Connect with us

siraj editorial

ഇന്ധന വില വര്‍ധനവും ഇറാനുമായുള്ള ബന്ധവും

2018-19ല്‍ ഇന്ത്യ- ഇറാന്‍ വ്യാപാരം 17 ബില്യണ്‍ ഡോളര്‍ കവിഞ്ഞിരുന്നു. എണ്ണ ഇറക്കുമതിയില്‍ നിന്ന് ഇന്ത്യ പേടിച്ച് പിന്‍വാങ്ങിയിരുന്നില്ലെങ്കില്‍ 30-35 ബില്യണ്‍ ഡോളറില്‍ എത്തുമായിരുന്നു. ജപ്പാന്‍, ദ. കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ യു എസ് ഉപരോധത്തെ മറികടന്ന് ഇറാനുമായി സഹകരിക്കാന്‍ തയ്യാറായിട്ടുമുണ്ട്

Published

|

Last Updated

ന്ധന വില വര്‍ധനവിന്റെ കെടുതി നിരന്തരം അനുഭവിക്കുകയാണ് രാജ്യം. പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം പൊതു വിലക്കയറ്റത്തിനും സാമ്പത്തിക ചുരുക്കത്തിനും കാരണമാകുമെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യത്തിന്റെ ആവശ്യമൊന്നുമില്ല. കൊവിഡ് മഹാമാരിയില്‍ ഉപജീവന മാര്‍ഗങ്ങള്‍ അടഞ്ഞ് വന്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ജനതക്ക് മേലാണ് ഈ പ്രഹരം അടിച്ചേല്‍പ്പിക്കുന്നതെന്നോര്‍ക്കണം. സാമ്പത്തിക ഉത്തേജനത്തെ കുറിച്ച് സംസാരിക്കുന്ന ഭരണാധികാരികള്‍ എന്തുകൊണ്ടാണ് ഈ മനുഷ്യത്വവിരുദ്ധമായ നയവുമായി മുന്നോട്ട് പോകുന്നത്? ഉത്തരം വ്യക്തം, കൈ നനയാതെ നികുതി പിരിക്കാമെന്നത് തന്നെ. പ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും തമ്മിലുള്ള വ്യത്യാസമതാണ്. ആദായ നികുതി അടക്കമുള്ള പ്രത്യക്ഷ നികുതി പിരിച്ചെടുക്കാന്‍ വലിയ സന്നാഹം വേണം. നികുതി വെട്ടിപ്പ് എമ്പാടുമുണ്ടാകും. സമ്പന്നരുടെ ഒത്താശയില്‍ വന്ന സര്‍ക്കാറാകുമ്പോള്‍ പല തരത്തിലുള്ള ഇളവുകളും നികുതി അവധികളും നല്‍കും. പരോക്ഷ നികുതികള്‍ക്ക് ഈ വക പ്രശ്‌നങ്ങളൊന്നുമില്ല. വസ്തുവിന് മേലാണ് നികുതി ചുമത്തുന്നത്. ആ വസ്തു വാങ്ങുന്ന ഓരോരുത്തരും വിലയുടെ ഭാഗമായി നികുതി നല്‍കണം. ഇത്തരം നികുതിയില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ ആ വസ്തു വാങ്ങാതിരിക്കുക മാത്രമേ വഴിയുള്ളൂ. പെട്രോളും ഡീസലും ഒട്ടും വാങ്ങാതെ എങ്ങനെ മുന്നോട്ടുപോകും? ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാറും ഇത്തരത്തില്‍ നികുതി കൊള്ളക്ക് മുതിരില്ല. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവയില്‍ നാമമാത്രമായ കുറവ് വരുത്താന്‍ തയ്യാറായിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പുകളില്‍ ജനരോഷം പ്രതിഫലിച്ചപ്പോഴാണ് ഈ കാരുണ്യം ഉണര്‍ന്നതെന്നോര്‍ക്കണം.

ഈ ഇന്ധന വിലക്കയറ്റത്തിന് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് വിലയുമായി യാതൊരു ബന്ധവുമില്ലെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. 2013ല്‍ ക്രൂഡ് വില ബാരലിന് ശരാശരി 97 ഡോളറായിരുന്നപ്പോള്‍ പെട്രോള്‍ വില ലിറ്ററിന് 72 രൂപയായിരുന്നു. ഇപ്പോഴത്തെ ഇന്ധന വില വര്‍ധന അന്താരാഷ്ട്ര വിലയുടെയോ എണ്ണ ലഭ്യതയുടെയോ പ്രശ്‌നമല്ലെന്നര്‍ഥം. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ തയ്യാറായാല്‍ തന്നെ വിദേശനാണ്യ ശേഖരത്തില്‍ വലിയ സമ്മര്‍ദമുണ്ടാക്കാതെ എണ്ണ സംഭരിക്കാനാകും. ലോകത്തെ രണ്ടാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണ് ഇറാന്‍. ഇന്ത്യയുമായി എക്കാലത്തും ഊഷ്മളമായ സൗഹൃദം സൂക്ഷിച്ച വ്യാപാര പങ്കാളി. 2019 മെയ് വരെ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നു. ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറില്‍ നിന്ന് അന്നത്തെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി പിന്‍വാങ്ങുകയും കടുത്ത ഉപരോധം അടിച്ചേല്‍പ്പിക്കുകയും ചെയ്തതോടെയാണ് ഇന്ത്യ ഇറാനില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തിവെച്ചത്. ഇറാനുമായി വ്യാപാര ബന്ധം പുലര്‍ത്തുന്ന ഏത് രാജ്യത്തിനെതിരെയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന യു എസ് ധാര്‍ഷ്ട്യത്തിന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം കീഴടങ്ങുകയായിരുന്നു. സ്വന്തം വ്യാപാര താത്പര്യവുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്ന് ട്രംപിനോട് അപേക്ഷിക്കാന്‍ പോലും, അടുത്ത സുഹൃത്തായിട്ടും നമ്മുടെ പ്രധാനമന്ത്രി തയ്യാറായില്ല. ജോ ബൈഡന്‍ വന്നിട്ടും സ്ഥിതിയില്‍ മാറ്റം വന്നിട്ടില്ല.

ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി അലി ചെഗേനി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഏറെ പ്രസക്തമാണ്. ഇന്ത്യക്കായി ഇറാന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. അന്താരാഷ്ട്ര രംഗത്ത് വലിയ സ്ഥാനമുള്ള ഇന്ത്യക്ക് അതിന്റെ വ്യാപാര താത്പര്യങ്ങളുമായി മുന്നോട്ട് പോകാന്‍ സാധിക്കും. എത്രയും വേഗം എണ്ണ ഇറക്കുമതി പുനഃസ്ഥാപിക്കുമെന്നാണ് പുതിയ പ്രസിഡന്റ് ഇബ്‌റാഹീം റഈസി പ്രതീക്ഷിക്കുന്നത്- ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തില്‍ അലി ചഗേനി പറഞ്ഞു. ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹി ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഇന്ത്യ- ഇറാന്‍ സംയുക്ത സാമ്പത്തിക കമ്മീഷന്റെ ഭാഗമായാണ് അദ്ദേഹം ന്യൂഡല്‍ഹിയില്‍ എത്തുന്നത്. രൂപക്ക് പകരമായി എണ്ണയും ഗ്യാസും പെട്രോ- കെമിക്കല്‍ ഉത്പന്നങ്ങളും മറ്റ് ഉത്പന്നങ്ങള്‍ പോലും നല്‍കാന്‍ ഇറാൻ തയ്യാറാണ്. രൂപക്ക് അന്താരാഷ്ട്ര അംഗീകാരം നല്‍കുകയാണ് ഇറാന്‍ ചെയ്തത്. 2018-19ല്‍ ഇന്ത്യ- ഇറാന്‍ വ്യാപാരം 17 ബില്യൻ ഡോളര്‍ കവിഞ്ഞിരുന്നു. എണ്ണ ഇറക്കുമതിയില്‍ നിന്ന് ഇന്ത്യ പേടിച്ച് പിന്‍വാങ്ങിയിരുന്നില്ലെങ്കില്‍ 30-35 ബില്യൻ ഡോളറില്‍ എത്തുമായിരുന്നു. ജപ്പാന്‍, ദ. കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ യു എസ് ഉപരോധത്തെ മറികടന്ന് ഇറാനുമായി സഹകരിക്കാന്‍ തയ്യാറായിട്ടുമുണ്ട്. പുതിയ സാഹചര്യത്തില്‍, പ്രത്യേകിച്ച് അഫ്ഗാനിലെ മാറ്റത്തിന്റെയും ചൈനീസ് ആധിപത്യത്തിന്റെയും പശ്ചാത്തലത്തില്‍ ഇന്ത്യ ഈ ദിശയില്‍ സഞ്ചരിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം ഉപയോഗപ്പെടുത്തണം.

ഇറാനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്ന് ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര വേദികളില്‍ ശക്തമായി വാദിക്കണം. ഇറാന്റെ എണ്ണ ആഗോള വിപണിയില്‍ എത്തട്ടെ. ആ രാജ്യത്തിന് മേല്‍ എന്തെല്ലാം കുറ്റാരോപണങ്ങള്‍ ചുമത്താമെങ്കിലും ആണവ പദ്ധതിയുടെ പേരില്‍ ഉപരോധ ഭീകരത കാണിക്കുന്നത് ക്രൂരമായ അനീതിയാണ്. ആണവായുധങ്ങള്‍ കൂമ്പാരമാക്കി വെച്ച് അതിന് മുകളിലിരുന്നാണ് അമേരിക്ക ഈ ഉപരോധം അടിച്ചേല്‍പ്പിക്കുന്നത്. തങ്ങളുടെ ആണവ പരീക്ഷണങ്ങള്‍ തികച്ചും സമാധാനപരമായ ആവശ്യത്തിനുള്ളതാണെന്ന് ഇറാന്‍ ആണയിടുമ്പോഴും അമേരിക്കയും കൂട്ടാളികളും അത് വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ല. ഇസ്‌റാഈലിന്റെ നിലനില്‍പ്പ് ഉത്തരവാദിത്വമായി ഏറ്റെടുത്ത അമേരിക്ക അറബ് രാജ്യങ്ങളുടെ കൂടി ആശങ്കയെ മുന്നില്‍ നിര്‍ത്തിയാണ് ഇറാനെതിരെ ഉപരോധ യുദ്ധം പ്രഖ്യാപിച്ചത്. ഈ വിഷമവൃത്തത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ഇറാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ട്. അതിന്റെ തെളിവായിരുന്നു ഒബാമയുടെ മുന്‍കൈയില്‍ രൂപപ്പെട്ട കരാര്‍. ആണവായുധ ശക്തിയാകാനുള്ള വിദൂര സാധ്യതകളെപ്പോലും ഈ കരാര്‍ തകര്‍ത്തുകളയുന്നുണ്ട്. യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള സെന്‍ട്രിഫ്യൂഗുകളുടെ എണ്ണം മൂന്നിലൊന്നായി കുറക്കണം. യുറേനിയം സമ്പുഷ്ടീകരണം 3.67 ശതമാനമായി പരിമിതപ്പെടുത്തണം. അണു ബോംബ് ഉണ്ടാക്കാന്‍ 90 ശതമാനമെങ്കിലും സമ്പുഷ്ടീകരണം വേണമെന്നോര്‍ക്കണം. ഇത്തരമൊരു കരാര്‍ പോലും വലിച്ചെറിഞ്ഞ ട്രംപിന്റെ പാതയില്‍ നിന്ന് ബൈഡന്‍ വഴി മാറുന്നില്ലെങ്കില്‍ അതല്ലേ യഥാര്‍ഥ ഭീകരത.

Latest