Kerala
റിയാസിന്റെത് എം എല്‍ എമാര്‍ക്ക് അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രസ്താവന; അവകാശലംഘനത്തിന് നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം | കരാറുകാരെക്കൂട്ടി എം എല്‍ എമാര്‍ കാണാന്‍ വരരുതെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ നിയമസഭയിലെ പ്രസ്താവനയ്‌ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കാനൊരുങ്ങി പ്രതിപക്ഷം. പ്രസ്താവന എം എല്‍ എമാര്‍ക്ക് അപകീര്‍ത്തി ഉണ്ടാക്കുന്നതാണെന്നും സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുമെന്നും കെ ബാബു എം എല്‍ എ പറഞ്ഞു. കരാറുകാരെ കൂട്ടി ഏത് എം എല്‍ എയാണ് സമീപിച്ചതെന്ന് റിയാസ് വെളിപ്പെടുത്തണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.
എം എല്‍ എമാര്‍ കരാറുകാരുമായി വരരുതെന്ന നിയമസഭയിലെ തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി മുഹമ്മദ് റിയാസ് ഇന്ന് പറഞ്ഞിരുന്നു. സംസ്ഥാനത്ത് ചില കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള വഴിവിട്ട ബന്ധം യാഥാര്‍ഥ്യമാണ്. സ്വന്തം മണ്ഡലത്തിലെ പ്രവൃത്തികളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ എം എല്‍ എമാര്‍ക്ക് കരാറുകാരുമായി വരാം. അതല്ലാതെ മറ്റ് മണ്ഡലങ്ങളിലെ കാര്യവുമായി വരുന്നത് ശരിയല്ല. ഇക്കാര്യങ്ങള്‍ ആലോചിച്ച് ഉറപ്പിച്ച് പറഞ്ഞതാണ്. അല്ലാതെ പെട്ടെന്ന് ഒരു ദിവസം പറഞ്ഞതല്ല. നിലപാടില്‍ നിന്ന് ഒരടി പിന്നോട്ട് പോകില്ല. ഇത് സംബന്ധിച്ച് എം എല്‍ എമാരുടെ യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. തന്റെ മറുപടി പ്രസംഗത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം പോലും എതിര്‍ത്ത് സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.