Connect with us

Editorial

കുതിച്ചുയരുന്ന ചികിത്സാ ചെലവ്

കേരളീയ കുടുംബങ്ങള്‍ മൊത്തം ചെലവിന്റെ 10.8 ശതമാനം ചികിത്സാ ചെലവുകള്‍ക്കായി മാറ്റിവെക്കുന്നുണ്ട്. ആശുപത്രി ബില്ലിനും മരുന്നുകള്‍ക്കുമായി പ്രതിമാസം ശരാശരി 645 രൂപ ചെലവഴിക്കുന്നു. ഗ്രാമീണ മേഖലയിലുള്ളവരാണ് നഗരവാസികളേക്കാള്‍ ആശുപത്രി ചെലവില്‍ മുന്നില്‍.

Published

|

Last Updated

കേരളീയരുടെ ചികിത്സാ ചെലവ് പ്രത്യേകിച്ചും വ്യക്തിഗത ചികിത്സാ ചെലവ് കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് പഠന റിപോര്‍ട്ട്. വ്യക്തിഗത ചികിത്സാ ചെലവ് ദേശീയതലത്തില്‍ ശരാശരി 2,600 രൂപയാണെങ്കില്‍ കേരളത്തില്‍ ഇത് 7,889 രൂപ വരുമെന്ന് നാഷനല്‍ ഹെല്‍ത്ത് അക്കൗണ്ട്‌സ് (എന്‍ എച്ച് എ) റിപോര്‍ട്ട് വ്യക്തമാക്കുന്നു. ആരോഗ്യ മേഖലയില്‍ മികച്ച നേട്ടം കൈവരിച്ച സംസ്ഥാനമാണ് കേരളം. ആരോഗ്യ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളത്തിന്റെ ഈ രംഗത്തെ നേട്ടം. സംസ്ഥാന ബജറ്റില്‍ പത്ത് ശതമാനത്തോളം നീക്കിവെക്കുന്നുണ്ട് ആരോഗ്യ മേഖലക്ക്. എന്നിട്ടും സ്വന്തം കീശയില്‍ നിന്ന് പ്രതിവര്‍ഷം എണ്ണായിരത്തോളം രൂപ ഈയിനത്തില്‍ മലയാളിക്ക് ചെലവിടേണ്ടി വരുന്നു.

നാഷനല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ കുടുംബ ചെലവ് കണക്കെടുപ്പ് (ഹൗസ്‌ഹോള്‍ഡ് കണ്‍സപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ സര്‍വേ) പ്രകാരം കേരളീയ കുടുംബങ്ങള്‍ മൊത്തം ചെലവിന്റെ 10.8 ശതമാനം ചികിത്സാ ചെലവുകള്‍ക്കായി മാറ്റിവെക്കുന്നുണ്ട്. ആശുപത്രി ബില്ലിനും മരുന്നുകള്‍ക്കുമായി പ്രതിമാസം ശരാശരി 645 രൂപ ചെലവഴിക്കുന്നു. ഗ്രാമീണ മേഖലയിലുള്ളവരാണ് നഗരവാസികളേക്കാള്‍ ആശുപത്രി ചെലവില്‍ മുന്നില്‍. സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട സംസ്ഥാനങ്ങളില്‍ വ്യക്തിഗത ചികിത്സാ ചെലവ് കുറയുകയാണ് പതിവെങ്കിലും കേരളം ഇതിനപവാദമാണ്.

ഉയര്‍ന്ന സാക്ഷരത, ജീവിതശൈലീ രോഗങ്ങളുടെ വര്‍ധന, നിസ്സാര രോഗങ്ങള്‍ക്ക് പോലും ചികിത്സ തേടുന്ന പ്രവണത, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം തുടങ്ങിയവയാണ് വ്യക്തിഗത ചികിത്സാ ചെലവിലെ വര്‍ധനക്കു കാരണമായി വിലയിരുത്തപ്പെടുന്നത്. 20 ശതമാനത്തോളം വരും കേരളത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം. മൂന്നിലൊന്ന് പേര്‍ക്ക് രക്തസമ്മര്‍ദ (ബ്ലഡ്പ്രഷര്‍) രോഗമുണ്ട്. സംസ്ഥാനത്ത് ബ്ലഡ്പ്രഷര്‍, പ്രമേഹം എന്നിവ നിയന്ത്രിക്കപ്പെട്ടവര്‍ 15 ശതമാനത്തില്‍ താഴെയാണെന്ന് പഠനം വെളിപ്പെടുത്തുന്നു. വര്‍ഷാന്തം 60,000ത്തോളം പേര്‍ക്ക് ക്യാന്‍സര്‍ ബാധിക്കുന്നുണ്ട് സംസ്ഥാനത്ത്. 2020ല്‍ 57,155 പേരിലും 2022ല്‍ 59,149 പേരിലും പുതുതായി ക്യാന്‍സര്‍ കണ്ടെത്തി. ഒരു ലക്ഷം പേരില്‍ 136.6 ആയിരുന്നു 2016ല്‍ ക്യാന്‍സര്‍ ബാധിതരുടെ എണ്ണമെങ്കില്‍ 2022ല്‍ അത് 169 ആയി വര്‍ധിച്ചു. ക്യാന്‍സര്‍ മൂലം മരിച്ചവരുടെ എണ്ണം 2020ല്‍ 31,166 ആയിരുന്നത് 2022ല്‍ 32,271 ആയി ഉയര്‍ന്നു.

ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സാ ചെലവ് വളരെ ഉയര്‍ന്നതാണ്. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട ചികിത്സകള്‍ ദീര്‍ഘകാലം, പലപ്പോഴും ജീവിതാന്ത്യം വരെ തുടരേണ്ടി വരികയും ചെയ്യും. ആരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളുടെ ഭാഗമായി മരണ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതോടെ വയോജനങ്ങളുടെ എണ്ണം വര്‍ധിച്ചു. 13.8 ശതമാനമാണ് ദേശീയ തലത്തില്‍ 60 വയസ്സിനു മുകളിലുള്ളവരെങ്കില്‍ കേരളത്തിലിത് 16.5 ശതമാനമാണ്. പ്രായാധിക്യമുള്ളവരില്‍ രോഗാതുരത കൂടുതലായിരിക്കും. ഇതൊക്കെയും ചികിത്സാ ചെലവ് ഉയര്‍ത്തുന്ന ഘടകങ്ങളാണ്.

സ്വകാര്യ ആശുപത്രികളിലെ അനിയന്ത്രിതമായ ചികിത്സാ ഫീസാണ് വര്‍ധനവിന് മറ്റൊരു കാരണം. ഡോക്ടര്‍മാരുടെ ഫീസ്, ടെസ്റ്റുകള്‍, സ്‌കാനിംഗ്, റൂം വാടക തുടങ്ങിയവക്കെല്ലാം ഉയര്‍ന്ന തുകയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ഈടാക്കുന്നത്. സാമ്പത്തികമായി ഉയര്‍ന്നവര്‍ക്കല്ലാതെ സാധാരണക്കാര്‍ക്ക് ഇത് താങ്ങാനാകില്ല. നിസ്സാര രോഗങ്ങളുമായി എത്തുന്നവര്‍ക്കു പോലും കഴുത്തറപ്പന്‍ ബില്ലാണ് ലഭിക്കുന്നതെന്ന പരാതിയുണ്ട്. ചികിത്സാ നിരക്കുകള്‍ ഏകീകരിക്കുക വഴി ഇതിനൊരു നിയന്ത്രണം വരുത്തണമെന്ന ആവശ്യം ശക്തമാണ്. ഫീസ് ഏകീകരണം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ 2012ല്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം കൊണ്ടുവന്നെങ്കിലും സംസ്ഥാനങ്ങളൊന്നും ഇതുവരെയും നടപ്പാക്കിയിട്ടില്ല. ഇതുസംബന്ധമായി കേരള സര്‍ക്കാര്‍ ചില വ്യവസ്ഥകള്‍ മുന്നോട്ടു വെക്കുകയും അമിത നിരക്ക് സംബന്ധിച്ച പരാതികള്‍ ജില്ലാ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച രജിസ്റ്ററിംഗ് അതോറിറ്റിക്ക് കൈമാറാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം സ്വകാര്യ ആശുപത്രികള്‍ രജിസ്ട്രേഷനും ക്ലിനിക്കല്‍ കേന്ദ്രങ്ങളില്‍ നല്‍കി വരുന്ന സേവനങ്ങള്‍ക്കും ഈടാക്കുന്ന ഫീസ് നിരക്ക് ആശുപത്രികളില്‍ ശ്രദ്ധിക്കപ്പെടുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കണമെന്നും സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും നിഷ്‌കര്‍ഷിച്ചു. ചില ആശുപത്രി ഉടമകള്‍ കോടതിയില്‍ പോയി സ്റ്റേ വാങ്ങിയത് കാരണം ഇത് നടപ്പാക്കാനായില്ല.
ചെറിയ രോഗങ്ങള്‍ക്ക് പോലും ഉയര്‍ന്ന ആശുപത്രികളിലേക്ക് ഓടുന്നതാണ് വ്യക്തിപര ചികിത്സാ ചെലവ് വര്‍ധിക്കുന്നതിന് മറ്റൊരു കാരണം. സാധാരണ പനി, തലവേദന തുടങ്ങിയ ചികിത്സക്ക് സമീപത്തെ സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കാമെങ്കിലും പലരും പ്രത്യേകിച്ച് പ്രവാസികളും അത്യാവശ്യ സാമ്പത്തിക ശേഷിയുള്ളവരും ദുരഭിമാനം കാരണം അത്തരം സ്ഥാപനങ്ങളെ സമീപിക്കാതെ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. നമ്മുടെയൊക്കെ നികുതിപ്പണം കൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതെന്ന വസ്തുത കണക്കിലെടുത്താല്‍ ഇതിലൊരു പ്രശ്‌നവും കാണേണ്ടതില്ല. മരുന്നുകള്‍ വന്‍ വിലക്കുറവില്‍ ലഭിക്കുന്ന ജന്‍ ഔഷധി പോലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നവരും കുറവാണ് സംസ്ഥാനത്ത്.

സാക്ഷരതയില്‍ മുന്നിലാണ് കേരളമെങ്കിലും ആരോഗ്യ സാക്ഷരതയില്‍ പിന്നിലാണ്. ശാരീരിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അതീവ താത്പര്യവും വ്യഗ്രതയുമാണ് മലയാളികളില്‍ കണ്ടുവരുന്നത്. രോഗചികിത്സ അനിവാര്യമാണെങ്കിലും അതിന്റെ പേരില്‍ അമിതച്ചെലവ് വരാത്ത വിധം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കേണ്ടതുണ്ട്.

Latest