Connect with us

From the print

റിയാസത്ത് അലി രക്ഷകന്‍; ആവേശപ്പോരില്‍ ഉഗാണ്ട

ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂഗിനിയെ 19.1 ഓവറില്‍ 77 റണ്‍സിന് പുറത്താക്കിയ ഉഗാണ്ട 18.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

Published

|

Last Updated

ഗയാന | ടി20 ലോകകപ്പിലെ ആവേശകരമായ മത്സരത്തില്‍ പാപുവ ന്യൂഗിനിക്കെതിരെ ഉഗാണ്ടക്ക് മൂന്ന് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂഗിനിയെ 19.1 ഓവറില്‍ 77 റണ്‍സിന് പുറത്താക്കിയ ഉഗാണ്ട 18.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 33 റണ്‍സെടുത്ത ഉഗാണ്ടയുടെ റിയാസത്ത് അലി ഷായാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഉഗാണ്ടയുടെ ആദ്യ ജയമാണിത്.

ഉഗാണ്ട ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ പാപുവ ന്യൂഗിനി ബാറ്റര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. 15 റണ്‍സ് നേടിയ ഹിരി ഹിരിയാണ് ടോപ് സ്‌കോറര്‍. ഉഗാണ്ടക്കായി പന്തെറിഞ്ഞ അഞ്ച് പേരും വിക്കറ്റു വീഴ്ത്തി. ഓഫ് സ്പിന്നര്‍ ഫ്രാങ്ക് സുബുഗ നാല് ഓവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പടെ നാല് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. 2012ല്‍ ശ്രീലങ്കയുടെ അജന്ത മെന്‍ഡിസിന് ശേഷം ടി20 ലോകകപ്പില്‍ 20 ഡോട് ബോളുകള്‍ എറിയുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടവും 43കാരനായ സുബുഗ സ്വന്തമാക്കി.

മറുപടി ബാറ്റിംഗില്‍ ആറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്നും 26 റണ്‍സിന് അഞ്ച് വിക്കറ്റും നഷ്ടമായ ഉഗാണ്ട തോല്‍വി മണത്തെങ്കിലും റിയാസത്ത് അലിയുടെ പ്രകടനം രക്ഷയായി. 56 പന്തുകളില്‍ നിന്ന് 33 റണ്‍സെടുത്ത റിയാസത്ത് അലി 18ാം ഓവറില്‍ പുറത്തായെങ്കിലും ഉഗാണ്ട വിജയത്തിനരികിലെത്തിയിരുന്നു. ജുമ മിയാഗി 13 റണ്‍സ് നടി. പാപുവ ബൗളര്‍മാര്‍ 15 വൈഡുകളെറിഞ്ഞതും ഉഗാണ്ട ജയത്തില്‍ നിര്‍ണായകമായി.

 

Latest