Kerala
സഊദി-ഒമാന്‍ അതിര്‍ത്തിയിലെ വാഹനാപകടം: മരിച്ചവര്‍ക്ക് കണ്ണീരോടെ വിട
പെരുന്നാള്‍ അവധിയില്‍ റോഡ് മാര്‍ഗം ഉംറക്ക് പുറപ്പെട്ട രിസാല സ്റ്റഡി സര്‍ക്കിള്‍ ഒമാന്‍ നാഷനല്‍ സെക്രട്ടറിമാരായ ശിഹാബ് കാപ്പാട്, മിസ്അബ് കൂത്തുപറമ്പ് എന്നിവരും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.

അല്‍ ഹസ്സ | ഒമാനില്‍ നിന്ന് ഉംറ തീര്‍ഥാടനത്തിനു പുറപ്പെട്ട മലയാളികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് കൂട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കണ്ണീരോടെ വിടനല്‍കി. പെരുന്നാള്‍ അവധിയില്‍ റോഡ് മാര്‍ഗം ഉംറക്ക് പുറപ്പെട്ട രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഒമാന്‍ നാഷനല്‍ സെക്രട്ടറിമാരായ ശിഹാബ് കാപ്പാട്, മിസ്അബ് കൂത്തുപറമ്പ് എന്നിവരും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.
ശിഹാബിന്റെ ഭാര്യ സഹല മുസ്ലിയാരകത്ത് (30), മകള്‍ ഫാത്വിമ ആലിയ (7), മിസ്വ്അബ് കൂത്തുപറമ്പിന്റെ മകന്‍ ദക്വാന്‍ (6) എന്നിവരെ അല്‍ ഹസ്സ സ്വാലിഹിയ ഖബര്‍സ്ഥാനില്‍ ഇന്ന് ളുഹര്‍ നിസ്‌കാര ശേഷം ഖബറടക്കി. ആലിയ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ദക്വാന്‍ ബത്ഹ ആശുപത്രിയിലും സഹ്ല അല്‍ ഹസയിലെ കിങ് ഫഹദ് ആശുപത്രിയിലുമാണ് മരിച്ചത്. ശിഹാബ്, മിസ്അബ്, രണ്ടുപേരുടെയും ഇളയ മക്കള്‍ എന്നിവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. പരുക്കേറ്റ മിസ്അബിന്റെ ഭാര്യ ഹഫീന അല്‍ ഹസ്സയിലെ ഹുഫൂഫ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒമാന്‍-സഊദി അതിര്‍ത്തി പ്രദേശമായ ബത്ഹയില്‍ പെരുന്നാള്‍ ദിവസം രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഐ സി എഫ്, ആര്‍ എസ് സി പ്രവര്‍ത്തകരാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. സഹപ്രവര്‍ത്തകരുടെ ദു:ഖത്തില്‍ പങ്കുചേരുന്നതിനും സമാധാനിപ്പിക്കുന്നതിനുമായി ഒമാനില്‍ നിന്ന് ആര്‍ എസ് സി ഗ്ലോബല്‍ സെക്രട്ടറി നിഷാദ് അഹ്സനിയുടെ നേതൃത്വത്തില്‍ ഒരു സംഘം അല്‍ ഹസയില്‍ നേരിട്ടെത്തി. ഓഫീസുകള്‍ ഈദുല്‍ ഫിത്വര്‍ അവധിയിലായിരുന്നിട്ടും ആവശ്യമായ കടലാസു വര്‍ക്കുകള്‍ കാലതാമസമില്ലാതെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ ഇടപെടലിലൂടെയാണ്. ശരീഫ് സഖാഫി, ഹാശിം മുസ്‌ലിയാര്‍, ഫൈസല്‍ ഉള്ളണം, ജിഷാദ് ജാഫര്‍, റഷീദ് വാടാനപ്പള്ളി, അബൂത്വാഹിര്‍ എന്നിവര്‍ വിവിധ സന്ദര്‍ഭങ്ങളില്‍ സഹായവുമായി രംഗത്തുണ്ടായിരുന്നു. ബഷീര്‍ ഉള്ളണം, കബീര്‍ ചേളാരി നടപടിക്രമങ്ങള്‍ ഏകോപിപ്പിച്ചു. മരിച്ചവരുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാനും പ്രാര്‍ഥന നടത്താനും സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ബദ്റുസ്സാദാത്ത് സയ്യിദ് ഖലീലുല്‍ ബുഖാരി അഭ്യര്‍ഥിച്ചു.