ്പം സാഹിത്യോത്സവ് മുന്നോട്ട് വെക്കുന്ന മഹത്തായ സന്ദേശം മുഴുവന്‍ പ്രവാസികളിലേക്കും എത്തിക്കുന്നതിന്റെ അനിവാര്യതയെ അടിവരയിടുകയും ചെയ്തു.
സഊദിയുടെ വിവിധ മേഖലകളിലെ ഒമ്പത് സോണുകളില്‍ നിന്നും പ്രസ്തുത പ്രദേശങ്ങളിലെ വിവിധ കാമ്പസുകളില്‍ നിന്നുമായി അമ്പതിലധികം മത്സരയിനങ്ങളില്‍ രണ്ടായിരത്തോളം വിദ്യാര്‍ഥികളും യുവാക്കളും യുവതികളുമടങ്ങുന്ന മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന പതിനാലാം എഡിഷന്‍ കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് പുതിയ അനുഭവമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
സമസ്ത മുശാവറ അംഗം അബ്ദുല്ലാഹ് അഹ്സനി ചെങ്ങായി, ഐ സി എഫ് ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍ സെക്രട്ടറി സലീം പാലച്ചിറ, ഷൗക്കത്ത് സഖാഫി ഇരിങ്ങല്ലൂര്‍, റഹീം മഹ്ളരി, ഷഫീഖ് ജൗഹരി, റഊഫ് പാലേരി, സാദിഖ് സഖാഫി ജഫാനി, ഫൈസല്‍ വേങ്ങാട്, ലുഖ്മാന്‍ വിളത്തൂര്‍ തുടങ്ങിയ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. അബ്ബാസ് മാഷ് തെന്നല സ്വാഗതവും സലിം സഅദി നന്ദിയും പറഞ്ഞു.
മലയാളികളായ 30 വയസ്സിന് താഴെയുള്ളവര്‍ക്ക് മത്സരിക്കുന്നതിനായി http://register.rscsaudieast.com എന്ന ലിങ്കില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. അഞ്ച് മുതല്‍ +2 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ക്ക് കാമ്പസ് വിഭാഗത്തില്‍ മത്സരിക്കാനുള്ള അവസരമുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.