Uae
ദുബൈയിലെ റോഡ് വികസനം യാത്രാ സമയം 60 ശതമാനം കുറച്ചു
പല മേഖലകളിലും റോഡ് ശേഷി 20 ശതമാനം വരെ വർധിപ്പിച്ചു. എൻട്രി, എക്‌സിറ്റ് പോയിന്റുകൾ മെച്ചപ്പെടുത്തി.
![](https://assets.sirajlive.com/2025/02/dubai-road-812x538.jpg)
ദുബൈ|ദുബൈയിൽ കഴിഞ്ഞ വർഷം നടപ്പിലാക്കിയ നിരവധി ഗതാഗത പരിഹാരങ്ങൾ റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുകയും വാഹനങ്ങളുടെ ഒഴുക്ക് മെച്ചപ്പെടുത്തുകയും ചെയ്തു. അമ്പത് സ്ഥലങ്ങളിൽ യാത്രാ സമയം 60 ശതമാനം വരെ കുറച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സി ഇ ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. പല മേഖലകളിലും റോഡ് ശേഷി 20 ശതമാനം വരെ വർധിപ്പിച്ചു. എൻട്രി, എക്‌സിറ്റ് പോയിന്റുകൾ മെച്ചപ്പെടുത്തി.
ബെയ്‌റൂത്ത് സ്ട്രീറ്റ്, അൽ ഖവാനീജ്, നാദ് അൽ ശിബ, അൽ റബാത്ത് സ്ട്രീറ്റിൽ നിന്ന് ബിസിനസ് ബേ ക്രോസിംഗിലേക്കുള്ള പാത, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് അൽ റബാത്ത് സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ്, അൽ ഖൈൽ റോഡിനെ മയ്ദാൻ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന പുതിയ പാത തുടങ്ങിയവയാണ് മെച്ചപ്പെടുത്തലുകൾക്ക് വിധേയമായ പ്രധാന സ്ഥലങ്ങൾ.
ദുബൈയിലുടനീളമുള്ള 37-ലധികം സ്‌കൂളുകളെ ഉൾപ്പെടുത്തി എട്ട് ഗതാഗത മെച്ചപ്പെടുത്തൽ പദ്ധതികൾ നടത്തിയതായും അൽ ബന്ന പറഞ്ഞു. സ്‌കൂൾ സോണുകൾക്ക് ചുറ്റുമുള്ള റോഡുകൾ വീതി കൂട്ടുക, കൂടുതൽ പാർക്കിംഗ് സ്ഥലങ്ങൾ സൃഷ്ടിക്കുക, പ്രവേശന, എക്‌സിറ്റ് പോയിന്റുകൾ മെച്ചപ്പെടുത്തുക, വഴിതിരിച്ചുവിടലുകൾ ഏർപ്പെടുത്തുക എന്നിവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു. തൽഫലമായി, തിരക്കേറിയ സമയങ്ങളിലെ ഗതാഗതം 20 ശതമാനം മെച്ചപ്പെട്ടു.
അടിസ്ഥാന സൗകര്യ നിലവാരം, സുഗമമായ മൊബിലിറ്റി, സുസ്ഥിര ഗതാഗതം എന്നിവയിൽ ലോകത്തിലെ മുൻനിര നഗരങ്ങളിലൊന്നായി മാറുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.