Kerala
അന്തരീക്ഷ താപനില: ട്രാന്‍സ്‌ഫോര്‍മര്‍, ജനറേറ്റര്‍ ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിർദേശം
അപകടങ്ങള്‍ കുറക്കുന്നതിന് വേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി
തിരുവനന്തപുരം | അന്തരീക്ഷ താപനില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സ്വന്തമായി ട്രാന്‍സ്‌ഫോര്‍മര്‍, ജനറേറ്റര്‍ എന്നിവ സ്ഥാപിച്ചിരിക്കുന്ന ഉപഭോക്താക്കള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
അപകടങ്ങള്‍ കുറക്കുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. സ്വന്തമായി ട്രാന്‍സ്‌ഫോര്‍മര്‍, ജനറേറ്റര്‍ എന്നിവ സ്ഥാപിച്ചിരിക്കുന്ന ഉപഭോക്താക്കള്‍ ഓയില്‍ ഫില്‍ഡ് ട്രാന്‍സ്‌ഫോര്‍മറിലെ ഓയില്‍ ലെവല്‍ പരിശോധിച്ച് കുറവുണ്ടെങ്കില്‍ പുതിയ ഓയില്‍ നിറയ്ക്കണം. ട്രാന്‍സ്‌ഫോര്‍മറിനു ചുറ്റും ചെടികള്‍ ഉണ്ടെങ്കില്‍ അവ മാറ്റുകയും യാര്‍ഡില്‍ ആവശ്യത്തിന് മെറ്റല്‍ ജെല്ലി വിതറുകയും ട്രാന്‍സ്ഫോര്‍മറിന്റെ ലൈറ്റ്നിംഗ് അറസ്റ്ററിന് കേടുപാടില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. കൃത്യമായ അളവിലുള്ള ഫ്യൂസ് വയറാണ് ഡി ഒ ഫ്യൂസില്‍ ഉപയോഗിക്കേണ്ടത് എന്നുമാണ് നിർദേശം.
ഡീസല്‍ പോലെയുള്ള ജ്വലന സാധ്യതയുള്ള വസ്തുക്കള്‍, പേപ്പര്‍, കാര്‍ഡ്ബോര്‍ഡ് എന്നിവ ട്രാന്‍സ്ഫോര്‍മര്‍ റൂമില്‍ സൂക്ഷിക്കരുത്. റൂമില്‍ വായു സഞ്ചാരം ഉറപ്പുവരുത്തണം. ട്രാന്‍സ്ഫോര്‍മര്‍ റൂം പ്രധാന ഇലക്ട്രിക്കല്‍ റൂം, യു പി എസ് റൂം, ബാറ്ററി റൂം എന്നിവിടങ്ങളിലേക്കുള്ള വഴിയില്‍ തടസ്സങ്ങളുണ്ടാകാന്‍ പാടില്ല. എമര്‍ജന്‍സി പുഷ് ബട്ടന്‍ പ്രവര്‍ത്തന ക്ഷമമായിരിക്കണം. ഡിജി സൈറ്റിനകത്തോ സമീപത്തോ ഡീസല്‍ കന്നാസ് സൂക്ഷിക്കുന്നില്ലെന്നും ടെര്‍മിനലുകളും ജോയിന്റുകളും അമിതമായി ചൂടാവുന്നില്ല എന്നും ഉറപ്പുവരുത്തണം.
ഏതെങ്കിലും ആര്‍ സി സി ബി, എം സി സി ബി, എം സി ബി, ഫ്യൂസ് എന്നിവ ട്രിപ്പാവുകയാണെങ്കില്‍ കാരണം കണ്ടെത്തി പരിഹരിച്ചതിനുശേഷം മാത്രം വീണ്ടും ഓണ്‍ ചെയ്യുക. എര്‍ത്ത് ഇന്‍കോഡിന് ചുറ്റും ആവശ്യത്തിന് ഈര്‍പ്പമുണ്ടെന്നും എര്‍ത്ത് കണ്ടക്ടറില്‍ പൊട്ടലുകളില്ലെന്നും ഉറപ്പുവരുത്തണം. അഗ്നിശമകങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്നും ആവശ്യഘട്ടങ്ങളില്‍ അവ ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്ക് അറിയാമെന്നും ഉറപ്പുവരുത്തണമെന്നുമാണ് നിർദേശം.