Kerala
ഗുണ്ടാ സംഘങ്ങള്‍ തമ്മിലെ കുടിപ്പക; ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മ മരിച്ചു
ഏനാദിമംഗലം മാരൂര്‍ വടക്കേ ചരുവില്‍ ബാഹുലേയന്റെ ഭാര്യ സുജാത (55) യാണ് മരിച്ചത്.
അടൂര്‍ | ഏനാദിമംഗലം മാരൂരില്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെ തുടര്‍ന്ന് വീടു കയറിയുള്ള ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മ മരിച്ചു. ഏനാദിമംഗലം മാരൂര്‍ വടക്കേ ചരുവില്‍ ബാഹുലേയന്റെ ഭാര്യ സുജാത (55) യാണ് മരിച്ചത്. ശസ്ത്രക്രിയക്കിടെയുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം.
തലയോട്ടിക്ക് രണ്ടിടത്ത് പൊട്ടല്‍ സംഭവിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടക്കുമ്പോള്‍ രണ്ടു തവണയാണ് സുജാതക്ക് ഹൃദയാഘാതം ഉണ്ടായത്. വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സുജാതയുടെ മക്കളും ഗുണ്ടാത്തലവന്മാരുമായ സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവരെ തേടിയെത്തിയ സംഘം ഞായറാഴ്ച രാത്രിയാണ് വീട് അടിച്ചു തകര്‍ത്തത്. മുഖം തോര്‍ത്ത് കൊണ്ട് മറച്ചെത്തിയ അക്രമികള്‍ തടയാന്‍ ചെന്ന സുജാതയെ ഇരുമ്പു കമ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. കല്ലു കൊണ്ടുള്ള ഏറുകൊണ്ട് വാരിയെല്ലിനും പരുക്കേറ്റു. അക്രമി സംഘത്തെ കണ്ട് സൂര്യലാലും ചന്ദ്രലാലും ഓടി രക്ഷപ്പെട്ടിരുന്നു. ഇതില്‍ സൂര്യലാലിനെ അടൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാപ്പ ചുമത്തി നാടുകടത്തിയിട്ടുള്ളതാണ്. സുജാതക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കഞ്ചാവ് വിറ്റ കേസില്‍ അടക്കം ഇവര്‍ പ്രതിയായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് അടൂര്‍ പോലീസ് ഇവരെ കഞ്ചാവുമായി പിടികൂടിയിരുന്നു. ചാരായം വില്‍പനക്ക് ഇവര്‍ക്കെതിരെ പല തവണ കേസെടുത്തിട്ടുണ്ട്.
കുറുമ്പകര മുളയങ്കോട് ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ശരണ്‍, സന്ധ്യ എന്നീ അയല്‍വാസികള്‍ തമ്മില്‍ വസ്തു സംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. സന്ധ്യയുടെ ബന്ധുവായ അനിയും ഇയാളുടെ സുഹൃത്തുക്കളും ഗുണ്ടകളുമായ മാരൂര്‍ ഒഴുകുപാറ സ്വദേശി സൂര്യലാല്‍, അനിയന്‍ ചന്ദ്രലാല്‍ എന്നിവര്‍ ചേര്‍ന്ന് ശരണിനെയും ബന്ധുക്കളെയും വീട് കയറി ആക്രമിച്ചു. ശരണും സംഘവും ഞായറാഴ്ച രാത്രി 11 ഓടെ സൂര്യലാലിന്റെ വീട് കയറി ആക്രമിക്കുകയായിരുന്നു.
ശങ്കു, ചുട്ടിയെന്ന് വിളിക്കുന്ന ശരത്, കൊച്ചുകുട്ടന്‍, ശരണ്‍ എന്നിവരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് പറയുന്നു. സംഘം വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ വാരി കിണറ്റിലിട്ടു. വീടും അടിച്ചു തകര്‍ത്തു. അടൂര്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവമുണ്ടായ പ്രദേശം. ആദ്യം ആക്രമിക്കപ്പെട്ട ശരണിന്റെ വീട് ഏനാത്ത് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ്. രണ്ടു സംഭവങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രദേശത്ത് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയ പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.