central water commission
നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു; കേന്ദ്ര ജല കമ്മീഷന്‍ ജാഗ്രതാ മുന്നറിയിപ്പു നല്‍കി
ഇന്നലെ 307 ശതമാനം മഴയാണ് അധികം കിട്ടിയത്
തിരുവനന്തപുരം | സംസ്ഥാനത്ത് നദികളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ ജാഗ്രതാ മുന്നറിയിപ്പു നല്‍കി. നെയ്യാര്‍, കരമന, മണിമല നദികളിലാണ് ജലനിരപ്പ് അപകടകരമായ നിലയിലെത്തിയത്. ആലപ്പുഴ ജില്ലയില്‍ മൂന്നു ദുരിതാശ്വാസ ക്യാംപുകള്‍ ഇന്നലെ മുതല്‍ ആരംഭിച്ചു. ഇന്നലെ 307 ശതമാനം മഴയാണ് അധികം കിട്ടിയത്.17.9 മി.മീ മഴ കിട്ടേണ്ടിടത്ത് ഇന്നലെ 72.8 മി.മീ മഴപെയ്തതു.
മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. നെയ്യാര്‍, കല്ലാര്‍കുട്ടി, കുണ്ടള, പാംബ്ല ഡാമുകളിലെ ജലനിരപ്പും ഉയര്‍ന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ ശക്തമായ മഴ കുറയുകയാണ്. മധ്യ തെക്കന്‍ കേരളത്തിലല്‍ കൂടുതല്‍ മഴ കിട്ടിയേക്കും. മലപ്പുറത്ത് പുതുപ്പൊന്നാനിയില്‍ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. തിരുവനന്തപുരം വാമനപുരം നദിയില്‍ കാണാതായ ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്നലെ ഉച്ചയോടെ വാമനപുരം നദിയില്‍ കാണാതായ കൊപ്പം സ്വദേശി സോമനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഫയര്‍ഫോഴ്‌സും സ്‌കൂബ സംഘവും തെരച്ചില്‍ തുടരുകയാണ്.
മഴ കുറഞ്ഞെങ്കിലും ആലപ്പുഴയിലെ ചില താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. കിഴക്കന്‍ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതും വെള്ളക്കെട്ടിന് കാരണമായി. തകഴിയിലും രാമങ്കരിയിലും രണ്ട് പാടശേഖരങ്ങളില്‍ മട വീഴ്ചയുണ്ടായി.