Kerala
റോഡ് അപകടങ്ങള്‍ ആവര്‍ത്തിക്കുന്നു; എ ഡി ജി പി വിളിച്ച സുപ്രധാന യോഗം ഇന്ന്
അപകടത്തിന് ശേഷം കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്ന് തുറക്കും. രാവിലെ ഒന്‍പതിന് സ്‌കൂളില്‍ അനുശോചന യോഗവും ചേരും.
തിരുവനന്തപുരം | സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി വിളിച്ച സുപ്രധാന യോഗം ഇന്ന് ചേരും. അപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കാനായി നടക്കുന്നയോഗം ഒരു മണിക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് ചേരുന്നത്.
ജില്ലാ പോലീസ് മേധാവിമാര്‍, റെയ്ഞ്ച് ഡി ഐ ജി- ഐ ജിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ബ്ലാക്ക് സ്‌പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നടത്താന്‍ പോകുന്ന പദ്ധതിയാണ് ഇന്ന് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ഗതാഗതവകുപ്പുമായി ചേര്‍ന്ന് രാത്രിയും പകലും പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നതു തടയാനായി പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പാലക്കാട് പനയമ്പാടത്ത് അപകടവുമായി ബന്ധപ്പെട്ട് നടത്തിയ സംയുക്ത സുരക്ഷ പരിശോധനയുടെ റിപ്പോര്‍ട്ടില്‍ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പനയമ്പാടത്ത് സ്ഥിരം മീഡിയന്‍ സ്ഥാപിക്കണം, ചുവന്ന സിഗ്‌നല്‍ ഫ്‌ളാഷ് ലൈറ്റുകള്‍, വേഗത കുറയ്ക്കാനുള്ള ബാരിയര്‍ റിമ്പിള്‍ സ്ട്രിപ്പ്, റോഡ് സ്റ്റഡ്, റിഫ്‌ലക്ടര്‍ എന്നിവ ഉടന്‍ സ്ഥാപിക്കണം എന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം. റോഡില്‍ മിനുസമുള്ള ഭാഗം പരുക്കനും നിര്‍ദ്ദേശമുണ്ട്. ഇതിനു പുറമെ ഗതാഗത മന്ത്രി സ്ഥലം സന്ദര്‍ശിച്ചു നല്‍കിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.
വളവ് നികത്തല്‍ ഉള്‍പ്പെടെ കാര്യങ്ങളില്‍ ദേശീയ പാത അതോറിറ്റി, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധന നടത്തും.
അപകടത്തിന് ശേഷം കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്ന് തുറക്കും. രാവിലെ ഒന്‍പതിന് സ്‌കൂളില്‍ അനുശോചന യോഗവും ചേരും.