Organisation
രിസാല സ്റ്റഡി സര്‍ക്കിള്‍ തര്‍ത്തീല്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഫെബ്രുവരി 10 മുതല്‍ യൂനിറ്റ് തലം മുതല്‍ നടക്കുന്ന സ്‌ക്രീനിങ് പരിപാടികളോടെ തുടക്കം കുറിക്കുന്ന 'തര്‍തീല്‍' സെക്ടര്‍, സോണ്‍ മത്സരങ്ങള്‍ക്കു ശേഷം ഏപ്രില്‍ ഏഴിന് നാഷണല്‍ മത്സരത്തോടെ സമാപിക്കും.
ദമാം | ഖുര്‍ആന്‍ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവാസി വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ലക്ഷ്യം വെച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ തലത്തില്‍ സംഘടിപ്പിക്കുന്ന തര്‍തീല്‍-ഹോളി ഖുര്‍ആന്‍ മത്സര പരിപാടികളുടെ സഊദി തല രജിസ്ട്രേഷന്‍ ആരംഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിശുദ്ധ ഖുര്‍ആന്‍ പാരായണം മുതല്‍ ഗവേഷണം വരെ പ്രത്യേക പാരമ്പര്യവും നിയമങ്ങളുമുള്ള ഖുര്‍ആന്‍ വിജ്ഞാനീയങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുകയും,
ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന മാനവിക മൂല്യങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കി ഇസ്ലാമിന്റെ ജൈവികതയെ പ്രാകാശിപ്പിക്കുകയും ഈ മേഖലയിലേക്ക് പുതുതലമുറയെ വളര്‍ത്തിക്കൊണ്ടുവരികയുമാണ് ഖുര്‍ആന്‍ വാര്‍ഷിക മാസമായ വിശുദ്ധ റമസാനില്‍ നടത്തിവരുന്ന തര്‍തീലിന്റെ ആറാമത് പതിപ്പിലൂടെ ലക്ഷ്യമിടുന്നത്.
ഫെബ്രുവരി 10 മുതല്‍ യൂനിറ്റ് തലം മുതല്‍ നടക്കുന്ന സ്‌ക്രീനിങ് പരിപാടികളോടെ തുടക്കം കുറിക്കുന്ന ‘തര്‍തീല്‍’ സെക്ടര്‍, സോണ്‍ മത്സരങ്ങള്‍ക്കു ശേഷം ഏപ്രില്‍ ഏഴിന് നാഷണല്‍ മത്സരത്തോടെ സമാപിക്കും. ഓരോ തലത്തിലും വിജയിക്കുന്ന പ്രതിഭകളാണ് തൊട്ടുമേല്‍ഘടകത്തില്‍ മാറ്റുരക്കുക.
കിഡ്‌സ്, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി തിലാവത് (പാരായണം), ഹിഫ്‌ള് (മനഃപാഠം), കഥപറയല്‍, ഖുര്‍ആന്‍ സെമിനാര്‍, ഖുര്‍ആന്‍ ക്വിസ്, രിഹാബുല്‍ ഖുര്‍ആന്‍, മുബാഹസ എന്നിവയാണ് ഈ വര്‍ഷത്തെ പ്രധാന മത്സര ഇനങ്ങള്‍.
മത്സരത്തോടനുബന്ധിച്ച് നാഷണല്‍ മത്സരങ്ങളുടെ ഭാഗമായി ഖുര്‍ആന്‍ എക്‌സ്‌പോയും ഒരുക്കുന്നുണ്ട്. കേവല മത്സര വേദി എന്നതിനപ്പുറം ഖുര്‍ആന്‍ അറിവുകള്‍, ചരിത്രം, രചനകള്‍, ചിത്രങ്ങള്‍, സ്‌പോട്ട് കാലിഗ്രഫി തുടങ്ങി പഠനാര്‍ഹവും ആസ്വാദ്യകരവുമായ വേദിയാകും ഈ വര്‍ഷത്തെ തര്‍തീല്‍.
വാര്‍ഷിക മത്സരങ്ങളോടനുബന്ധിച്ച് ഓരോ കൊല്ലവും ആഭ്യന്തരമായി നടക്കുന്ന തല്‍മീഅ്, തഹ്‌സീന്‍ തുടങ്ങിയ പരിശീലന പദ്ധതികളിലൂടെയാണ് ഈ രംഗത്തെ പ്രതിഭകളെ ഒരുക്കിയെടുക്കുന്നത്. തര്‍തീല്‍ മത്സരങ്ങളുടെ ഭാഗമാകാന്‍ താത്പര്യപ്പെടുന്നവര്‍ www.thartheel.rscsaudieast.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
വാര്‍ത്താ സമ്മേളനത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ സഊദി ഈസ്റ്റ് ചെയര്‍മാന്‍ ഇബ്രാഹിം അംജദി, ജനറല്‍ സെക്രട്ടറി റഊഫ് പാലേരി, മീഡിയ സെക്രട്ടറി അനസ് വിളയൂര്‍, സംഘടനാ സെക്രട്ടറി ഫൈസല്‍ വേങ്ങാട്, കലാലയം സെക്രട്ടറി മുഹമ്മദ് സ്വാദിഖ് സഖാഫി പങ്കെടുത്തു.