Kerala
അവശ്യ സാധനങ്ങളുടെ വിലക്കയറ്റം; ചൊവ്വാഴ്ച ആലപ്പുഴയില്‍ ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധം
വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.

ആലപ്പുഴ | ഈ വരുന്ന ചൊവ്വാഴ്ച ആലപ്പുഴ ജില്ലയില്‍ ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധ പ്രകടനവും കലക്ടറേറ്റ് പടിക്കല്‍ ധര്‍ണയും നടത്തുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസ്സോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അവശ്യസാധനങ്ങളുടെ വിലവര്‍ധ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊതു വിപണിയില്‍ ഇടപെടുക, പക്ഷിപ്പനിയുടെ പേരില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ അശാസ്ത്രീയ ചിക്കന്‍ നിരോധം പിന്‍വലിക്കുക, അന്താരാഷ്ട്ര നിലവാരമുള്ള ഫ്രോസണ്‍ ചിക്കനുകള്‍ ഉപയോഗിക്കാനെങ്കിലും അനുമതി നല്‍കുക, ഹൈവേ വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഉടന്‍ പരിഹരിക്കുക, പഞ്ചായത്ത് മുനിസിപ്പല്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കുക, ജി എസ് ടിയുടെ പേരില്‍ ഹോട്ടലുകളിലും വീടുകളിലും അനാവശ്യമായി നടത്തുന്ന ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.
രണ്ടിന് രാവിലെ 10ന് ആലപ്പുഴ ടൗണ്‍ ഹാളിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം കലക്ടറേറ്റിന് മുന്നിലെത്തി പ്രതിഷേധ ധര്‍ണ നടത്തും. സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മനാഫ് എസ് കുബാബ അധ്യക്ഷത വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് മനാഫ് എസ് കുബാബ, സെക്രട്ടറി നാസര്‍ പി താജ് പങ്കെടുത്തു.