Connect with us

riyas maulavi murder case

റിയാസ് മൗലവി വധം: വിധികേട്ട് പൊട്ടിക്കരഞ്ഞ് ഭാര്യ സൈദ

പഴുതടച്ച അന്വേഷണം നടന്നിട്ടും പ്രതികള്‍ എങ്ങനെ കുറ്റവിമുക്തരായി എന്ന ചോദ്യമാണ് ഉയരുന്നത്

Published

|

Last Updated

കാസര്‍കോട് | റിയാസ് മൗലവി വധക്കേസില്‍ ആര്‍ എസ് എസ് കാരായ പ്രതികളെ വെറുതെ വിട്ട കോടതി വിധികേട്ട് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ. മൂന്ന് പ്രതികളെയും കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെവിട്ടിരുന്നു.

വിധി കേട്ട ഉടന്‍ പൊട്ടിക്കരഞ്ഞ റിയാസ് മൗലവിയുടെ ഭാര്യ സൈദ കോടതിയില്‍ പ്രതീക്ഷയുണ്ടായിരുന്നതായും എന്നാല്‍ നീതി ലഭിച്ചില്ലെന്നും പറഞ്ഞു. വിധി കേള്‍ക്കാന്‍ ഭാര്യ കുഞ്ഞിനൊപ്പമാണ് എത്തിയത്. കോടതി വിധി ഞെട്ടിച്ചെന്ന് റിയാസ് മൗലവിയുടെ ബന്ധുക്കളും പറഞ്ഞു. പ്രതികള്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എന്നാല്‍ വിധിയില്‍ വളരെ ദുഃഖമുണ്ടെന്നും സഹോദരന്‍ പറഞ്ഞു. വിധിയില്‍ വേദനയുണ്ടെന്നും ഗൂഢാലോചന പുറത്തുവരണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും പറഞ്ഞു. കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നതില്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്നും ആക്ഷന്‍ കമ്മിറ്റി പറഞ്ഞു.

വന്‍ജനത്തിരക്കായിരുന്നു കോടതി വളപ്പില്‍. പോലീസ് കനത്ത സുരക്ഷയും ഒരുക്കി. വധക്കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ടു എന്ന ഒറ്റവരി വിധിയാണ് കോടതി പുറപ്പെടുവിച്ചത്. ആര്‍ എസ് എസ് പ്രവര്‍ത്തകരായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു കാസര്‍കോട്ട് ചൂരിയില്‍ റിയാസ് മൗലവിയുടേത്. പള്ളിക്കകത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊല്ലുകയായിരുന്നു പ്രതികള്‍. വര്‍ഗീയ സംഘര്‍ഷമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തില്‍ സ്ഥിരീകരിക്കപ്പെട്ടിരുന്നു.
മുമ്പും വര്‍ഗീയ സംഘര്‍ഷങ്ങളും അത്തരത്തിലുള്ള ആക്രമണങ്ങളും കൊലയും നടന്നിട്ടുള്ള പ്രദേശമാണ് ചൂരി. അതിനാല്‍ തന്നെ റിയാസ് മൗലവിയുടെ കൊലപാതകം അടങ്ങാത്ത പ്രതിഷേധത്തിനാണ് ഇടയാക്കിയത്. 2017 മാര്‍ച്ച് 20നാണ് കുടക് സ്വദേശിയായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരിയില്‍ മദ്രസാ അധ്യാപകനായ റിയാസ് മൗലവി തൊട്ടടുത്തുള്ള പള്ളിയിലായിരുന്നു താമസിച്ചിരുന്നത്. ഈ പള്ളിയില്‍ അതിക്രമിച്ച് കയറിയാണ് മൂന്നംഗ സംഘം കൃത്യം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് ദിവസങ്ങളോളം പ്രദേശത്ത് നിരോധനാജ്ഞയായിരുന്നു.

മൂന്ന് ദിവസത്തിനകം കുറ്റവാളികളെ പിടിച്ചുവെന്നതും സമയ ബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാനായതും റിയാസ് മൗലവിക്ക് നീതി ഉറപ്പാകുമെന്ന വിശ്വാസമുണ്ടാക്കി. കൊല നടന്ന് 90 ദിവസത്തിനകം കേസില്‍ കുറ്റപത്ര സമര്‍പ്പിക്കപ്പെട്ടു. പ്രതികളാണ് കൃത്യം നടത്തിയത് എന്നതിന് സംഭവസ്ഥലത്ത് നിന്ന് പ്രതികളുടെ രക്തസാമ്പിള്‍ അടക്കം ശാസ്ത്രീയമായ തെളിവുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഡി എന്‍ എ പരിശോധനയിലൂടെ ഇത് വ്യക്തമായി. പഴുതടച്ച അന്വേഷണം നടന്നിട്ടും പ്രതികള്‍ എങ്ങനെ കുറ്റവിമുക്തരായി എന്ന ചോദ്യമാണ് ഉയര്‍ന്നു നില്‍ക്കുന്നത്.

വധത്തിനു പിന്നില്‍ വര്‍ഗീയസംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യം സ്ഥിരീകരിക്കപ്പെട്ടിരുന്നു. പ്രോസിക്യൂഷനും പിഴവ് പറ്റിയതായി യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇത്രയും തെളിവുകളുള്ള കേസില്‍ എങ്ങനെയാണ് പ്രതികളെ വെറുതെ വിടാനാവുക എന്ന ചോദ്യമാണ് ഉയരുന്നത്. റിയാസ് മൗലവി വധത്തിന് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുമ്പോള്‍ നീതി നിഷേധിക്കപ്പെട്ടു എന്ന വികാരമാണ് ഉയരുന്നത്.

 

 

Latest