Connect with us

riyas moulavi murder

റിയാസ് മൗലവി വധം: പ്രതിഭാഗം വാദം പൂർത്തിയായി; ശിക്ഷാവിധി വൈകാതെ

കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.

Published

|

Last Updated

കാസർകോട് | പഴയ ചൂരിയിലെ മദ്‌റസാ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗം വാദം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയായി. നേരത്തേ പ്രോസിക്യൂഷൻ വാദം പൂർത്തിയായിരുന്നു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.

പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് 97 സാക്ഷികളെയാണ് വിസ്തരിച്ചത്. ഒന്ന് മുതൽ നാല് വരെയുള്ള പ്രധാന സാക്ഷികൾക്ക് പുറമേ ബി എസ് എൻ എൽ, എയർടെൽ, ഐഡിയ കമ്പനികളുടെ പ്രതിനിധികൾ, കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച മുൻ ക്രൈം ബ്രാഞ്ച് എസ് പിയും നിലവിൽ കൊച്ചി മേഖലാ ഡി ഐ ജിയുമായ ഡോ. എ ശ്രീനിവാസ്, അന്വേഷണ ഉദ്യോഗസ്ഥനായ കാസർകോട് ഡിവൈ എസ് പി. പി കെ സുധാകരൻ, മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ പരിയാരം മെഡിക്കൽ കോളജ് പോലീസ് സർജൻ ഡോ. ഗോപാലകൃഷ്ണൻ തുടങ്ങി 97 പേരെയാണ് വിസ്തരിച്ചത്. പ്രതിഭാഗം ഒരു സാക്ഷിയെ ഹാജരാക്കിയിരുന്നു. സമീപത്തെ ക്ഷേത്രത്തിലെ ഓഫീസ് സെക്രട്ടറിയെയാണ് പ്രതിഭാഗം വിസ്തരിച്ചത്.

സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എം അശോകൻ, അഡ്വ. ടി ഷാജിത്ത്, അഡ്വ. കെ പി അരുൺ കുമാർ എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. 2017 മാർച്ച് 20ന് രാത്രി ചൂരിയിലെ മുഹ്‌യിദ്ദീൻ ജുമുഅ മസ്ജിദിനോടനബുന്ധിച്ചുള്ള താമസ സ്ഥലത്ത് അതിക്രമിച്ച് കയറി റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികളെ മൂന്ന് ദിവസത്തിനകം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ അജേഷ് (അപ്പു-22), നിധിൻ കുമാർ (21), അഖിലേഷ് (അഖിൽ-27) എന്നിവരാണ് പ്രതികൾ. ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി തള്ളുകയായിരുന്നു. ശാസ്ത്രീയ തെളിവുകളാണ് പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുള്ളത്.

Latest