Connect with us

Kerala

റിയാസ് മൗലവി വധക്കേസ് ; പ്രതികള്‍ പാസ്‌പോര്‍ട്ട് കെട്ടിവെക്കണമെന്നും വിചാരണ കോടതിയുടെ പരിധി വിട്ട് പോകരുതെന്നും ഹൈക്കോടതി

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

Published

|

Last Updated

കൊച്ചി | റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. തെളിവ് പരിശോധിക്കുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടെന്നും പ്രതികള്‍ക്ക് ഏഴ് വര്‍ഷം ജാമ്യം ലഭിക്കാതിരുന്നത് തെളിവ് ശക്തമായത് കൊണ്ടാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസയച്ചു. പ്രതികള്‍ പാസ്‌പോര്‍ട്ട് കെട്ടിവെക്കണമെന്നും വിചാരണ കോടതിയുടെ പരിധിവിട്ട് പോകരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.അപ്പീല്‍ ഹരജി വേനലവധിക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.

മദ്രസ അധ്യാപകനായ റിയാസ് മൗലവിയെ പളളിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്നും കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ പ്രതികളെ വെറുതെവിട്ട നടപടി ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍  ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഒന്നു മുതല്‍ മൂന്ന് വരെ പ്രതികളായ അജേഷ്, നിഥിന്‍കുമാര്‍, അഖിലേഷ് എന്നിവരെ മാര്‍ച്ച് 30നാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്.