riyas moulavi murder
റിയാസ് മൗലവി വധക്കേസ്: അന്തിമവാദത്തിന് ശേഷമുള്ള നടപടിക്രമങ്ങള്‍ പുനരാരംഭിച്ചു
വിധി പറയുന്ന തീയതി തീരുമാനിക്കുന്നതിന് മുന്നോടിയായുള്ള നടപടികള്‍ ബാക്കിയുണ്ട്.
കാസര്‍കോട് | പഴയ ചൂരിയിലെ മദ്‌റസ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ അന്തിമവാദത്തിന് ശേഷമുള്ള നടപടിക്രമങ്ങള്‍ കാസർകോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുനരാരംഭിച്ചു. റിയാസ് മൗലവി വധക്കേസില്‍ അന്തിമവാദം അടക്കമുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ച ജഡ്ജി കൃഷ്ണകുമാര്‍ കഴിഞ്ഞ മാസം സര്‍വീസില്‍ നിന്ന് വിരമിച്ചിരുന്നു. പുതിയ ജഡ്ജി ഒരാഴ്ച മുമ്പാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ചുമതലയേറ്റത്.
എറണാകുളം സി ബി ഐ കോടതി ജഡ്ജിയായിരുന്ന കെ കെ ബാലകൃഷ്ണനെയാണ് പുതിയ ജഡ്ജിയായി നിയമിച്ചത്. ഇതോടെയാണ് റിയാസ് മൗലവി വധക്കേസ് ഇന്ന് പരിഗണിച്ചത്. അന്തിമവാദം പൂര്‍ത്തിയായെങ്കിലും വിധി പറയുന്ന തീയതി തീരുമാനിക്കുന്നതിന് മുന്നോടിയായുള്ള നടപടികള്‍ ബാക്കിയുണ്ട്.
ഈ കേസില്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. അശോകന്റെ മരണത്തെ തുടര്‍ന്ന് നടപടികള്‍ മുടങ്ങിക്കിടക്കുകയായിരുന്നു. അഡ്വ. ടി ഷാജിത്തിനെയാണ് റിയാസ് മൗലവി വധക്കേസില്‍ പുതിയ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ഷാജിത്ത് ജില്ലാ കോടതിയില്‍ ഹാജരായിരുന്നു. പ്രതികളെയും ഹാജരാക്കിയിരുന്നു.
2017 മാർച്ച് 21ന് അർധരാത്രിയാണ് റിയാസ് മൗലവിയെ പള്ളിയിലെ താമസ സ്ഥലത്ത് അതിക്രമിച്ചുകയറിയ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേളുഗുഡ്ഡെ അയ്യപ്പനഗറിലെ അജേഷ് (അപ്പു-26), കേളുഗുഡ്ഡെയിലെ നിധിൻ (25), കേളുഗുഡ്ഡെയിലെ അഖിലേഷ് (30) എന്നിവരാണ് കേസിലെ പ്രതികൾ.