തെളിയോളം
ഉയരണോ ഉരുകണോ?
തിങ്കൾ വെള്ളിയാഴ്ചയിൽ നിന്ന് വളരെ അകലെയാണല്ലോ, വെള്ളി തിങ്കളാഴ്ചയോട് വളരെ അടുത്താണ് എന്നൊക്കെയുള്ള പിൻവലിയൽ കാൽക്കുലേഷനുകൾ ഒഴിവാക്കുക. നാല് ദിവസം ഇനിയും ഒരു പുതിയ വെള്ളിയാഴ്ച വരാനുണ്ട് എന്ന "നീണ്ട' കാത്തിരിപ്പിന്റെ മൂഡിലേക്ക് പോകുന്നതിനു പകരം "ഹാ, ഇന്ന് വീണ്ടും തിങ്കളാഴ്ചയാണ്' എന്ന പോസിറ്റീവ് വികാരത്തെ ഉത്തേജിപ്പിച്ച് ഗംഭീരമായി ഉണർന്നു നോക്കൂ, നിങ്ങളിൽ ശക്തി പ്രസരിക്കും.
“ഞായറാഴ്ച രാത്രി ഉറങ്ങാൻ പോകുന്നത് തിങ്കളാഴ്ചക്ക് കാരണമാകും’ എന്ന ഒരു നർമവചനമുണ്ട്. ഞായറാഴ്ചയുടെ അയവും തിങ്കളാഴ്ചയുടെ അങ്കവും വെളിപ്പെടുത്തുന്നതാണീ വാക്യം. ഓരോ തിങ്കളാഴ്ചയും ഉരുകലോടെ ഉണരുന്നവരാണോ നിങ്ങൾ?. ജോലിക്കാർ ഏറ്റവും കൂടുതൽ മാനസിക സമ്മർദമനുഭവിക്കുന്ന ദിനവും ഏറ്റവും കൂടുതൽ ആത്മഹത്യകളും അപകടങ്ങളും നടക്കുന്ന ദിനവും തിങ്കളാഴ്ചയാണെന്ന് വിവിധ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ചെറുപ്പക്കാരായ തൊഴിലാളികൾ പേരറിയാത്ത ഭയത്തോടെയും മടുപ്പോടെയും ആണത്രെ ഓരോ വാരാദ്യവും ആരംഭിക്കുന്നത്.
ശരിക്കു പറഞ്ഞാൽ ഇരുപത്തിനാലോ നാൽപ്പത്തിയെട്ടോ മണിക്കൂർ വിശ്രമത്തിനു ശേഷം ഏറ്റവും ഉത്പാദനക്ഷമതയോടെ ഉണർന്നിരിക്കാൻ കഴിയേണ്ട ഒരു ദിനമാണ് പലരുടെയും മനസ്സിൽ ഭീതിയും അശാന്തിയും ആയി മാറുന്നത്. “അയ്യോ ഇന്ന് വീണ്ടും തിങ്കളാഴ്ചയോ? എന്റെ ശനിയാഴ്ച പോലും ഞാൻ പൂർത്തിയാക്കിയിട്ടില്ലല്ലോ, എന്റെ ആനന്ദകരമായ ഞായറവധി ആരോ മോഷ്ടിച്ച് തിങ്കളാഴ്ച ആക്കി മാറ്റിയല്ലോ’ എന്ന വിധം ആധിയോടെയുള്ള ചിന്തയിൽപരം അധോഗതിയുണ്ടോ?
തിങ്കളാഴ്ചകൾ കഠിനമാണ്, എന്നാൽ നിങ്ങൾക്ക് തിങ്കളാഴ്‌ച മുതൽ എല്ലാ ദിവസവും മികച്ചതാക്കാനും, അവയുടെ നെഗറ്റീവ് ആഘാതം കുറച്ച് ഒരു മികച്ച ആഴ്‌ചയിലേക്ക് സ്വയം സജ്ജമാകാനും കഴിയും.
മോശം ദിവസമായി തിങ്കൾ അനുഭവിക്കാൻ ആളുകൾ സൂചിപ്പിക്കുന്ന അഞ്ച് പ്രധാന കാരണങ്ങൾ ഭാരിച്ച ജോലിഭാരം, മേലധികാരികൾ ടാസ്‌ക്കുകളും പ്രോജക്‌ടുകളും നിർണയിച്ചു നൽകുന്നത്, ടാർഗറ്റ് പൂർത്തീകരിക്കാൻ ഓവർടൈം ജോലിയെടുക്കേണ്ടി വരുന്നത്, മുൻനിശ്ചയപ്രകാരമുള്ള അന്തിമ സമയപരിധി തീരൽ, നിഷേധാത്മക സഹപ്രവർത്തകർ എന്നിവയാണ്. ബോസുമായി ഇടപഴകേണ്ടിവരിക, ധാരാളം മീറ്റിംഗുകൾ ഉണ്ടായിരിക്കുക, പ്രചോദന നഷ്ടം തുടങ്ങിയ കാരണങ്ങളാലും തിങ്കളാഴ്ചകൾ അരോചകമാകുന്നുണ്ട്. വാരാന്ത്യമാണ് യഥാർഥ സ്വാതന്ത്ര്യമെന്നും പ്രവൃത്തിദിനം ഔദ്യോഗികതയുടെ വരണ്ട കെട്ടുപിണയലുകളിൽ കിടന്ന് പിടയണമെന്നുമുള്ള നിഷേധമനോഭാവത്തിൽ നിന്ന് ബോധപൂർവം രക്ഷപ്പെടണം.
തിങ്കൾ വെള്ളിയാഴ്ചയിൽ നിന്ന് വളരെ അകലെയാണല്ലോ, വെള്ളി തിങ്കളാഴ്ചയോട് വളരെ അടുത്താണ് എന്നൊക്കെയുള്ള പിൻവലിയൽ കാൽക്കുലേഷനുകൾ ഒഴിവാക്കുക. നാല് ദിവസം ഇനിയും ഒരു പുതിയ വെള്ളിയാഴ്ച വരാനുണ്ട് എന്ന “നീണ്ട’ കാത്തിരിപ്പിന്റെ മൂഡിലേക്ക് പോകുന്നതിനു പകരം “ഹാ, ഇന്ന് വീണ്ടും തിങ്കളാഴ്ചയാണ്’ എന്ന പോസിറ്റീവ് വികാരത്തെ ഉത്തേജിപ്പിച്ച് ഗംഭീരമായി ഉണർന്നു നോക്കൂ, നിങ്ങളിൽ ശക്തി പ്രസരിക്കും.
ആഴ്ചയിലെ മറ്റു ദിവസങ്ങളിലെ ദിനചര്യയല്ല അവധി ദിനങ്ങളിൽ മിക്കവരും പിൻതുടരുന്നുണ്ടാവുക. നിഷ്ക്രിയമായോ അലക്ഷ്യമായോ കഴിഞ്ഞുകൂടുന്ന അവധിദിനം സ്വാഭാവികമായും നിങ്ങളെ തികഞ്ഞ ആലസ്യത്തിലേക്ക് തള്ളിയിടും. ഈ കംഫർട്ട് സോൺ സുഖ നഷ്ടം ആലോചിക്കുമ്പോഴാണ് വർക്ക് മൂഡിലേക്ക് ഉത്കണ്ഠയോടെ പ്രവേശിക്കേണ്ടി വരുന്നത്. സ്ഥിരമായ ദിനചര്യകൾ പാലിക്കുന്നതിലൂടെയും വരാനിരിക്കുന്ന ആഴ്‌ചക്കായി തയ്യാറെടുക്കുന്നതിലൂടെയും പോസിറ്റീവ് മാനസികാവസ്ഥ വളർത്തിയെടുത്ത്, പ്രവൃത്തിവാരത്തിലേക്കുള്ള കൂടുതൽ നല്ല തുടക്കമാക്കി തിങ്കളാഴ്ചകളെ മാറ്റാനാകും. മാനസികാവസ്ഥ തന്നെയാണ് പ്രധാനം.
ജോലി എത്രമാത്രം നിങ്ങളുടെ ജീവിതത്തിൽ അലിഞ്ഞു ചേർന്ന ഒന്നാണ് എന്ന് സ്വയം ഓർമിപ്പിക്കണം. നിങ്ങൾ ചെയ്യുന്ന ജോലി എന്തുതന്നെയായാലും അത് നിങ്ങളുടെ കുടുംബത്തിനും കമ്മ്യൂണിറ്റിക്കും അഭിവൃദ്ധി സമ്മാനിക്കുന്നുവെന്നും നിങ്ങളുമായി ബന്ധപ്പെട്ടവരുടെ ജീവിത നിലവാരത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നുവെന്നുമറിയുക.
ജോലിയെ നിങ്ങളുടെ ഐഡന്റിറ്റിയുമായി ബന്ധിപ്പിക്കുന്നതിലൂടെ നിങ്ങൾക്കത് നന്നായി അനുഭവിക്കാൻ കഴിയും. നിങ്ങൾക്ക് ഒരു ജോലി ഉണ്ട് എന്നത് കൊണ്ട് മാത്രമാണ് അവധി ദിനം ഉണ്ടായത്. നിങ്ങൾ എന്ന യാഥാർഥ്യത്തെ അർഥപൂർണമാക്കുന്നതും നിങ്ങൾ വഹിക്കുന്ന സ്ഥാനമാനങ്ങളെ നിലനിർത്തുന്നതും മറ്റെന്താണ്! ഒരാൾ എന്താണ് എന്നതിന്റെ ഉത്തരം അയാളുടെ പ്രൊഫഷണൽ ഐഡന്റിറ്റി തന്നെയല്ലേ? അതെ, നിങ്ങളുടെ ജോലി തന്നെയാണ് നിങ്ങളുടെ വിലമതിപ്പ്.
ജോലിയിലല്ലാത്ത സമയത്ത് നിങ്ങൾക്ക് സന്തോഷം അനുഭവിക്കാൻ കഴിയുമെങ്കിൽ അത് ജോലി ദിവസങ്ങളിലേക്കു കൂടി വിപുലീകരിക്കാനും സാധിക്കും. ജോലിക്ക് പുറത്ത് നിങ്ങൾ സന്തുഷ്ടനായിരിക്കുന്നതിന്റെ കാരണം നിങ്ങളുടെ ജോലിയാണ് എന്നതിനാൽ അതേ ഊർജത്തിൽ ജോലിക്കുള്ളിലും കൂടുതൽ സന്തോഷമുണ്ടെന്ന് നിങ്ങൾ കണ്ടെത്തണം. അവധിയിൽ നിങ്ങൾ ആസ്വദിക്കുന്ന കാര്യങ്ങളെല്ലാം പ്രവൃത്തി കേന്ദ്രീകൃതമായിരിക്കണം. പൂന്തോട്ട പരിപാലനം, റോക്ക് ക്ലൈംബിംഗ്, പാചക പരീക്ഷണം, സന്നദ്ധപ്രവർത്തനം ഇങ്ങനെ മനസ്സും ശരീരവും “ലൈവ്’ ആക്കുന്ന കാര്യങ്ങളിൽ ഏർപ്പെട്ടു നോക്കൂ. ഞായറിന്റെ പതിന്മടങ്ങ് പുഞ്ചിരിയോടെ തിങ്കൾ ഉണരും.
ജോലി ഒരു മഹാ പർവതമായി മുന്നിൽ ഉയർന്നു നിൽക്കുന്ന പ്രതീതിയായി മാറാതിരിക്കാൻ, വെള്ളിയാഴ്ചകളിൽ നീട്ടിവെക്കലുകൾ ഒഴിവാക്കണം. നിങ്ങളുടെ ഓരോ അവധിയും വരാനിരിക്കുന്ന തിങ്കളാഴ്ചയിലേക്ക് ടാസ്‌ക്കുകൾ നീക്കാനുള്ളതാക്കിയാൽ നിങ്ങളുടെ തിങ്കളാഴ്ച തലക്കു മുകളിൽ തൂങ്ങി നിൽക്കും.
ഒഴിവു ദിവസങ്ങളിൽ നിങ്ങളുടെ ഉത്തരവാദിത്വനിർവഹണത്തിന്റെ കൂടി ചില സമയങ്ങൾ ഉൾപ്പെടണം. കമ്പനി സെർവറിൽ ലോഗിൻ ചെയ്യുകയും പ്ലാന്റിന്റെസ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യുകയും പെറ്റ് പ്രോജക്റ്റുകൾ പരിശോധിക്കുകയും ഞാൻ ഡ്യൂട്ടിയിൽ തന്നെയാണ് എന്ന ആയാസത്തോടെയുള്ള വിചാരത്തിൽ ജോലി സംബന്ധമായ ചില ടച്ചപ്പുകൾ നടത്തുന്നത് നിങ്ങളുടെ മനസ്സിനെ ഉത്തേജിപ്പിക്കും.
തീർച്ചയായും, നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത നിങ്ങളുടെ ജോലിഭാരത്തിന്റെ വശങ്ങൾ ഉണ്ടായിരിക്കാം. അതിനാൽ ഒരു ഒഴിവു ദിനത്തിൽ നിങ്ങളുടെ മേലധികാരിയുമായി ആശയവിനിമയം നടത്താനും ഫീഡ്‌ബാക്ക് ചോദിക്കാനും അവരിൽ നിന്ന് നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തുറന്ന് പറയാനും ഒക്കെ സമയം കണ്ടെത്തിയാൽ കുന്നുകൂടലുകൾ നീക്കുന്ന വിധം അത് ചില ഉയർന്ന ഫലങ്ങൾ നേടിത്തരികയും ദിനവ്യത്യാസങ്ങൾക്കതീതമായ ജീവിതാനന്ദം നിങ്ങളിൽ നിറക്കാനും സഹായിക്കും.